ഒരുങ്ങുന്നത് ഒന്നിലധികം കളിക്കളങ്ങൾ; വേങ്ങരയുടെ കായികകുതിപ്പ് ലോക ഭൂപടത്തിലേക്ക്
text_fieldsവേങ്ങര: കായികരംഗത്ത് വേങ്ങരയുടെ മുഖച്ഛായ മാറ്റുന്ന വികസനക്കുതിപ്പിനൊരുങ്ങുകയാണ് വേങ്ങര. ഇക്കഴിഞ്ഞ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഊരകത്ത് പ്രഖ്യാപിച്ച കായിക അക്കാദമിക്കുപുറമെ ടർഫ് കോർട്ടുകളും ബാഡ്മിൻറൺ കോർട്ടുകളും ഉൾപ്പെടുന്ന കായിക കോംപ്ലക്സിന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ തുടക്കമിട്ടു. മൂന്നര ഏക്കറിൽ ഒരുങ്ങുന്ന പദ്ധതിയിൽ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് പൂര്‍ണമായും സൗജന്യമായാണ് നല്‍കുകയെന്ന് സംഘാടകർ പറയുന്നു. സെവന്‍സ് ഫുട്ബാള്‍ ഗ്രൗണ്ട്, ടെന്നിസ്, വോളിബാള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, വാക്കിങ് പാത്ത്, സ്പോര്‍ട്സ് ഹോസ്റ്റല്‍ തുടങ്ങിയവയാണ് പൊതുജനങ്ങള്‍ക്കായി സബാഹ് സ്ക്വയറില്‍ ഒരുക്കുന്നത്.
സംസ്ഥാനത്ത് സ്കൂള്‍തലം തൊട്ട് കായിക ക്ഷമത വർധിപ്പിക്കാനുള്ള പദ്ധതികളാവിഷ്കരിച്ചതായി മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. സ്കൂളുകളില്‍ കായിക വിഷയങ്ങൾ പാഠ്യ വിഷയമാക്കുന്നതിെൻറ ഭാഗമായി പാഠ പുസ്തക അച്ചടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചുലക്ഷം വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നടത്താനുള്ള കരാറിൽ ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷനുമായും സ്കൂള്‍തലം മുതല്‍ അക്കാദമിക മികവോടെയുള്ള പരിശീലനത്തിന് കോഴിക്കോട് സര്‍വകലാശാലയുമായും ധാരണയായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വേങ്ങരയിൽ നിർമാണമാരംഭിക്കുന്ന സബാഹ് സ്ക്വയര്‍ ലോഗോ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രകാശനം ചെയ്തു. ചെയര്മാന് സബാഹ് കുണ്ടുപുഴക്കല്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ സ്പോര്‍ട്സ് ക്ലബുകളും സന്നദ്ധ സംഘങ്ങളും കൈകോര്‍ത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്ന് സബാഹ് കുണ്ടുപുഴക്കൽ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. സക്കീർ ഹുസൈൻ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. പൂച്യാപ്പു, ഫുട്ബാള്‍ താരങ്ങളായ ആസിഫ് സഹീർ, സുരേന്ദ്രൻ മങ്കട, ഹബീബ് റഹ്മാൻ, നഹീം ചേറൂർ, മുന്‍ ബ്ലോക്ക് പ്രസിഡൻറ് പി.കെ. അസ്ലു, ചാരിറ്റി പ്രവര്ത്തകന് നാസര്‍ മാനു, ഹകീം തുപ്പിലിക്കാട്ട് എന്നിവർ സംസാരിച്ചു. കെ.പി. ബക്കർ സ്വാഗതവും വിജയൻ കുറ്റാളൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.