ഇതൊക്കെ ചെറുത്
text_fieldsതറൗബ: ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീം അഞ്ച് മത്സര ട്വന്റി 20 പരമ്പരയും കൈക്കലാക്കാൻ ലക്ഷ്യമിട്ട് ഇന്നിറങ്ങും, കൂടുതൽ കരുത്തോടെ. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തും. മൂന്നു മാസം മാത്രം അകലെ ട്വന്റി 20 ലോകകപ്പ് ആരംഭിക്കാനിരിക്കുമ്പോൾ ഇന്ത്യയുടെ കരുത്തും ദൗർബല്യവും തിരിച്ചറിയാനുള്ള വേദിയായും പരമ്പര മാറും.
പല മുതിർന്ന താരങ്ങളുമില്ലാഞ്ഞിട്ടും ഏകദിന പരമ്പരയിൽ മൂന്ന് കളികളിലും വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യയിറങ്ങുക. ഏകദിന ടീമിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ ട്വന്റി20 സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ രണ്ട് കളികളിലും കഷ്ടിച്ച് കടന്നുകൂടിയതാണെങ്കിലും മൂന്നാം ഏകദിനത്തിൽ വിജയം ആധികാരികമായിരുന്നു. മഴയെ തുടർന്ന് രണ്ട് തവണ നിർത്തിവെച്ച കളിയിൽ 119 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. സ്കോർ: ഇന്ത്യ 36 ഓവറിൽ 225/3. വെസ്റ്റ് ഇൻഡീസ് 137.
36 ഓവറായി ചുരുക്കിയ മത്സരത്തിൽ 98 റൺസടിച്ച് പുറത്താവാതെനിന്ന് കളിയിലെ താരമായ ഓപണർ ശുഭ്മാൻ ഗില്ലിന്റെ പ്രകടനമാണ് മികച്ച സ്കോറിലെത്താൻ ഇന്ത്യയെ സഹായിച്ചത്. മൂന്ന് കളികളിലായി 205 റൺസ് നേടിയ ഗിൽതന്നെയാണ് പരമ്പരയിലെ താരവും. അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാന്റെയും (58) 34 പന്തിൽ 44 റൺസടിച്ച ശ്രേയസ് അയ്യരുടെയും ബാറ്റിങ്ങുകൾ നിർണായകമായി.
ഇന്നിങ്സ് അവസാനിക്കുമ്പോൾ സഞ്ജു ആറ് റൺസുമായി ക്രീസിലുണ്ടായിരുന്നു. ഡക്വർത്ത് ലൂയിസ് നിയപ്രകാരം മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ വിജയലക്ഷ്യം 35 ഓവറിൽ 257 ആയി പുനർനിർണയിക്കുകയായിരുന്നു. രണ്ടാം ഓവറിൽ ഓപണർമാരായ കൈൽ മെയേഴ്സിനെയും ഷമർ ബ്രൂക്സിനെയും പുറത്താക്കി മുഹമ്മദ് സിറാജ് ആദ്യ പ്രഹരമേൽപിച്ചു. പിന്നീട് 17 റൺസിന് നാല് വിക്കറ്റ് നേടിയ സ്പിന്നർ യുസ്വേന്ദ്ര ചഹൽ വിൻഡീസ് നിരയെ കശക്കിയെറിഞ്ഞു. പരമ്പരവിജയത്തോടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.