ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമിയിൽ വീണു; ഇനി പ്രതീക്ഷ വെങ്കലം
text_fieldsടോക്യോ: 130 കോടി ഇന്ത്യക്കാരുടെ പ്രാർഥനക്ക് ഫലമുണ്ടായില്ല. ഒളിമ്പിക്സ് വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്‍റീനയോട് പൊരുതിത്തോറ്റു.
ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2-1 നാണ് കരുത്തരായ അർജന്‍റീനക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ഇന്ത്യക്കായി ഗുർജിത് കൗർ സ്കോർ ചെയ്തപ്പോൾ നായിക നോയൽ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്.
ഫൈനലിൽ നെതർലൻഡ്സാണ് അർജന്‍റീനയുടെ എതിരാളി. രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും അർജൻറീനക്ക് ഇതുവരെ ഒളിമ്പിക്സ് സ്വർണം നേടാനായിട്ടില്ല. ഡച്ചുകാർ ഇത് തുടർച്ചയായ അഞ്ചാം ഒളിമ്പിക് ഫൈനലാണ് കളിക്കാൻ പോകുന്നത്. ബ്രിട്ടനെയാണ് അവർ തോൽപിച്ചത്.
മൂന്നു തവണ ജേതാക്കളായ ആസ്ട്രേലിയയെ കൊമ്പുകുത്തിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസവുമായാണ് ലോക രണ്ടാംനമ്പറുകാരായ അർജൻറീനക്കെതിരെ കളിക്കാനിറങ്ങിയത്. ജർമനിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ചായിരുന്നു അർജന്‍റീനയുടെ കുതിപ്പ്.
എന്നാൽ മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ അർജന്‍റീനയെ ഞെട്ടിച്ചു. ക്യാപ്റ്റൻ റാണി രാംപാൽ എടുത്ത പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഗുർജിത് കൗറാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. എട്ടാം മിനിറ്റിൽ അർജന്‍റീനക്ക് അനുകൂലമായി പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ ഡിഫൻഡർമാർ അപകടം അകറ്റി. ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ് നിലനിർത്തി. എന്നാൽ 17ാം മിനിറ്റിൽ തങ്ങളുടെ മൂന്നാം പെനാൽറ്റി കോർണർ ഗോളാക്കി അർജന്‍റീന ഇന്ത്യക്കൊപ്പമെത്തി. ക്യാപ്റ്റൻ നോയൽ ബാരിയോനുയേവയാണ് ഗോൾ നേടിയത്.
21ാം മിനിറ്റിൽ വന്ദന നൽകിയ പാസ് അർജൈന്റൻ സർകിളിൽ ഉണ്ടായിരുന്ന ലാൽറെസിയാമിക്ക് ഗോളാക്കി മാറ്റാൻ സാധിക്കാതെ വന്നതോടെ ലീഡ് തിരിച്ചുപിടിക്കാനുള്ള സുവർണാവസരം ഇന്ത്യക്ക് നഷ്ടമായി. 27ാം മിനിറ്റിൽ ഇന്ത്യക്ക് രണ്ട് പെനാൽറ്റി കോർണറുകൾ കൂടി ലഭിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. 36ാം മിനിറ്റിൽ വലകുലുക്കി നോയലാണ് ഇന്ത്യയെ വീണ്ടും പിറകിലാക്കിയത്. 39ാം മിനിറ്റിൽ നേഹ ഗോയൽ പുറത്തായതോെട ഇന്ത്യ 10 പേരായി ചുരുങ്ങി. മൂന്നാം ക്വാർട്ടർ അവസാനിക്കുന്ന വേളയിൽ പന്തടക്കം, പാസിങ്, ആക്രമണം എന്നിവയിലെല്ലാം അർജന്‍റീനയുടെ ആധിപത്യമായിരുന്നു.
അവസാന ക്വാർട്ടറിൽ ഇന്ത്യ ഒപ്പമെത്താൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും അർജൈന്റൻ ഗോൾകീപ്പറും പ്രതിരോധവും അതിന് അനുവദിച്ചില്ല. 52ാം മിനിറ്റിൽ ഇന്ത്യയുടെ പെനാൽറ്റി കോർണർ ഗോൾകീപ്പർ ബെലെൻ സൂസി രക്ഷപെടുത്തി. മത്സരത്തിന്‍റെ അവസാന മിനിറ്റിലും മികച്ച സേവുമായി സൂസി ലാറ്റിനമേരിക്കക്കാരുടെ രക്ഷകയായി. നവനീത് കൗറിന്‍റെ മികച്ചൊരു ക്ലോസ് റേഞ്ച് ഷോട്ട് സൂസി കാലുകൾ കൊണ്ട് തടുത്തിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.