ഗോൾകീപ്പർ കിറ്റ് വാങ്ങാൻ അന്ന് കറവപ്പശുവിനെ വിറ്റു; മറുപടിയായി ഒളിമ്പിക്സ് മെഡൽ
text_fieldsകൊച്ചി: മകന് ഹോക്കി ഗോൾകീപ്പർ കിറ്റ് വാങ്ങാൻ കറവപ്പശുവിനെതന്നെ വിറ്റ അച്ഛന് 130 കോടി ജനത്തിെൻറ സുവർണസ്വപ്നമായ ഒളിമ്പിക്സ് വെങ്കല മെഡൽ സമ്മാനിച്ച് പി.ആർ. ശ്രീജേഷ്. മകെൻറ നേട്ടത്തിന് കണ്ണീർനനവുള്ള മുത്തം നൽകി അമ്മ. ചുറ്റും നിറയുന്ന ആഹ്ലാദാരവങ്ങൾക്കിടയിൽ സ്വന്തം വീടിെൻറ സ്നേഹത്തണലിൽ മലയാളികളുടെ അഭിമാനമായ ഒളിമ്പ്യന് വികാര വരവേൽപ്.
''അച്ഛന് ഹൃദയപ്രശ്നങ്ങൾ ഉള്ളതാണ്. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുേമ്പാൾ ആകെ ടെൻഷൻ അതുമാത്രമായിരുന്നു. എങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല''- കിഴക്കമ്പലം പള്ളിക്കര പറാട്ട് വീട്ടിൽ മാതാപിതാക്കളായ പി.വി. രവീന്ദ്രനെയും ഉഷാകുമാരിയെയും ചേർത്തുനിർത്തി ശ്രീജേഷ് പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് വഴിനീളെ ജനാരവത്തിലൂടെ പള്ളിക്കരയിലെ വീട്ടിൽ എത്തിയ ശ്രീജേഷിെന അലങ്കരിച്ച പന്തലിൽ കേക്കുമായാണ് ബന്ധുക്കൾ സ്വീകരിച്ചത്.
അച്ഛെൻറ കൈകളിൽ കയറിയ മൂന്നര വയസ്സുകാരൻ ശ്രീആൻഷിന് ചുറ്റുമുള്ള ആൾക്കൂട്ടവും കാമറകളും കണ്ട് കൗതുകം. എല്ലാവർക്കും ഹായ് പറഞ്ഞ് കൂടെതന്നെ. ഒപ്പം ഭാര്യ ഡോ. പി.കെ. അനീഷ്യയും മകൾ അനുശ്രീയും. അലങ്കാരവിളക്കുകൾ നിറഞ്ഞ പന്തലിന് പുറത്ത് റോഡിൽ ഇടതടവില്ലാതെ ചെണ്ടമേളവും അനൗൺസ്മെൻറുമായി നാട്ടുകാർ.
''അമ്പരിപ്പിക്കുന്ന സ്വീകരണമാണ് ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ജയിച്ചുവന്നപ്പോഴും വലിയ സ്വീകരണം ലഭിച്ചിരുന്നു. എന്നാൽ, വിമാനത്താവളം മുതൽ വീടുവരെ ഇപ്പോൾ കണ്ടത് വിശ്വസിക്കാനാകുന്നില്ല. ഒത്തിരി മാതാപിതാക്കൾ ഇനി ഹോക്കി കളിക്കാൻ മക്കളെ വിടും. അതിലൂടെയുള്ള നേട്ടത്തിന് ഉദാഹരണമായി ഞാനും ഈ മെഡലും ഉണ്ടാകും''-ശ്രീജേഷിെൻറ വാക്കുകൾ.
കിഴക്കമ്പലം സെൻറ് ആൻറണീസ് എൽ.പി സ്കൂളിലും സെൻറ് ജോസഫ്സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീജേഷിന് നാട്ടുകാർ നൽകിയതും ഹൃദയം നിറക്കുന്ന സ്വീകരണം. നാടൊന്നാകെ വീടിന് മുന്നിൽ ഒത്തുകൂടിയിരുന്നു. സെൽഫിയെടുക്കാനും ഷാൾ അണിയിക്കാനുമൊക്കെ ഒട്ടേറെപേർ കാത്തിരുെന്നങ്കിലും കോവിഡ് പ്രോട്ടോകോൾ കാരണം കഴിഞ്ഞില്ല. അടുത്ത ദിവസംതന്നെ വീണ്ടും ശ്രീജേഷ് ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒളിമ്പിക്സ് താരങ്ങളുമായുള്ള കൂടിക്കാഴ്ചക്കാണ് അത്. അതിന് കർശന കോവിഡ് പ്രോട്ടോകോൾ പാലിക്കുകയാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.