അംഗീകാരമില്ലാത്ത വോളി അസോസിയേഷന്റെ രക്ഷാധികാരി കായികമന്ത്രി !
text_fieldsകോഴിക്കോട്: വിവിധ ആരോപണങ്ങളെ തുടർന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം റദ്ദാക്കിയ കേരള വോളിബാൾ അസോസിയേഷന്റെ രക്ഷാധികാരി സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ. വോളി അസോസിയേഷന്റെ ലെറ്റർ പാഡിലാണ് മന്ത്രിയുടെ പേര് സ്ഥാനംപിടിച്ചത്. കായിക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വോളി അസോസിയേഷന്റെ അംഗീകാരം റദ്ദാക്കാൻ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചത്. അതേ മന്ത്രിതന്നെ അസോസിയേഷന്റെ രക്ഷാധികാരിയാകുന്നുവെന്നതാണ് വിചിത്രം.
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് രക്ഷാധികാരികളുടെ പട്ടികയിലെ ഒന്നാമൻ. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ മന്ത്രിയും എം.പിയും സി.പി.ഐയുടെ നേതാവുമായ കെ.ഇ. ഇസ്മയിലും രക്ഷാധികാരികളാണ്. അംഗീകാരം നഷ്ടമായി പ്രവർത്തിക്കുന്ന സംഘടനയുടെ രക്ഷാധികാരികളായി മന്ത്രിമാർ മാറുന്നത് കേരള കായിക ചരിത്രത്തിൽ ആദ്യമാണ്.
വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് (വി.എഫ്.ഐ) 2020 ജൂൺ മുതൽ കേന്ദ്ര കായികമന്ത്രാലയത്തിന്റെ അംഗീകാരം നഷ്ടമായിരുന്നു. വി.എഫ്.ഐയുടെ കീഴ്ഘടകമായ കേരള വോളിബാൾ അസോസിയേഷന് കഴിഞ്ഞ വർഷമാണ് അഫിലിയേഷൻ റദ്ദായത്. അസോസിയേഷനാണ് ജില്ല മുതൽ സംസ്ഥാന തലം വരെ മത്സരങ്ങൾ നടത്തുന്നത്. സ്പോർട്സ് കൗൺസിൽ നടത്തുന്ന മത്സരങ്ങൾക്കാണ് അംഗീകാരമുള്ളത്. അതിനിടെയാണ് അടുത്ത ആഴ്ച മുതൽ ഭുവനേശ്വറിൽ ദേശീയ ചാമ്പ്യൻഷിപ് നടത്താൻ വി.എഫ്.ഐ തീരുമാനിച്ചത്. കേരള വോളി അസോസിയേഷൻ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
സർക്കാർ അംഗീകാരം റദ്ദാക്കിയ അസോസിയേഷന്റെ ടീമിൽ കേരള പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും താരങ്ങളുണ്ടെന്നതാണ് മറ്റൊരു കൗതുകം. രാജ്യത്തെ മുൻ നിര പുരുഷതാരങ്ങളെല്ലാം ഹൈദരാബാദിൽ അടുത്ത ആഴ്ച തുടങ്ങുന്ന പ്രൈം വോളി ലീഗിൽ കളിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.