Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോട്‌ലയിലെ...

കോട്‌ലയിലെ 'ബ്ലോക്കത്തോണ്‍'

text_fields
bookmark_border
കോട്‌ലയിലെ ബ്ലോക്കത്തോണ്‍
cancel

ഒരുപാടു കാലത്തിനു ശേഷമാവാം ടെസ്റ്റ് ക്രിക്കറ്റിന്‍െറ ആദ്യകാല മുഖങ്ങളിലൊന്ന് വീണ്ടും അവതരിച്ചത്. ദിനവും ശരാശരി 300 ഉം 350 ഉം റണ്‍സ് പിറക്കുന്ന സമീപകാല ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 143 ഓവറുകളില്‍ നിന്ന് 143 റണ്‍സ് മാത്രമെടുത്ത് ദക്ഷിണാഫ്രിക്കന്‍ ടീം പ്രതിരോധത്തിന്‍െറ മതില്‍ക്കെട്ട് തീര്‍ത്തപ്പോള്‍ കൂടെ കളി കാണാനിരുന്ന സിറിലും മിങ്കും ഖലീലും സെര്‍ജും ന്യൂജനറേഷന്‍ ചിക്കുവും സന്ദീപുമൊക്കെ മൂക്കത്ത് വിരല്‍ വെച്ചു. ഇതാണോ ടെസ്റ്റ് ക്രിക്കറ്റ്! ഇതിപ്പം സൗത്ത് ആഫ്രിക്കന്‍ ടീമില്‍ എത്ര 'ദ്രാവിഡു'മാരാ..? ബാവുമയില്‍ തുടങ്ങിയ ദ്രാവിഡ് ശൈലി അംലയും ഡിവില്ലിഴേയ്സും കടന്ന് ഡുപ്ലെസി വരെയത്തെി നില്‍ക്കുന്നു. 'ഇങ്ങനെയുമുണ്ടോ ഒരു മുട്ടല്‍? നമ്മള്‍ നാളെയും കാണണ്ടേ' തരത്തില്‍ വാട്ട്സപ്പിലും ഫേസ് ബുക്കിലും ട്രോളര്‍മാരും സജീവമായി. കഴിഞ്ഞ ദിവസങ്ങളില്‍, ക്യാപ്റ്റന്‍ അംലയും ഡിവില്ലിഴേയസുമൊക്കെ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറിലൈനില്‍ പായും വിരിച്ച് കിടന്നുറങ്ങുന്ന ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ തൊട്ട് 'ഇവരിങ്ങനെ തുടങ്ങിയാലെങ്ങനാ' എന്നന്ധാളിക്കുന്ന സാക്ഷാല്‍ സുനില്‍ ഗവാസ്ക്കറിന്‍െറ പേരില്‍ വരെയും ട്രോള്‍ പോസ്റ്ററുകള്‍ ഇറങ്ങി. കൂടെ അഭിനന്ദനാര്‍ഹമെന്ന മട്ടില്‍, 'ഇത് താന്‍ടാ റിയല്‍ ടെസ്റ്റ്, ഇവര്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി' എന്നു തുടങ്ങുന്ന ട്രോളുകളുമുണ്ട്..

കോട്ലയിലെ ദ്രാവിഡുമാര്‍!
വര്‍ഷങ്ങള്‍ക്കുശേഷം സ്കോര്‍ ബോര്‍ഡ് നോക്കി കളി വിലയിരുത്താനിരിക്കുന്നവര്‍ക്ക് ഇത് ഒരു സാധാരണ കളി മാത്രമായിരിക്കും. രണ്ട് ഇന്നിങ്സുകളിലുമായി 200 എന്ന കടമ്പ പോലും തികക്കാനാവാതെ പുകള്‍ പെറ്റ സൗത്ത് ആഫ്രിക്കന്‍ ടീം കുറഞ്ഞ സ്കോറിന് ഓള്‍ ഒൗട്ടായി. ഇന്ത്യ 3- 0 ത്തിന് സീരിസും സ്വന്തമാക്കി. രണ്ടിന്നിംഗ്സിലും സെഞ്ച്വറി അടിച്ച രഹാനെ മാന്‍ ഓഫ് ദി മാച്ചായി. സൗത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കിയ അശ്വിന്‍ മാന്‍ ഓഫ് ദി സീരിസും. പക്ഷേ, ഡല്‍ഹി ഫിറോസ് ഷാ കോട്ലയിലും ലോകത്തിന്‍െറ വിവിധ കോണുകളിലുമിരുന്ന് ടി.വിയിലും ലൈവ് സ്ട്രീമിങ് വഴിയും കളി കണ്ടവര്‍ക്കാണ് ഈ ടെസ്റ്റിന്‍െറ മഹത്വവും പോരാട്ടവീര്യവും ശരിക്കുമുള്‍ക്കൊള്ളാനാവൂ. 143.1 ഓവര്‍ എറിഞ്ഞു, ഇന്ത്യന്‍ ബോളര്‍മാര്‍. അതില്‍ 89 ഉം മെയിഡന്‍ ഓവറുകള്‍. പ്രതിരോധക്കെട്ട് പടുത്ത എ ബി ഡിവില്ലിഴേയ്സ് 297 പന്തും ക്യാപ്റ്റന്‍ അംല 244 പന്തും നേരിട്ടു. ഡുപ്ലെസി ആണെങ്കില്‍ ആദ്യറണ്‍ നേടാന്‍ തന്നെ മുട്ടിയിട്ടത് 50 ലേറെ പന്ത്!

ഒച്ചല്ല, വലിച്ചുനീട്ടിയ റബര്‍ ബാന്‍ഡ്
കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റ് ക്രിക്കറ്റെന്നാല്‍ വേഗത്തില്‍ റണ്‍സ് വാരുകയും അഞ്ചാം ദിവസത്തിനു മുമ്പേ ഏതാണ്ടൊരു തീരുമാനമാകുമെന്ന മട്ടിലുമായിരുന്നു കാര്യങ്ങള്‍. ആസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലേയും പിച്ചുകളില്‍  ബൗളര്‍മാരുടെ മാസ്മരിക പ്രകടനത്തേക്കാള്‍ (വല്ലപ്പോഴുമുണ്ടാകുന്ന മിച്ചല്‍ ജോണ്‍സണ്‍ സ്റ്റൈല്‍, 2013 ആഷസ് ടെസ്റ്റ് ബോളിങ് പ്രകടനം വിസ്മരിക്കുന്നില്ല) മുന്നിട്ടു നിന്നത് വാര്‍ണര്‍മാരുടെയും വില്യംസണ്‍മാരുടേയും സ്മിത്തുമാരുടെയും റൂട്ടുമാരുടേയും 80 സ്ട്രൈക്ക് റേറ്റോടുകൂടിയ ശതകങ്ങളായിരുന്നു. മുമ്പൊക്കെ സെഞ്ച്വറി അടിച്ചതിനു ശേഷം ബാറ്റ് ഉയര്‍ത്തിക്കാണിക്കുന്ന ബാറ്റ്സ്മാന്‍്റെ മുഖത്തെ വിയര്‍പ്പില്‍ കുതിര്‍ന്ന പോരാട്ടവീര്യവും അടിക്കടി സെഞ്ച്വറി അടിച്ചതിനു ശേഷം വായുവിലേക്ക് പഞ്ച് ചെയ്യുന്ന പുത്തന്‍ തലമുറയുടെ സ്റ്റാറ്റിക്സ് റെക്കോര്‍ഡും കണ്ടാല്‍ സെഞ്ച്വറിക്കൊന്നും ഒരു വിലയുമില്ലേ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.

ഈ വേഗസെഞ്ച്വറിക്കാരുടെ കൂട്ടത്തില്‍ ഒട്ടും പിന്നിലല്ല, എ ബി ഡിവില്ലിഴേയ്സും അംലയുമൊക്കെ എന്നത് മറ്റൊരു രസകരമായ കാര്യവും. ഒരു പക്ഷേ, ഈ കൂട്ടത്തില്‍ രാജാവും പടത്തലവനുമൊക്കെ ആകാനുള്ള യോഗ്യത ഇവര്‍ക്കുണ്ട് താനും. ഒരാള്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ 31പന്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന മത്സരത്തില്‍ അതിവേഗസെഞ്ച്വറി അടിച്ചയാള്‍. മറ്റെയാള്‍ അതിവേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സും 6000 റണ്‍സുമൊക്കെ നേടിയ ആള്‍. എന്നിട്ടും കോട് ല ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സ് സ്ഥിതിവിശേഷം എടുത്ത് നോക്കുകയാണെങ്കില്‍, നാലാം ദിനം രണ്ടാം സെഷനില്‍ തീരേണ്ടിയിരുന്ന ഇന്നിങ്സ് അഞ്ചാം ദിവസം അവസാന സെഷന്‍ വരെയത്തെിച്ചത് അസാമാന്യമെന്ന് ടാഗിടാതെ വയ്യ. മെല്ലെപ്പോക്കുകാരായ ഒച്ചുകളേക്കാള്‍ മനപൂര്‍വം തന്നെ വലിച്ചു നീട്ടിയ റബര്‍ ബാന്‍ഡായി സൗത്ത് ആഫ്രിക്കന്‍ ടീമിനെ കാണുന്നതാണ് കുറച്ചുകൂടി അഭികാമ്യമെന്ന് കളി കാണുന്നതിനിടയില്‍ ആരോ കമന്‍റിയതിനു ചുവടെ ലൈക്ക് ചെയ്യുന്നു.

'ബ്ളോക്കത്തോണ്‍' ഇന്നിങ്സും ടീം സ്പിരിറ്റും
ഇന്ത്യക്ക് ഈ ടെസ്റ്റില്‍ ഒരു ജയമെന്നത് ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമതെത്താനുള്ള വഴിയായിരുന്നു. സൗത്ത് ആഫ്രിക്കക്ക് തലയുയര്‍ത്തിപ്പിടിക്കാനുള്ള അവസാന കച്ചിത്തുരുമ്പും. അവിടെയാണ് ഒരു പരിധിവരെ വിജയിച്ച 'ബ്ലോക്കത്തോണ്‍' ഇന്നിങ്സുകളുമായി സൗത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ കളം നിറഞ്ഞത്. നയം സിമ്പിളായിരുന്നു. റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റ് കളയാതിരിക്കുക. പരമാവധി പന്തുകള്‍ നേരിട്ട് കളി സമനിലയാക്കുക. കളിക്കു ശേഷം നടന്ന പത്രസമ്മേളനത്തില്‍ അംല നയം വ്യക്തമാക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് ഏതായാലും പരമ്പര നഷ്ടപ്പെട്ടു. എങ്കിലും ഞങ്ങള്‍ക്ക് തെളിയിക്കാനുള്ളത് ഞങ്ങള്‍ ഈ ടെസ്റ്റില്‍ തെളിയിച്ചിട്ടുണ്ടെന്ന് കരുതുന്നു.'

ഏതാണ്ട് 13 മണിക്കൂറോളമാണ് അവരുടെ ബാറ്റ്സ്മാന്‍മാര്‍ ക്രീസില്‍ ചെലവഴിച്ചത്. 'ഞങ്ങള്‍ ജയിക്കുമെന്നുള്ള പ്രതീക്ഷ ഏതായാലും ഇല്ലായിരുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ ഒരു തോല്‍വിയേക്കാള്‍ സമനിലയായിരുന്നു നല്ലതെന്ന് കരുതി. ഏതായാലും തോല്‍ക്കും, അപ്പോള്‍ ക്രീസില്‍ ചെന്ന് ജനക്കൂട്ടത്തെ കൈയ്യിലെടുക്കുന്ന കുറച്ച് ഷോട്ടുകള്‍ കളിച്ച് തിരിച്ചുപോരാം എന്നാരും കരുതിയില്ല. അതാണ് സൗത്ത് ആഫ്രിക്കന്‍ ടീം'- അംല പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ 200 പന്ത് നേരിട്ട ഇഴച്ചില്‍ ഇന്നിങ്സുകളില്‍ ആദ്യസ്ഥാനങ്ങളില്‍ എത്താന്‍ ഇതിനിടെ അംലക്കും ഡിവില്ലിഴേയ്സിനും കഴിഞ്ഞത് തീര്‍ച്ചയായും നാണക്കേടിന്‍്റെ അധ്യായമല്ല, പോരാട്ടവീര്യത്തിന്‍െറയും മഹത്തായ നിശ്ചയദാര്‍ഢ്യത്തിന്‍െറയും മാതൃകകളാണെന്ന് മറ്റാരും പറഞ്ഞില്ളെ ങ്കിലും ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കിയും ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചും വലഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എറിഞ്ഞ് തളര്‍ന്ന ബൗളര്‍മാരുമൊക്കെ നൂറുവട്ടം സമ്മതിക്കുമെന്നുറപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ab de villiershashim amlaindia vs south africa
Next Story