ഗൂഗ്ളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് വിനേഷ് ഫോഗട്ടിനെ; മറ്റുള്ളവരെ അറിയാം...
text_fieldsന്യൂഡൽഹി: 2024ൽ ഗൂഗ്ളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ഗുസ്തി താരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ടിനെ.
ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ചതിനു പിന്നാലെ ഫോഗട്ട്, ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു. പിന്നാലെ ഗുസ്തിയില്‍നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന അവർ, നിയമസഭാ തെരഞ്ഞെടുപ്പിൽ ജുലാനയിൽനിന്ന് ജയിച്ചുകയറി. ഹരിയാനയിൽ കോൺഗ്രസ് തോറ്റിട്ടും ബി.ജെ.പി സ്ഥാനാര്‍ഥി യോഗേഷ് കുമാറിനെ രാഷ്ട്രീയ ഗോദയിൽ മലർത്തിയടിച്ച് വിനേഷ് നേടിയ വിജയം വാർത്തകളിൽ നിറഞ്ഞു. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റങ് പൂനിയ എന്നിവർക്കൊപ്പം ചേർന്ന് അന്നത്തെ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്‍റെ രാജ്യ ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധവും രാജ്യത്തിന്‍റെ ശ്രദ്ധ പിടച്ചുപറ്റിയിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി അദ്ദേഹം നടത്തിയ നീക്കങ്ങളാണ് വാർത്തകളിൽ നിറച്ചത്. ഇൻഡ്യ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്കൊപ്പം പോയി ജെ.ഡി.യു. 12 എം.പിമാരുള്ള ജെ.ഡി.യു, കേന്ദ്ര സർക്കാറിൽ സഖ്യകക്ഷിയാണ്. ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ലോക് ജനശക്തി പർട്ടി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാനാണ് മൂന്നാമത്. മുൻ നടനായിരുന്ന ചിരാഗ്, നിലവിൽ കേന്ദ്ര മന്ത്രിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് നാലാമത്.
ഗുജറാത്ത് ടൈറ്റൻസിൽനിന്ന് റെക്കോഡ് തുകക്ക് കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ നയകനായി മടങ്ങിയെത്തിയെങ്കിലും ടീം പരാജയപ്പെട്ടു. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ നായകനാക്കിയ ടീം നടപടി ആരാധകരുടെ വലിയ പ്രതിഷേധത്തിനിടയാക്കി. ഗ്രൗണ്ടിൽ കാണികളുടെ കൂക്കി വിളികളും താരത്തിന് നേരിടേണ്ടിവന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതലാളുകള്‍ തെരഞ്ഞ അഞ്ചാമത്തെ പേര് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന്‍ കല്യാണിന്റേതാണ്.
ശശാങ്ക് സിങ് (ക്രിക്കറ്റർ), പൂനം പാണ്ഡെ (മോഡൽ), രാധിക മെര്‍ച്ചന്റ് (ബിസിനസ്സ്), അഭിഷേക് ശര്‍മ (ക്രിക്കറ്റർ), ലക്ഷ്യ സെന്‍ (ബാഡ്മിന്‍റൺ) തുടങ്ങിയവരാണ് യഥാക്രമം അഞ്ചു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ. ഗൂഗിള്‍ സെര്‍ച്ചുകളില്‍ പത്തില്‍ അഞ്ചു പേരുകളും കായിക താരങ്ങളാണ് എന്നതും കൗതുകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.