‘കോഹ്‍ലിയും ദ്യോകോവിച്ചും വർഷങ്ങളായി അടുപ്പക്കാരാണ്’
text_fieldsമെൽബൺ: ആധുനിക ക്രിക്കറ്റിലെ മിന്നുംതാരമായ ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിയും ടെന്നിസിൽ വിജയങ്ങളുടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറുന്ന ഇതിഹാസതാരം നൊവാക് ദ്യോകോവിച്ചും സുഹൃത്തുക്കളാണോ? ജീവിതത്തിൽ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഇരുവരും ഏറെ അടുപ്പം പുലർത്തുന്നവരാണ്.
24 ഗ്രാൻഡ്സ്ലാം കിടീരങ്ങളുമായി ടെന്നിസിന്റെ ഉന്നതിയിൽ വിരാജിക്കുന്ന ദ്യോകോയുമായി അടുത്ത ബന്ധം പുലർത്താറുണ്ടെന്നും കരിയറിൽ പരസ്‍പരം അഭിനന്ദിച്ചും ആശംസിച്ചും മുന്നേറുന്നവരാണ് തങ്ങളെന്നും കോഹ്‍ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങൾ കുറച്ചുവർഷങ്ങളായി സന്ദേശയങ്ങൾ അയക്കാറുണ്ടെന്ന് വെളിപ്പെടുത്തി നൊവാകും പ്രതികരിച്ചു. ദ്യോകോവിച്ചിന്റെ ഇൻസ്റ്റഗ്രാം പ്രൈാഫൈലിൽ പണ്ട് ‘ഹലോ’ എന്ന് മെസേജ് അയച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതുകണ്ട് കോഹ്‍ലി അന്തംവിട്ടുപോയി. മറുപടി ഫേക്ക് അക്കൗണ്ടിൽനിന്നോ മറ്റോ ആണോ എന്നായിരുന്നു തുടക്കത്തിൽ കോഹ്‍ലിയുടെ സംശയം. അതല്ല എന്ന് ഉറപ്പായശേഷം പിന്നീട് ഇടക്കിടെ ഇരുവരും സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.
‘ഞാനും വിരാട് കോഹ്‍ലിയും കുറച്ചു വർഷങ്ങളായി പരസ്പരം സന്ദേശങ്ങൾ അയക്കാറുണ്ട്. നേരിൽ കണ്ടുമുട്ടാൻ ഇതുവരെ അവസരം ഒത്തുവന്നിട്ടില്ല. എന്നെക്കുറിച്ച് അദ്ദേഹം പറയുന്ന നല്ല വാക്കുകൾ കേൾക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. കരിയറിൽ കോഹ്‍ലി സ്വന്തമാക്കിയ മുഴവൻ നേട്ടങ്ങളെയും ഞാൻ പ്രകീർത്തിക്കുന്നു’ -സോണി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ദ്യോകോ പറഞ്ഞു.
'ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ ഇന്ത്യയിൽ വന്നത്. പത്തോ പതിനൊന്നോ വർഷങ്ങൾക്ക് മുമ്പാണത്. ന്യൂഡൽഹിയിൽ ഒരു പ്രദർശന മത്സരം കളിക്കാൻ വന്നപ്പോൾ രണ്ടു ദിവസം ഇന്ത്യയിലുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയം മാത്രമാണത്. സമീപഭാവിയിൽതന്നെ ഇന്ത്യയെന്ന മനോഹര രാജ്യം വിശദമായി കാണാനും ആസ്വദിക്കാനുമുള്ള ആഗ്രഹം ഉള്ളിൽ അതിയായുണ്ട്. അത് യാഥാർഥ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷ. ഏറെ ചരിത്രവും സംസ്കാരവും ആത്മീയതയുമൊക്കെ ഇഴചേർന്നുനിൽക്കുന്ന ഇന്ത്യയെ അടുത്തറിയുന്നത് അതിശയകരമായിരിക്കും’ -ദ്യോകോവിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.