‘വിനേഷ് ഫോഗട്ട് വെള്ളിയെങ്കിലും അർഹിക്കുന്നു’; സചിന് പിന്നാലെ പിന്തുണയുമായി ഗാംഗുലിയും
text_fieldsകൊൽക്കത്ത: പാരിസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വിനേഷിനെ അയോഗ്യയാക്കിയ നടപടി ശരിയോ തെറ്റോ എന്നെനിക്കറിയില്ലെന്നും എന്നാൽ, വെള്ളി മെഡലെങ്കിലും അർഹിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.
‘യഥാർഥ നിയമം എന്താണെന്ന് എനിക്കറിയില്ല. എന്നാൽ, അവർ ഫൈനലിലെത്തിയത് ശരിയായ യോഗ്യതയിലൂടെയാണെന്ന് എനിക്കുറപ്പുണ്ട്. അതിനാൽ ഫൈനലിലെത്തുമ്പോൾ അത് സ്വർണമോ വെള്ളിയോ ആയിരിക്കും. അവരെ അയോഗ്യയാക്കിയ നടപടി ശരിയോ തെറ്റോ എന്നെനിക്കറിയില്ല, പക്ഷേ അവർ വെള്ളി മെഡലെങ്കിലും അർഹിക്കുന്നു’ -എന്നിങ്ങനെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
നേരത്തെ ഇതിഹാസ ക്രിക്കറ്റർ സചിൻ ടെണ്ടുൽക്കറും വിനേഷിന് പിന്തുണയുമായി എത്തിയിരുന്നു. വിനേഷ് ഫോഗട്ട് വെള്ളിമെഡൽ അർഹിക്കുന്നുണ്ടെന്നായിരുന്നു സചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടത്. നിയമങ്ങളെല്ലാം പാലിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്, അതിനാൽ മെഡൽ അർഹിക്കുന്നുണ്ട്. എല്ലാ കായിക ഇനത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ സമയത്തിനനുസരിച്ച് അതിൽ ചില പുനഃപരിശോധനകളുണ്ടാവും. അർഹതപ്പെട്ട ഒരു മെഡൽ അവരിൽ നിന്നും തട്ടിയെടുക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടികളെന്നും സചിൻ കൂട്ടിച്ചേർത്തു.
ഗുസ്തിയിൽ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ മത്സരിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ അന്തിമ പോരാട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്. ഇതോടെ ഇന്ത്യ ഉറപ്പിച്ച മെഡൽ അപ്രതീക്ഷിതമായി നഷ്ടമായിരുന്നു. അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിന്റെ വിധി ആഗസ്റ്റ് 13നാണ് വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.