ടോക്കിയോയിൽ ഇന്ന് കൊടിയിറക്കം; െമഡൽ പട്ടികയിൽ ഒന്നാമതെത്താൻ ചൈന- യു.എസ് പോര് ഇഞ്ചോടിഞ്ച്
text_fieldsടോകിയോ: ടോകിയോയിൽ ഒളിമ്പിക്സ് ഇന്ന് കൊടിയിറങ്ങുന്നു. ഇത്രനാളും ഒന്നാം സ്ഥാനത്ത് മുന്നേറിയ ചൈനയെ അവസാന ദിനത്തിൽ മറികടന്ന് യു.എസ് ഒന്നാമതെത്തുമോയെന്ന കാത്തിരിപ്പ് ബാക്കി. 38 സ്വർണവുമായി െമഡൽപട്ടികയിൽ ചൈന ഒന്നാമതും രണ്ടെണ്ണം കുറഞ്ഞ് യു.എസ് രണ്ടാമതുമാണ്. വനിത ബാസ്കറ്റ്ബാൾ, വനിത വാളിബാൾ, വാട്ടർപോളോ, ബോക്സിങ് ഇനങ്ങളിലെ മെഡൽ ജേതാക്കളെ അറിയാനിരിക്കെ അവയിൽ കൂടുതൽ മെഡലുകളുറപ്പിച്ച് ഇത്തവണയും ഒന്നാമന്മാരാകുകയാണ് യു.എസ് ലക്ഷ്യം. ബാസ്കറ്റ്ബാൾ കലാശപ്പോരിൽ ജപ്പാനെ വീഴ്ത്തി സ്വർണം സ്വന്തമാക്കാനായാൽ വ്യത്യാസം ഒരു സ്വർണം മാത്രമാകും. കരുത്തിലും കളിമികവിലും മുന്നിൽനിൽക്കുന്ന യു.എസിന് തന്നെയാണ് ഈയിനത്തിൽ സാധ്യത. വോളിബാൾ വനിതകളിൽ ലോകത്തെ ഒന്നാം നമ്പറാണ് യു.എസ്. എതിരാളികളാകട്ടെ, രണ്ടാം റാങ്കുകാരായ ബ്രസീലും. ഏറ്റവും കടുത്ത പോരിൽ ആരും ജയിക്കാമെന്നതാണ് കണക്കുകൂട്ടൽ. ബോക്സിങ്ങിൽ രണ്ടു അമേരിക്കൻ താരങ്ങൾ ഫൈനലിൽ ഇന്നിറങ്ങുന്നുണ്ട്, ചൈനയുടെ ഒരാളും. ഇരുവരും സ്വർണത്തിൽ മുത്തമിട്ടാൽ അമേരിക്ക പട്ടികയിൽ മുന്നിലെത്തും. ചൈനക്കാകട്ടെ, പുരുഷ മാരത്തൺ, ട്രാക്ക് സൈക്ലിങ് (രണ്ട് ഇനങ്ങൾ), റിഥമിക് ജിംനാസ്റ്റിക്സ് ഗ്രൂപ് ഓൾറൗണ്ട് എന്നിവയിൽ ഫൈനലുണ്ട്.
മൊത്തം മെഡലുകളുടെ എണ്ണത്തിൽ നിലവിൽ യു.എസ് ഏറെ മുന്നിലാണ്. സെഞ്ച്വറി കടന്ന യു.എസ് ശനിയാഴ്ച 108 മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനക്ക് 87 ആണ് സമ്പാദ്യം. ഇത്തവണ ചൈന ഒന്നാമതെത്തിയാൽ 2008ലെ ബീജിങ് ഒളിമ്പിക്സിനു ശേഷം ആദ്യമായി ഈ നേട്ടം തിരികെപിടിക്കുന്നുവെന്ന സവിശേഷതയുണ്ട്. ബീജിങ്ങിൽ 48 സ്വർണം പിടിച്ചായിരുന്നു ചൈനയുടെ തേരോട്ടം, യു.എസിന് 36ഉം.
ഇന്ത്യക്കും ചരിത്രം പിറന്ന ഒളിമ്പിക് മാമാങ്കമാണ് ടോകിയോ. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.