'സ്വർണമെഡൽ അരികെവെച്ച് കിടന്നുറങ്ങി, ദേശീയ ഗാനം കേട്ടപ്പോൾ രോമാഞ്ചം'-നീരജ് ചോപ്ര
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തി അത്ലറ്റിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കി അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. ശനിയാഴ്ച ജാവലിൻ ത്രോയിൽ സ്വർണം എറിഞ്ഞിട്ടാണ് ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി നീരജ് മാറിയത്.
റിയോ ഒളിമ്പിക്സിന് യോഗ്യത നേടാൻ സാധിക്കാതിരുന്ന 23കാരൻ 87.58 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ചരിത്രം തിരുത്തിയത്. പരിക്കടക്കമുള്ള പ്രതിബന്ധങ്ങളെ മറികടന്നാണ് ഹരിയാനക്കാരൻ ഒളിമ്പിക് ചാമ്പ്യനായത്.
സ്വീഡനിൽ നിന്ന് ടോക്യോയിൽ എത്തിയ ശേഷം പ്രതീക്ഷയുടെ ഭാരം കാരണം ആദ്യ ദിവസങ്ങളിൽ നന്നായി ഉറങ്ങാൻ സാധിച്ചില്ല. എന്നാൽ ശനിയാഴ്ച ദിവസം അത്തരം ടെൻഷനുകൾ ഒന്നും ഇല്ലാത്തതിനാൽ നല്ല സന്തോഷത്തിലായിരുന്നുവെന്നും സ്വർണമെഡൽ അടുത്ത് വെച്ചാണ് ഉറങ്ങിയതെന്നും നീരജ് പറഞ്ഞു. ഭയങ്കര സന്തോഷത്തിലായിരുന്നെങ്കിലും ക്ഷീണം നിമിത്തം നന്നായി ഉറങ്ങാൻ സാധിച്ചതായി താരം എൻ.ഡി.ടി.വിയോട് പറഞ്ഞു.
2008ന് ശേഷം ആദ്യമായി ഒളിമ്പിക് പോഡിയത്തിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിക്കേട്ടപ്പോൾ തന്‍റെയുള്ളിൽ അനിർവചിനീയമായ വികാരങ്ങളുടെ വേലിയേറ്റമുണ്ടായതായി നീരജ് പറഞ്ഞു.
'പോഡിയത്തിൽ നിൽക്കുേമ്പാൾ ഇതുവരെയുള്ള യാത്രയുടെ അനവധി ദൃശ്യങ്ങൾ മിന്നിമാഞ്ഞു . പരിക്കേറ്റ സമയത്ത് എന്‍റെ കരിയർ എന്തായി തീരും എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. സ്വർണം സ്വന്തമാക്കിയതോടെ അത് ഒന്നുമല്ലാതായി. എനിക്ക് എന്തെല്ലാം ദൈവം നൽകിയോ അെതല്ലാം നല്ലതിനായിരുന്നു. ദേശീയ ഗാനം മുഴങ്ങിക്കേട്ടപ്പോൾ എനിക്ക് രോമാഞ്ചമുണ്ടായി. എന്‍റെ കണ്ണുകൾ ഈറനണിഞ്ഞില്ലെങ്കിലും ഒരുപാട് വികാരങ്ങൾ എന്‍റെ ഉള്ളിൽ തോന്നി' -നീരജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.