ഇസ്രായേലുമായി മത്സരിക്കാനില്ല; ഒളിമ്പിക്സിൽ നിന്ന് പിന്മാറി അൾജീരിയൻ ജൂഡോ താരം
text_fieldsടോക്യോ: ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ അൾജീരിയൻ ജൂഡോ താരം ഫതഹി നൗറിൻ ടോക്കിയോ ഒളിംപിക്സിൽ നിന്നും പിന്മാറി. പുരുഷൻമാരുടെ 73 കിലോ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ അടുത്ത തിങ്കളാഴ്ച സുഡാൻ താരം മുഹമ്മദ് അബ്ദുൽ റസൂലുമായിട്ടായിരുന്നു ഫതഹിയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. അതിൽ ജയിച്ചാൽ അടുത്ത റൗണ്ടിൽ ഇസ്രായേലി താരം തോഹർ ബുത്ബുളുമായാണ് ഏറ്റുമുട്ടേണ്ടത്. അതൊഴിവാക്കാനാണ് ഫതഹി നൗറിൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
ഫലസ്തീൻ പോരാട്ടത്തിനുള്ള തെൻറ രാഷ്ട്രീയ പിന്തുണ ഇസ്രയേലുമായി മത്സരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് ഫതഹി നൗറിൻ വ്യാഴാഴ്ച അൾജീരിയൻ ടെലിവിഷനോട് പറഞ്ഞു. " ഒരുപാട് പരിശ്രമിച്ചിട്ടാണ് ഒളിംപിക്സിലെത്തിയത്. എന്നാൽ ഫലസ്തീൻ പോരാട്ടം എല്ലാത്തിലും വലുതാണ്" - അദ്ദേഹം പറഞ്ഞു. തെൻറ തീരുമാനം അന്തിമമാണെന്നും ഫതഹി പറഞ്ഞു.
അതേസമയം, ഫതഹി നൗറിനെയും കോച്ച് അമർ ബെനിഖ്ലഫിനെയും അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ താൽക്കാലികമായി സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്. ഇരുവരുടെയും തീരുമാനം തങ്ങളുടെ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് ഫെഡറേഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. അൾജീരിയൻ ഒളിമ്പിക് കമ്മിറ്റി രണ്ടുപേരുടെയും അക്രഡിറ്റേഷൻ പിൻവലിച്ച് ഇരുവരെയും നാട്ടിലേക്ക് തിരിച്ചയക്കാൻ അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതാദ്യമായല്ല ഫതഹി മത്സരത്തിൽ നിന്നും ഇത്തരത്തിൽ പിന്മാറുന്നത്. ഇസ്രായേലുമായുള്ള മത്സരം ഒഴിവാക്കാൻ 2019 ൽ ടോക്കിയോയിൽ നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ നിന്നും താരം പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.