‘സ്ത്രീകൾക്കായി പ്രവർത്തിച്ചുകാണിക്കൂ’; മോദിയോട് വനിത ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമം കാട്ടിയ ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെപ്പോലുള്ളവരെ കായികരംഗത്തുനിന്ന് പുറത്താക്കി ‘സ്ത്രീശക്തി’ മുദ്രാവാക്യം പ്രവർത്തിച്ചുകാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വനിത ഗുസ്തി താരങ്ങൾ. കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് അധികാരങ്ങൾ തിരിച്ചുനൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തോട് പ്രതിഷേധിക്കവേയാണ് താരങ്ങളുടെ അഭിപ്രായ പ്രകടനം.
എതിരാളികളെ നേരിടാൻ ‘സ്ത്രീശക്തി’ എങ്ങനെ ഉപയോഗപ്പെടുത്താമെന്നറിയാവുന്ന സ്പിൻ മാസ്റ്ററാണ് മോദിയെന്നും ഇതിന് പിന്നിലെ യാഥാർഥ്യം തങ്ങളും അറിയട്ടെയെന്നും വിനേഷ് ഫോഗട്ട് എക്സിൽ കുറിച്ചു. വനിത താരങ്ങളെ ചൂഷണം ചെയ്ത ബ്രിജ്ഭൂഷൺ വീണ്ടും ഗുസ്തി തലപ്പത്തെത്തിയിരിക്കുകയാണ്. സ്ത്രീകളെ കേവലം പരിചയായി ഉപയോഗിക്കാതെ, രാജ്യത്തെ കായിക സ്ഥാപനങ്ങളിൽനിന്ന് ഇത്തരം അടിച്ചമർത്തലുകാരെ പുറത്താക്കാൻ പ്രധാനമന്ത്രി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഏഷ്യൻ ഗെയിംസ് സ്വർണ ജേത്രിയായ ഫോഗട്ട് തുടർന്നു.
ഫെഡറേഷൻ ഭാരവാഹികൾ നിയമത്തിന് അതീതരാണെന്ന മട്ടിലാണ് പ്രവർത്തിക്കുന്നതെന്ന് ഒളിമ്പിക്സ് മെഡലുകാരി സാക്ഷി മാലിക് പറഞ്ഞു.‘‘ഈ രാജ്യത്തെ അധികാരികൾ നൂറ്റാണ്ടുകളായി സ്ത്രീകളെ ബഹുമാനിച്ചു എന്നതിന് ചരിത്രം സാക്ഷിയാണ്. ധനികനായ ആ ദുഷ്ടൻ വളരെ ശക്തനാണ്, സർക്കാറിനും ഭരണഘടനക്കും ജുഡീഷ്യറിക്കും മുകളിലാണ്. സർക്കാർ സസ്പെൻഡ് ചെയ്തതിന് ശേഷവും, ബ്രിജ് ഭൂഷണും സഞ്ജയ് സിങ്ങും സസ്പെൻഷൻ ഒരു ഷോ മാത്രമാണെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം പുനഃസ്ഥാപിക്കുമെന്നും പ്രസ്താവനകൾ തുടർന്നു. ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടു’’ -സാക്ഷി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.