ഉസൈൻ ബോൾട്ടിന്‍റെ വീട്ടിൽ 'ഇടിമുഴക്കവും മിന്നൽപ്പിണറും'; ചിത്രം പങ്കുവെച്ച് താരം
text_fieldsട്രാക്കിൽ മിന്നൽപ്പിണറായി പാഞ്ഞ്, ഗാലറികളിൽ ആരവത്തിന്‍റെ ഇടിമുഴക്കം സൃഷ്ടിച്ചിരുന്ന ഉസൈൻ ബോൾട്ടിന്‍റെ വീട്ടിൽ ഇപ്പോൾ ഇത് രണ്ടും ഉണ്ട്. മിന്നൽപ്പിണറും ഇടിമുഴക്കവും. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള അത്ലറ്റായ ഉസൈൻ ബോൾട്ടിന്‍റെ മക്കളുടെ പേരിലാണ് ഈ കൗതുകം. ഹ്രസ്വദൂര ഓട്ടമത്സരങ്ങളിലെ അതികായനായിരുന്ന ഉസൈൻ ബോൾട്ടിനെ ആരാധകർ ഇഷട്ത്തോടെ വിശേഷിപ്പിച്ചിരുന്ന വാക്കുകളാണിവ.
അടുത്തിടെയാണ് ബോൾട്ടിന്‍റെ പങ്കാളി കാസി ബെന്നറ്റ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കാസി തന്നെയാണ് ഈ സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. കുട്ടികൾക്കൊപ്പം താനും ഉസൈൻ ബോൾട്ടും ഇരിക്കുന്ന ചിത്രവും കാസി ഇൻസ്റ്റയിൽ പങ്കുവെച്ചു. നവജാതരായ ഇരട്ടക്കുട്ടികൾക്കൾക്ക് തണ്ടർ ബോൾട്ട്, സെയിന്‍റ് ലിയോ ബോൾട്ട് എന്നിങ്ങനെയാണ് പേര് ഇട്ടിരിക്കുന്നത്. ഒരു വയസ്സുള്ള മകൾക്ക് ഇട്ടിരിക്കുന്ന പോര് ഒളിമ്പിയ ലൈറ്റ്നിങ് ബോൾട്ട് എന്നാണ്.
തന്‍റെ കുടുംബ ജീവിതത്തിൽ വളരെയേറെ സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്നയാളാണ് ബോൾട്ട്. ആദ്യമായാണ് ബോൾട്ടിന്‍റെ മക്കളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോൾട്ടിന് ഫാദേഴ്സ് ഡേ ആശംസ നേർന്ന് കാസി ആണ് മക്കളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ, ഇരട്ടക്കുഞ്ഞുങ്ങൾ എന്നാണ് ജനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 2020 മേയിലാണ് ഒളിമ്പിയ ജനിക്കുന്നത്. പക്ഷേ, രണ്ടുമാസം കഴിഞ്ഞാണ് ഈ വിവരം ഉസൈൻ ബോൾട്ട് പുറത്തുവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.