എതിരാളി ലോക ഒന്നാം നമ്പർ താരം തായ് സു യിങ്; സിന്ധു സെമി കടക്കുമോ?
text_fieldsടോകിയോ: ജപ്പാൻ താരം ഉയർത്തിയ കടുത്ത വെല്ലുവിളി കടന്ന് ടോകിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ സെമി ടിക്കറ്റുറപ്പിച്ച പി.വി സിന്ധുവിനെ അവസാന നാലിൽ കാത്തിരിക്കുന്നത് ലോക ഒന്നാം നമ്പറായ തായ് സു യിങ്. ഇരുവരും തമ്മിലെ റെക്കോഡിൽ ചൈനീസ് തായ്പെയ് താരം ഏറെ മുന്നിലാണെങ്കിലും വമ്പൻ പോരിടങ്ങളിൽ അവസാന ചിരി തന്‍റെതായിരുന്നത് സിന്ധുവിന് അനുകൂലമാകും. റിയോ ഒളിമ്പിക്സ്, ലോക ടൂർ ഫൈനൽസ് 2018, ലോക ചാമ്പ്യൻഷിപ്പ് 2019 എന്നിവയിലെല്ലാം തായ് സുവിനെതിരെ വിജയക്കൊടി പാറിച്ചാണ് ഹൈദരാബാദുകാരി ഇത്തവണ വീണ്ടും അങ്കം കുറിക്കാനൊരുങ്ങുന്നത്. ടോകിയോയിൽ സെമി ഉറപ്പിച്ച മറ്റു താരങ്ങളായ ഹി ബിങ്ജിയാവോ, ചെൻ യുഫെയ്, തായ് സു യിങ് എന്നിവരിൽ അൺഫോഴ്സ്ഡ് അബദ്ധങ്ങൾ ഏറ്റവും കുറച്ചുകളിച്ചതും സിന്ധുവാണ്.
പക്ഷേ, ഇതുകൊണ്ടും ലോക ഒന്നാം നമ്പറുകാരിയെ വീഴ്ത്താനാകില്ലെന്ന് താരത്തിനറിയാം. അവസരം കിട്ടുംവരെ ക്ഷമയോടെ നിന്ന് ആഞ്ഞടിക്കുന്നതാണ് തായ് സുവിന്‍റെ രീതി. അതുസംഭവിക്കാൻ എത്ര വേണേലും അവർ കാത്തിരിക്കും. എതിരാളി ക്ഷീണിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരമാവധി കോർട്ട് മുഴുക്കെ ഓടിച്ചുതളർത്തും. അതിനിടെ കിടിലൻ ഷോട്ടുകൾ പറക്കും, അസാധ്യ മെയ്വഴക്കം ആവശ്യമായ ഡ്രോപുകളും. ഇന്നലെ പക്ഷേ, യമാഗുച്ചിയും ഇതേ കളി പുറത്തെടുത്തിട്ടും ഒട്ടും തളർച്ച കാണാത്ത ആവേശമായിരുന്നു സിന്ധുവിന്‍റെ കളിമികവ്. ഡ്രോപുകൾക്ക് മുന്നിൽ കാണിക്കുന്ന തിടുക്കവും പതർച്ചയും വെള്ളിയാഴ്ച കണ്ടില്ല. അതിനാൽ, അവസാനം എതിരാളി ഡ്രോപുകൾക്ക് കാര്യമായി ശ്രമിച്ചുമില്ല.
അസാധ്യ ആംഗിളുകളിൽനിന്ന് അതിവേഗം അടയാളപ്പെട്ട സ്മാഷുകളാണ് തായ് സുവിന്‍റെ മറ്റൊരു സവിശേഷത. നെറ്റിനു മുന്നിലും അവർ തളരില്ല. പക്ഷേ, എല്ലാം കൃത്യമായി അറിഞ്ഞ് സിന്ധു കളിച്ചപ്പോഴൊന്നും എതിരാളി ജയിച്ചിട്ടില്ല. സെമി കടന്നാൽ, എതിരാളി ഇത്രമേൽ കടുപ്പമായേക്കില്ലെന്ന തിരിച്ചറിവും അവർക്ക് തുണയാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.