ആദ്യമായല്ലല്ലോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്; കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു -വിനേഷ് ഫോഗട്ടിനെ പഴിച്ച് സൈന നെഹ്‍വാൾ
text_fieldsന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ ഫൈനലിൽ കടന്ന് മെഡലുറപ്പിച്ച ശേഷം ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ പഴി ചാരി ബാഡ്മിന്റൺ താരം സൈന നെഹ്‍വാൾ. വിനേഷ് ഫോഗട്ട് ആദ്യമായല്ല ഒളിമ്പിക്സിൽ മത്സരിക്കുന്നതെന്നും ഭാരം നിശ്ചിത പരിധിയിൽ നിർത്തുന്ന കാര്യത്തിൽ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നും സൈന അഭിപ്രായപ്പെട്ടു.
''ഒരു അത്‍ലറ്റ് എന്ന നിലയിൽ വിനേഷ് ഇപ്പോൾ അനുഭവിക്കുന്ന വേദന മനസിലാക്കാൻ എനിക്ക് സാധിക്കും. ആ വികാരം പറഞ്ഞു ഫലിപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. ശരീര ഭാരം പെട്ടെന്ന് കൂടിയിട്ടുണ്ടാകും. വിനേഷ് ഒരു പോരാളിയാണ്. എക്കാലത്തും മഹത്തായ രീതിയിൽ അവർ നടത്തിയ തിരിച്ചുവരവുകൾ നമ്മൾക്കറിയാം. അടുത്ത തവണ വിനേഷ് ഇന്ത്യക്കായി ഉറപ്പായും മെഡൽ നേടും.''-സൈന പറഞ്ഞു.
''വിനേഷ് ഫോഗട്ട് പരിചയ സമ്പന്നയായ കായിക താരമാണ്. എന്താണ് ശരി എന്നും തെറ്റ് എന്നും മനസിലാക്കാൻ അവർക്ക് കഴിയും. ഗുസ്തിയുടെ നിയമങ്ങളെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതിന്റെ നിയമങ്ങൾ വിനേഷിന് നന്നായി അറിയാം. ഈ സംഭവത്തിൽ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്. അതിനാൽ മെഡൽ നഷ്ടത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. ഒളിമ്പിക്സ് പോലുള്ള വലിയ മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഇത്തരത്തിലുള്ള തെറ്റുകൾ ഒരിക്കലും വരുത്തിക്കൂടാ. എന്താണ് സംഭവിച്ചതെന്ന് മനസിലായിട്ടില്ല. കഠിനമായി പരിശ്രമിക്കുന്ന കായിക താരമായാണ് വിനേഷിനെ എനിക്കറിയാവുന്നത്.''-സൈന തുടർന്നു.
തീർച്ചയായും വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിമ്പിക്സ് ആയിരുന്നില്ല ഇത്. മൂന്നാം തവണയാണ് വിനേഷ് ഒളിമ്പിക്സിനെത്തിയത്. ഒളിമ്പിക്സ് പോലെയുള്ള വലിയ മത്സരിക്കുന്ന താരങ്ങൾക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറില്ല. അവർ ഭാരപരിശോധനയിൽ പരാജയപ്പെട്ടത് എങ്ങനെ എന്നത് ഒരു ചോദ്യമാണ്. പാരീസിൽ വിനേഷിനെ സഹായിക്കാൻ പരിശീലകർ, ഫിസിയോ, ട്രെയിനേഴ്സ് എന്നിവർ ഉൾപ്പെടുന്ന വലിയൊരു സംഘം തന്നെ ഒപ്പമുണ്ട്. ഇവരെല്ലാം ഇപ്പോൾ കടുത്ത വിഷമത്തിലായിരിക്കും. ഇത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണ്. എന്താണ് സംഭവിച്ചതെന്നും വിനേഷിനും പരിശീലകർക്കും മാത്രമേ അറിയുകയുള്ളൂ.-സൈന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.