ഒളിമ്പിക്സ് മെഡൽ ഒന്നര വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമെന്ന് പി.ആർ. ശ്രീജേഷ്
text_fieldsകോഴിക്കോട്: ടോക്യോ ഒളിമ്പിക്സിലെ മെഡൽ നേട്ടം ഒന്നര വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമെന്ന് മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്. ടോക്യോയിലേത് ടീം സ്പിരിറ്റിന്‍റെ വിജയമാണ്. പുതുതലമുറക്ക് പ്രചോദനമാകുന്നതാണ് ടീമിന്‍റെ ജയമെന്ന് ശ്രീജേഷ് പറഞ്ഞു.
പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ കേരളത്തിൽ നിന്ന് മികച്ച താരങ്ങളുണ്ടാകും. എത്രയും പെട്ടെന്ന് കേരളത്തിലെത്താൻ ആഗ്രഹിക്കുന്നുവെന്നും മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീജേഷ് വ്യക്തമാക്കി.
41 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒരു ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. ടോക്യോയിൽ 5-4നാണ് ഇന്ത്യൻ ടീം ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. ജർമ്മനിക്കെതിരായ മത്സരത്തിൽ മിന്നും സേവുകളിലൂടെ ഇന്ത്യയുടെ കോട്ട കാത്തത് മലയാളി താരം ശ്രീജേഷായിരുന്നു. കളി തീരാൻ 12 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച പെനാൽറ്റി കോർണർ ശ്രീജേഷ് സേവ് ചെയ്തതിനെ അത്ഭുതകരമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ വിശേഷിപ്പിച്ചത്.
മത്സരത്തിന്‍റെ അവസാന സെക്കൻഡുകളിലെ പെനാൽറ്റി കോർണറടക്കം ഒമ്പതോളം സേവുകളാണ് ശ്രീജേഷ് നടത്തിയത്. കളി തീരാൻ വെറും 12 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജർമ്മനിക്ക് അനുകൂലമായി റഫറി പെനാൽറ്റി കോർണർ അനുവദിച്ചത്. ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ ശ്രീജേഷ് എന്ന ഗോൾ കീപ്പറിലായിരുന്നു. എന്നാൽ, വർഷങ്ങളുടെ കളിപരിചയം മുതലാക്കി ജർമ്മനിയുടെ പെനാൽറ്റി കോർണർ ശ്രീജേഷ് പ്രതിരോധിച്ചതോടെ ഹോക്കിയിൽ വീണ്ടുമൊരു ഒളിമ്പിക്സ് മെഡലെന്ന ഇന്ത്യയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിച്ചത്.
സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കുമായി പലകുറി വഴിമാറി കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഹോക്കിയിൽ സമാനതകളില്ലാത്ത നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയത്. കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് അരങ്ങേറിയത്. രണ്ട് വർഷത്തിന് ശേഷം നടന്ന ജൂനിയർ ഏഷ്യകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. പിന്നീട് പല നിർണായക മത്സരങ്ങളിലും ഇന്ത്യയുടെ കോട്ട കാത്തത് ശ്രീജേഷായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.