Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right'നാണമില്ലേ...

'നാണമില്ലേ ബി.സി.സി.ഐ...' സഞ്ജുവിനെ ഒഴിവാക്കിയതിൽ രോഷം പൂണ്ട് ക്രിക്കറ്റ് പ്രേമികൾ

text_fields
bookmark_border
Sanju Samson
cancel

ന്യൂഡൽഹി: 'ആസ്ട്രേലിയൻ സാഹചര്യങ്ങളിൽ സഞ്ജു സാംസണിന്റെ പക്കൽ മറ്റേതൊരു ഇന്ത്യൻ ബാറ്റ്സ്മാന്മാരേക്കാളും കൂടുതൽ ഷോട്ടുകളുണ്ട്. അവിടുത്തെ ബൗൺസ്, പേസ്, കട്ട്, പുൾ....സഞ്ജു എതിരാളികൾക്കൊരു ഭീഷണിയാണ്' -പറഞ്ഞത് സാക്ഷാൽ രവി ശാസ്ത്രിയാണ്. സഞ്ജു സാംസണെ ട്വന്റി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് പടിയിറങ്ങിയ പരിശീലകൻ പറഞ്ഞ് നാളുകളേറെയായിട്ടില്ല. പക്ഷേ, സംഭവിക്കുന്നത് മറ്റൊന്ന്. അയർലൻഡിനെതിരെ അവസാന കളിയിൽ 42 പന്തിൽ 77 റൺസടിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഴ്ത്തുമൊഴികളിൽ നിൽക്കേ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെലക്ടർമാർ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ആദ്യട്വന്റി20 മത്സരത്തിനുള്ള അന്തിമ ഇലവനിൽ ഇടം നൽകിയില്ല. രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾക്കുള്ള ദേശീയ ടീമിൽ സഞ്ജുവിന് നേരത്തേതന്നെ ഇടംനൽകിയിരുന്നില്ല.

അയർലൻഡിനെതിരെ രണ്ടാം ട്വന്റി20 മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടും ഇംഗ്ലണ്ടിനെതിരെ ഒന്നാം ട്വന്റി20യിൽ സഞ്ജുവിന് അവസരം നൽകാത്തത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ റണ്ണടിച്ചുകൂട്ടി രാജസ്ഥാൻ റോയൽസിനെ കലാശക്കളിയിലേക്ക് നയിച്ച മികച്ച പ്രകടനത്തിന്റെ പിൻബലമുണ്ടായിട്ടും സഞ്ജു നിരന്തരം തഴയപ്പെടുന്നത് ലോകകപ്പ് ടീമിൽ മലയാളി താരത്തിന് ഇടമുണ്ടാവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അവസരങ്ങൾ നൽകാതെ സഞ്ജുവിനെ അവഗണിച്ച് പുറത്താക്കുന്ന ബി.സി.സി.ഐ നടപടിയോട് അതിരൂക്ഷമായാണ് ക്രിക്കറ്റ് ആരാധകർ പ്രതികരിക്കുന്നത്.


2022ൽ ശ്രീലങ്കക്കും അയർലൻഡിനുമെതിരായി അഞ്ചു ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അതിൽ കളിക്കാനിറങ്ങാൻ കഴിഞ്ഞത് കേവലം മൂന്നു കളികളിൽ. ശ്രീലങ്കക്കെതിരെ ആദ്യ കളിയിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. രണ്ടും മൂന്നും ട്വന്റി20കളിൽ 39ഉം 18ഉം ആയിരുന്നു സ്കോർ.


അയർലൻഡിനെതിരെ ആദ്യ മത്സരത്തിൽ ​സഞ്ജുവിനെ പുറത്തിരുത്തി. രണ്ടാം മത്സരത്തിൽ ദീപക് ഹൂഡക്കൊപ്പം ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച തകർപ്പൻ ഇന്നിങ്സിൽ 77 റൺസ് അടിച്ചുകൂട്ടിയിട്ടും സഞ്ജുവിനെ തഴഞ്ഞതാണ് ക്രിക്കറ്റ് ആരാധകരെ പ്രകോപിപ്പിച്ചത്. 44.67 ശരാശരിയിലാണ് ഈ വർഷം രാജ്യാന്തര ട്വന്റി20യിൽ മലയാളി ബാറ്റർ സ്കോർ ചെയ്തത്. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനോട് കടുത്ത രീതിയിലാണ് ആരാധകർ പ്രതികരിച്ചത്.


കളിക്കാരുടെ സെലക്ഷനിൽ ബി.സി.സി.ഐക്ക് ഇരട്ടത്താപ്പുണ്ടെന്നും 'വടക്കേയിന്ത്യ'യെന്നും 'തെക്കേയിന്ത്യ'യെന്നും രണ്ടു ടീമു​കൾ ഇന്ത്യൻ ക്രിക്കറ്റിൽ ആവശ്യമാണെന്നും രോഷം പൂണ്ട് ഒരു ആരാധകൻ കുറിച്ചു. 'നാണമില്ലേ ബി.സി.സി.ഐ..സഞ്ജു സാംസണെപ്പോലെ ഒരു ​പ്രതിഭയെ ഇങ്ങനെ നശിപ്പിക്കുന്നതിൽ..കളിച്ച അവസാന കളിയിൽ 183 സ്ട്രൈക് റേറ്റിൽ 77 റൺസെടുത്ത കളിക്കാരന് അടുത്ത മത്സരത്തിൽ അവസരമില്ല. ശേഷം അടുത്ത രണ്ടു കളികൾക്കുള്ള ടീമിൽ അയാളെ പരിഗണിച്ചതുപോലുമില്ല. ചില പ്രത്യേക കളിക്കാർ ഒരു പ്രകടനവും പുറത്തെടുക്കാതെ ടീമിൽ തുടരുമ്പോഴാണിത്..'-ഒരു ആരാധിക കുറിച്ചതിങ്ങനെ. ചിലർ ഫോമില്ലാതെയും ടീമിൽ തുടരുന്ന ഇഷാൻ കിഷന്റെ പേർ പരാമർശിക്കുകയും ചെയ്തു.


'2015ലാണ് അവൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. നിരന്തരം തുടരുന്ന ഈ അവഗണനക്കെതിരെ ബി.സി.സി.ഐയെയോ സെലക്ടർമാരെയോ കുറ്റപ്പെടുത്തി ഒരു വാക്കുപോലും അവൻ പറഞ്ഞിട്ടില്ല. അതാണവന്റെ മാന്യത..നിങ്ങൾ രണ്ടു ടീമുകളുണ്ടാക്കൂ..ഇന്ത്യ എ വടക്കേയിന്ത്യക്കാർക്കുവേണ്ടിയും ഇന്ത്യ ബി ​തെക്കേ ഇന്ത്യക്കാർക്കുവേണ്ടിയും.'-ഒരു ക്രിക്കറ്റ് പ്രേമിയുടെ പ്രതികരണം ഇങ്ങനെ. 'വിശ്വസിച്ചാലും ഇല്ലെങ്കിലും..അവർ അവന്റെ കരിയർ നശിപ്പിക്കുകയാണ്'-എന്ന് ഒരാൾ കുറിച്ചു.


'മികവു കാട്ടിയാലും ഇല്ലെങ്കിലും അവർ എല്ലായ്​പോഴും അവനെ തഴഞ്ഞുകൊണ്ടേയിരിക്കും. ഏതെങ്കിലുമൊരു കളിക്കാരന് അവസരം നൽ​കേണ്ട യഥാർഥ രീതി ഇതല്ല', 'അവസരങ്ങളൊന്നും നൽകാതെ തെറ്റായ പ്രതീക്ഷകൾ മാത്രം സമ്മാനിക്കാനാണെങ്കിൽ അയാളെ ടീമിലെടുക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണ്?', 'വെറുതെയല്ല, പണ്ട് മൊഹീന്ദർ അമർനാഥ് ബി.സി.​സി.ഐ സെലക്ടർമാരെ കോമാളിക്കൂട്ടം എന്ന് പറഞ്ഞത്', 'സഞ്ജു അരങ്ങുഭരിക്കുന്ന ഒരുദിനം വരും..അതിനായി കാത്തിരിക്കുന്നു'....കളിക്കമ്പക്കാരുടെ പ്രതികരണങ്ങൾ ഈ വിധത്തിലായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIsanju samson
News Summary - Twitterati fume as India leave out Sanju Samson of 1st T20I vs ENG
Next Story