‘വിരാട് കോഹ്‍ലി ടെസ്റ്റ് ക്യാപ്റ്റനായി തുടരണമായിരുന്നു’; നേട്ടങ്ങൾ നിരത്തി മുൻ ഇന്ത്യൻ പരിശീലകൻ
text_fieldsന്യൂഡൽഹി: വിരാട് കോഹ്‍ലി ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി കൂടുതൽ കാലം തുടരണമായിരുന്നെന്ന് മുൻ പരിശീലകൻ സഞ്ജയ് ബംഗാർ. തന്നിൽനിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കോഹ്‌ലി തന്റെ ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് കഠിനമായി പ്രയത്നിച്ചുവെന്നും നായകനായ കാലയളവിൽ അദ്ദേഹം പരമാവധി റൺസ് നേടിയെന്നും ചൂണ്ടിക്കാണിച്ച ബംഗാർ, വിദേശ പര്യടനങ്ങളിൽ ടീമിന് നല്ല റിസൽട്ടുണ്ടാക്കുന്നതിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു. കോഹ്ലി നായകനായിരുന്നപ്പോൾ ബാറ്റിങ് കോച്ചായി ബംഗാർ പ്രവർത്തിച്ചിരുന്നു.
‘65 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച അദ്ദേഹം കൂടുതൽ കാലം ടെസ്റ്റ് ക്യാപ്റ്റനായി തുടരണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. വിദേശത്ത് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു വിരാടിന്റെ ലക്ഷ്യം. കാരണം, ഏത് ടീം ഇന്ത്യയിൽ കളിക്കാൻ വന്നാലും 75 ശതമാനവും വിജയം നമുക്കൊപ്പമായിരുന്നു. ഇന്ത്യയിൽ നമ്മൾ തോൽക്കാൻ അത്രയും മോശമായി കളിക്കേണ്ടിവരും. അദ്ദേഹം നായകനായിരുന്നപ്പോൾ ടീമിൽ ‘ഫിറ്റ്നസ് വിപ്ലവം’ തന്നെ കൊണ്ടുവന്നു. മറ്റു താരങ്ങൾ അദ്ദേഹത്തെ മാതൃകയാക്കി. തന്നിൽനിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കോഹ്‌ലി തന്റെ ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് കഠിനമായി പ്രയത്നിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ആ കാലയളവിൽ അദ്ദേഹം പരമാവധി റൺസ് നേടി’ -ബംഗാർ ചൂണ്ടിക്കാട്ടി.
റെഡ് ബാൾ ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റനാണ് വിരാട് കോഹ്‍ലി. 40 ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 27 വിജയം നേടിയ എം.എസ് ധോണിയാണ് തൊട്ടുപിറകിൽ. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ ഏറ്റവും വിജയം നേടിയ നായകന്മാരിൽ നാലാമതാണ് കോഹ്‍ലിയുടെ സ്ഥാനം. ഗ്രേം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നിവർ മാത്രമാണ് കോഹ്‍ലിക്ക് മുമ്പിലുള്ളത്. 2014-15 സീസണിൽ ആസ്ട്രേലിയൻ പര്യടനത്തിലാണ് കോഹ്‍ലിയെ തേടി നായക പദവിയെത്തുന്നത്. നായകനായിരിക്കെ ബാറ്റിങ്ങിൽ 54.80 ശരാശരിയിൽ 5864 റൺസും നേടിയിരുന്നു. 2022ൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് പിന്നാലെയാണ് കോഹ്‍ലി നായകസ്ഥാനം ഒഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.