ട്വന്‍റി20 ലോക കിരീടം, ചെസ്സിന്‍റെ തലപ്പത്ത് ഗുകേഷ്, ബൂട്ടഴിച്ച് ഛേത്രി; ഒളിമ്പിക്സിൽ അഭിമാനമായി മനു; സംഭവ ബഹുലം കായികലോകത്തെ ഒരു വർഷം...
text_fieldsലോകകായിക രംഗത്ത് ഇന്ത്യയെന്ന പേര് ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ട ഒരു വർഷമാണ് കടന്നുപോകുന്നത്. അപ്രതീക്ഷിതമായ നേട്ടങ്ങളും പരാജയങ്ങൾക്കും രാജ്യം സാക്ഷിയായി. 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ഐ.സി.സി ട്രോഫിയിൽ മുത്തമിട്ടു. ചെസ്സില്‍ ഇന്ത്യയുടെ സുവര്‍ണ വര്‍ഷമാണിത്. ദൊമ്മരാജു ഗുകേഷിലൂടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം... ചെസ് ഒളിമ്പ്യാഡിൽ ഇരട്ട കിരീടം. പാരിസ് ഒളിമ്പിക്സിൽ ചുവട് പിഴച്ചെങ്കിലും ആറു മെഡലുകൾ നേടി. ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി മനു ഭാക്കർ രാജ്യത്തിന്‍റെ അഭിമാനമായി. ഇന്ത്യൻ ഫുട്ബാളിന്‍റെ മേൽവിലാസമായിരുന്ന സുനിൽ ഛേത്രിയും ഹോക്കിയുടെ മുഖശ്രീ പി.ആർ. ശ്രീജേഷും കളമൊഴിയുന്നതിനും ഇന്ത്യയിലെ കായികപ്രേമികൾ സാക്ഷിയായി. ട്വന്‍റി20 ക്രിക്കറ്റിൽ സഞ്ജുവിന്‍റെ വർഷം കൂടിയായിരുന്ന 2024. കായികരംഗത്തെ സംഭവവികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം...
2024 ട്വന്‍റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത് ശർമയും സംഘവും അവസാനിപ്പിച്ചത്. ഫൈനലിൽ അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്ക് എട്ടിന് 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ കൂറ്റനടിക്ക് ശേഷിയുള്ള ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത ക്യാച്ച് വിജയത്തില്‍ നിര്‍ണായകമായി. ഓപ്പണറായെത്തി 59 പന്തില്‍ 76 റണ്‍സെടുത്ത സൂപ്പർതാരം വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. കോഹ്ലി ഫൈനലിലെ താരമായും ബുംറ ടൂർണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു. ഒരു ഐ.സി.സി ലോകകപ്പ് കിരീടത്തിനായി ദക്ഷിണാഫ്രിക്ക ഇനിയും കാത്തിരിക്കണം.
പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ചുവടുപിഴച്ചു; ആറു മെഡലുകൾ
വലിയ മുന്നൊരുക്കത്തോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യന്‍ സംഘം ഈ വര്‍ഷം പാരിസ് നഗരം വേദിയായ ഒളിമ്പിക്‌സിനെത്തിയത്. ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയതാണ് ഏക വെള്ളി മെഡല്‍ നേട്ടം. ഷൂട്ടിങ്ങിൽനിന്ന് മൂന്നു വെങ്കല മെഡലുകൽ നേടി. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലവും. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ നേടിയ ടോക്യോ ഒളിമ്പിക്‌സിനേക്കാള്‍ പിന്നിലായിപ്പോയി ഇന്ത്യന്‍ സംഘം.
ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി മനു ഭാക്കർ രാജ്യത്തിന്‍റെ അഭിമാനമായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിൽ സരബ്‌ജോത് സിങ്ങിനൊപ്പവും മനു ഭാക്കര്‍ മെഡൽ സ്വന്തമാക്കി. ഷൂട്ടിങ്ങില്‍ മൂന്നാമത്തെ മെഡല്‍ നേടിയത് സ്വപ്‌നില്‍ കുശാലെയാണ്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ താരം വെങ്കലം നേടി. ഹോക്കിയിലും ഇന്ത്യന്‍ ടീം വെങ്കലം നേടി. പുരുഷന്മാരുടെ ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അമന്‍ ഷെറാവത്തും വെങ്കലം നേടിയതോടെ വെങ്കലം നേട്ടം അഞ്ചായി.
2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ രണ്ടാം റാങ്കുകാരിയായെത്തി തോക്കിന്റെ സാങ്കേതിക പ്രശ്‌നം കാരണം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മനുവിന് മടങ്ങേണ്ടിവന്നിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമാണ് മനു. ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷം നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചക്ക് കൂടിയാണ് മനു അറുതി വരുത്തിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡൽ നേട്ടം. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനു സ്വന്തമാക്കി. ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിയായ 22കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി.
ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്ന നീരജ് ചോപ്രക്ക് ഇത്തവണ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് പാരിസില്‍ വെള്ളി നേടിയത്. 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡ് ഭേദിച്ച പാകിസ്താന്റെ അര്‍ഷാദ് നദീമിനായിരുന്നു സ്വര്‍ണം.
ഉറച്ചു മെഡൽ കൈവിട്ടു! നൊമ്പരമായി വിനേഷ് ഫോഗട്ട്
പാരിസ് ഒളിമ്പിക്സിൽ സുവർണനേട്ടത്തിന്റെ പടിവാതിൽക്കൽ എത്തിയാണ് ഇന്ത്യയുടെ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമാകുന്നത്. ഭാരപരിശോധനയിൽ 100 ഗ്രാം അധികമുണ്ടെന്നു കണ്ടെത്തിയതിനാൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ഫൈനലിൽ താരത്തെ അയോഗ്യയാക്കി. പിന്നാലെ രാജ്യാന്തര ഗുസ്തിയിൽനിന്നു വിരമിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ച് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി.
ഇന്ത്യൻ ഹോക്കിയുടെ കാവലാൾ കളമൊഴിഞ്ഞു
പാരിസ് ഒളിമ്പിക്സ് ഹോക്കിയില്‍ സ്പെയിനെ തോല്‍പ്പിച്ച് വെങ്കലം നേടിയതിനു പിന്നാലെയാണ് ഹോക്കി ഇതിഹാസവും മലയാളിയുമായ ശ്രീജേഷ് കളമൊഴിഞ്ഞക്. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്. 18 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 335 മല്‍സരങ്ങള്‍ കളിച്ചു.
രണ്ട് ഒളിമ്പിക്സ് വെങ്കലവും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യൻ ഹോക്കിയുടെ വന്‍മതിലായിരുന്നു. ആഗസ്റ്റ് എട്ടിന് പാരിസിലെ ഈവ് ദി മനോര്‍ സ്റ്റേഡിയത്തില്‍നടന്ന വെങ്കലമെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നാല് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഒളിമ്പിക്‌സില്‍ രണ്ടുമെഡല്‍ നേടുന്ന ആദ്യ മലയാളിയാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമിലും ശ്രീജേഷുണ്ടായിരുന്നു.
2022 കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ, 2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, 2022 ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ എന്നീ നേട്ടങ്ങളിലും ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. 2021ല്‍ രാജ്യം ഖേല്‍രത്നയും പദ്മശ്രീയും നല്‍കി ആദരിച്ചു. അതേവര്‍ഷം വേള്‍ഡ് ഗെയിംസ് അത്ലറ്റ് പുരസ്‌കാരവും നേടി. ഈ വര്‍ഷം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും നേടി.
ഗുകേഷ് ലോക ചെസ്സിന്‍റെ തലപ്പത്ത്; ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടക്കിരീടം
ചെസ്സില്‍ ഇന്ത്യയുടെ സുവര്‍ണ വര്‍ഷമാണിത്. ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതിയാണ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്നത്. ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അവസാന ഗെയിംസില്‍ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ്. കിരീടം നേടുമ്പോൾ 18 വയസും എട്ട് മാസവും 14 ദിവസവുമാണ് പ്രായം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22ാം വയസ്സിലെ (1985) ലോകകിരീട നേട്ടത്തെയാണ് ഗുഗേഷ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്.
വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. 14 ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ ഒമ്പത് ഗെയിമുകള്‍ സമനിലയായി. രണ്ട് ഗെയിമുകള്‍ ലിറന്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ വിജയം കണ്ടാണ് ഗുകേഷ് ചരിത്രമെഴുതിയത്. ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്‍ണവുമായി ലോക ചെസ്സിന്റെ നെറുകയിലേക്ക് ഇന്ത്യ തുടങ്ങിയ പ്രയാണമാണ് ഗുകേഷിലൂടെ പൂര്‍ണമാകുന്നത്. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷിനൊപ്പം അര്‍ജുന്‍ എരിഗാസി, ആര്‍. പ്രഗ്‌നാനന്ദ, വിദിത്ത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങുന്ന ടീമാണ് ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയത്. ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഓപ്പണ്‍ വിഭാഗത്തില്‍ 11 റൗണ്ടില്‍ 21 പോയന്റുമായാണ് ചാമ്പ്യരായത്.
കോപ്പയിൽ അര്‍ജന്റീന; യൂറോയിൽ സ്പെയിൻ; റയൽ യൂറോപ്യൻ ക്ലബ് രാജാക്കന്മാർ
2024ലെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. തുടർച്ചയായ രണ്ടാം കിരീടവും അര്‍ജന്റീനയുടെ 16ാം കോപ്പ അമേരിക്ക കിരീടവുമാണിത്. ജൂലൈ 15ന് നടന്ന ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ലയണല്‍ മെസ്സിയും സംഘവുംം കിരീടം സ്വന്തമാക്കിയത്. യൂറോ കപ്പ് കിരീടം സ്‌പെയിനും നേടി. ബെര്‍ലിനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്‌പെയിനിന്റെ നാലാം യൂറോ കപ്പ് കിരീട നേട്ടം. ഇതോടെ നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോഡും സ്പെയിൻ സ്വന്തമാക്കി. യൂറോപ്യന്‍ ക്ലബ് ഫുട്ബാളിൽ രാജാക്കന്മാരായി റയല്‍ മഡ്രിഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് കാർലോ ആഞ്ചലോട്ടിയും സംഘവും. ക്ലബിന്റെ 15ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്.
നീലക്കുപ്പായം അഴിച്ച് സുനില്‍ ഛേത്രി
ഇന്ത്യൻ ഫുട്ബാളിലെ രണ്ട് പതിറ്റാണ്ടോളം നീണ്ട സുനിൽ ഛേത്രിയുടെ ഐതിഹാസിക യുഗത്തിന് പരിസമാപ്തിയായ വർഷം കൂടിയാണ് കടന്നുപോകുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരായ നിർണായക ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗോൾരഹിത സമനിലയോടെയാണ് ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചത്. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഗോളടിച്ചതും ഛേത്രിയാണ്. 151 മത്സരങ്ങളിൽനിന്ന് 94 ഗോളുകൾ. 2005ല്‍ പാകിസ്താനെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. 2015ല്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി. നെഹ്റു കപ്പിലടക്കം രാജ്യത്തെ കിരീടനേട്ടങ്ങളിലേക്ക് നയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്.സി താരമാണ്. രാജ്യം അര്‍ജുന, പദ്മശ്രീ, ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആറുതവണ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
നദാൽ യുഗത്തിന് തിരശ്ശീല
സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നിസിനോട് വിട പറഞ്ഞത് ഈ വർഷമായിരുന്നു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. 22 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്‍. കളിമണ്‍ ക്വാര്‍ട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന നദാല്‍ 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട്. നാലു തവണ യു.എസ് ഓപ്പണ്‍ ചാമ്പ്യനായി. രണ്ട് തവണ വീതം ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും കരസ്ഥമാക്കി. ഒളിമ്പിക് സിംഗിള്‍സും ഡബിള്‍സ് സ്വര്‍ണവും നേടിയ അദ്ദേഹം സ്‌പെയിനിനെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്. 2022ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ 23കാരന്‍ കാസ്പര്‍ റൂഡിനെ വീഴ്ത്തി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോഡും സ്വന്തമാക്കി.
സഞ്ജു നിറഞ്ഞാടിയ വർഷം
മലയാളിയായ സഞ്ജു സാംസണിന്‍റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വർഷമാണിത്. അന്താരാഷ്ട്ര ട്വന്‍റി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സഞ്ജു സ്വന്തമാക്കി. ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ഒന്നും നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരേ രണ്ടും സെഞ്ച്വറികള്‍ നേടിയാണ് സഞ്ജു റെക്കോഡിട്ടത്. തുടര്‍ച്ചയായ രണ്ട് ട്വന്‍റി20 മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. ട്വന്‍റി20യിൽ ഇന്ത്യൻ ടീമിന്റെ അസാധാരണ വിജയക്കുതിപ്പിൽ, ബാറ്റുകൊണ്ട് കൂടുതൽ സംഭാവന നൽകിയ താരം സഞ്ജു സാംസണാണെന്ന പ്രത്യേകതയുമുണ്ട്. ട്വന്റി20 ലോകകപ്പിൽ ഒരു മത്സരത്തിൽപ്പോലും അവസരം ലഭിച്ചില്ലെങ്കിലും, 12 ഇന്നിങ്സുകളിൽനിന്ന് ഈ വർഷം സഞ്ജു നേടിയത് 436 റൺസ്. ശരാശരി 43.60. സ്ട്രൈക്ക് റേറ്റ് 180നു മുകളിൽ. ഓപ്പണറെന്ന നിലയിൽ ഇതുവരെ ഒമ്പത് ഇന്നിങ്സുകളിൽനിന്ന് 461 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരു കലണ്ടർ വർഷം അഞ്ച് ഡെക്കുകളെന്ന നാണക്കേടും സഞ്ജുവിന്റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.