7-1; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയെ 'സെവൻ അപ്' കുടിപ്പിച്ച് ആസ്ട്രേലിയ
text_fieldsടോക്യോ: ഒളിമ്പിക്സ് മൈതാനങ്ങളിൽ സുവർണ സംഘങ്ങളായി വിലസിയിരുന്ന പെരുമയുമായെത്തിയ ഇന്ത്യൻ ഹോക്കി സംഘത്തെ നാണം കെടുത്തി ആസ്ട്രേലിയ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഏഴുഗോളുകൾക്കാണ് കംഗാരുക്കൾ ഇന്ത്യയെ തുരത്തിയത്. ദിൽപ്രീത് സിങ്ങാണ് ഇന്ത്യക്കായി ആശ്വാസ ഗോൾ കുറിച്ചത്.
ആദ്യ ക്വാർട്ടറിലെ പത്താം മിനിറ്റിൽ തന്നെ വെട്ടണിന്‍റെ ഗോളിൽ ആസ്ട്രേലിയ മുന്നിൽക്കയറി. രണ്ടാം ക്വാർട്ടറിൽ ജെറമി ഹാർവാർഡ്, അൻഡ്രൂ ഒഗിൽവി, ജോഷ്വ ബെൽറ്റ്സ് എന്നിവർ ഞൊടിയിടക്കുള്ളിൽ കുറിച്ച ഗോളിന്‍റെ ബലത്തിൽ ആസ്ട്രേലിയ ബഹുദൂരം മുന്നിലെത്തുകയായിരുന്നു.
മൂന്നാം ക്വാർട്ടറിൽ 34ാം മിനിറ്റിൽ ദിൽപ്രീത് സിങ് ഇന്ത്യക്കായി ആശ്വാസ ഗോൾ നേടി. എന്നാൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കായില്ല. 40ാം മിനിറ്റിലും 42ാം മിനിറ്റിലും ബ്ലാക് ഗോവേഴ്സ് കുറിച്ച ഗോളുകൾ ഓസീസ് ലീഡുയർത്തി. 51ാം മിനിറ്റിൽ ടിം ബ്രാൻഡ് ഓസീസ് ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ച ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. പൂൾ എയിൽ സ്പെയിൻ, അർജന്‍റീന, ജപ്പാൻ ടീമുകളുമായാണ് ഇന്ത്യക്ക് ഇനി മത്സരിക്കാനുള്ളത്. ഓരോ പൂളിൽ നിന്നും മികച്ച നാല് ടീമുകൾ വീതം ക്വാർട്ടറിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.