വഴിമാറിയ കളി ജീവിതം
text_fieldsടെന്നീസിനോടായിരുന്നു കുട്ടിക്കാലത്ത് ജോണ്‍സണ് താല്‍പര്യം. വിഖ്യാത താരം പീറ്റ് സാംപ്രാസ് ആയിരുന്നു റോള്‍ മോഡല്‍. ലോകമറിയപ്പെടുന്ന ടെന്നീസ് താരമാകണം എന്ന മോഹത്തോടെ ജന്മനാടായ ക്വീന്‍സ്ലന്‍ഡില്‍നിന്ന് ബ്രിസ്ബെയ്നിലേക്ക് വണ്ടി കയറി. മോഹന്‍ലാലിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ചെന്നു കയറിയത് ഒരു സിംഹത്തിന്‍െറ മടയിലേക്കായിരുന്നു. അത് ഒരു ക്രിക്കറ്റ് സിംഹമായിരുന്നു എന്നു മാത്രം. പേര് ഡെന്നിസ് ലില്ലി. അവിചാരിതമായി ലില്ലിയുടെ ബൗളിങ് ക്യാമ്പില്‍ പങ്കെടുത്തതോടെ ജോണ്‍സണ്‍ റാക്കറ്റ് താഴെ വെച്ച് ക്രിക്കറ്റ് പന്ത് കൈയിലെടുത്തു. അങ്ങനെ ലില്ലിയുടെ താല്‍പര്യ പ്രകാരം റോഡ് മാര്‍ഷിന്‍െറ അഡ്ലെയ്ഡിലെ ക്രിക്കറ്റ് അക്കാദമിയില്‍ ജോണ്‍സണത്തെി.
ഓസീസ് ബൗളിങ്ങിന്‍െറ നട്ടെല്ലായിരുന്ന ഗ്ളെന്‍ മഗ്രാത് വിരമിച്ചതോടെയുണ്ടായ വിടവിലേക്കാണ് മിച്ചല്‍ ജോണ്‍സണ്‍ എന്ന ഇടങ്കൈയന്‍ പേസ് ബൗളര്‍ എത്തുന്നത്. ആസ്ട്രേലിയന്‍ ക്രിക്കറ്റ് ശൈലിയായ അഗ്രസീവ്നെസിന്‍െറ എല്ലാ വശങ്ങളും ഉള്‍ക്കൊണ്ടായിരുന്നു ജോണ്‍സണും കരിയര്‍ ആരംഭിച്ചതും, ഇപ്പോള്‍ അവസാനിപ്പിക്കുന്നതും.
ചീറിവരുന്ന പന്തുകള്‍ക്കൊപ്പം ബാറ്റ്സ്മാനു നേരെയുള്ള തുറിച്ചുനോട്ടം, പ്രകോപിപ്പിക്കുന്ന വാക്കുകള്‍ അങ്ങനെ കാണികള്‍ക്കും ടെലിവിഷനും വേണ്ട എല്ലാ ചേരുവകളുടെയും മിശ്രിതമായിരുന്നു ജോണ്‍സണ്‍.
കയറ്റിറക്കങ്ങളുടെ ഒടുവില്‍, തിരിച്ചുവരാന്‍ സാധിക്കില്ല എന്ന ഒരിറക്കത്തിലാണ് ജോണ്‍സന്‍െറ വിരമിക്കല്‍ തീരുമാനം. പേസ് ബോളിങ്ങിന്‍െറ പറുദീസയായ വാക്കയില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ വിരമിക്കല്‍ തീരുമാനം ഉടലെടുത്തത്.
2007ല്‍ ശ്രീലങ്കക്കെതിരെ ബ്രിസ്ബെയിനിലാണ് ടെസ്റ്റ് അരങ്ങേറ്റം. അതിനു രണ്ട് വര്‍ഷം മുമ്പ് 2005ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ നിരവധി തവണയാണ് ജോണ്‍സന്‍െറ ബാറ്റ് ടീമിന് തുണയായിട്ടുള്ളത്.
ഇംഗ്ളണ്ടിനും ദക്ഷിണാഫ്രിക്കക്കും എതിരെയാണ് ജോണ്‍സന്‍െറ മികച്ച റെക്കോര്‍ഡ്. തന്‍െറ തിരിച്ചു വരവില്‍ 2013-14 ആഷസില്‍ ഇംഗ്ളണ്ടിനെ മുക്കിയ ജോണ്‍സന്‍െറ ബൗളിങ് പ്രകടനത്തോടെ ഓസീസ് 5-0ത്തിന് പരമ്പര നേടി. അഞ്ച് മത്സരങ്ങളില്‍നിന്നായി 37 വിക്കറ്റുകളാണ് ജോണ്‍സന്‍ സ്വന്തമാക്കിയത്. തന്‍െറ മികച്ച പ്രകടനമായി അദ്ദേഹം വിലയിരുത്തുന്നതും ഇതുതന്നെ. ആഷസിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ജോണ്‍സണ്‍ നാശം വിതച്ചു. മൂന്ന് മത്സരങ്ങളില്‍നിന്നായി 22 വിക്കറ്റുകളാണ് പിഴുതത്. രണ്ട് പരമ്പരകളില്‍നിന്നായി 15.23 ശരാശരിയില്‍ 59 വിക്കറ്റുകള്‍ പിഴുത് ജോണ്‍സണ്‍ ഫോമിന്‍െറ പാരമ്യത്തിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.