ഇനിയും വരും വസന്തം
text_fieldsതട്ടിയും തടഞ്ഞും ചെറു ആള്‍ക്കൂട്ടങ്ങള്‍. പിന്നെ അയല്‍നാട്ടില്‍നിന്നും അടുത്തജില്ലകളില്‍നിന്നുമൊക്കെയായി ആയിരങ്ങളും പതിനായിരങ്ങളുമായി. ഏറ്റവുമൊടുവില്‍ ജനസാഗരമായി അരലക്ഷത്തോടടുത്തപ്പോഴേക്കും കളി കഴിഞ്ഞു. വൈകിയത്തെിയതിന് ക്ഷമചോദിക്കുംമുമ്പേ മേളകഴിഞ്ഞ മൂഡ്. ഇനി കാത്തിരിപ്പാണ്, രണ്ടുപതിറ്റാണ്ടിന്‍െറ ദീര്‍ഘ നിദ്രയുംകഴിഞ്ഞ് സടകുടഞ്ഞെഴുന്നേറ്റ സേട്ട്നാഗ്ജി ഫുട്ബാള്‍ അടുത്തവര്‍ഷവും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തെ ആവേശത്തിലാറാടിക്കാന്‍ എത്തുന്നതിനായി. മണ്‍മറഞ്ഞുവെന്ന് കരുതിയ മലബാര്‍ ഫുട്ബാളിന്‍െറ പെരുമയെ കൈപിടിച്ച് തിരികെയത്തെിക്കാന്‍ പ്രയത്നിച്ച കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന് നല്‍കണം നൂറ് പൂച്ചെണ്ടുകള്‍. പരാതികളും പരിഭവങ്ങളും ഏറെയുണ്ടെങ്കിലും വലിയലക്ഷ്യത്തിലെ ആദ്യ ചുവടുവെപ്പിന്‍െറ ഇടര്‍ച്ചയായി കരുതാനാണ് ഫുട്ബാള്‍പ്രേമികള്‍ക്ക് ഇഷ്ടം.
മോഹന്‍ബഗാനും മുഹമ്മദന്‍സും ജെ.സി.ടിയും മഗന്‍സിങ്ങും ചെയ്ന്‍സിങ്ങും മുതല്‍ ബ്രഹ്മാനന്ദും ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും സൂപ്പര്‍താരങ്ങളായി കൊണ്ടുനടന്ന നാട്ടിലേക്ക് യുക്രെയ്നില്‍നിന്നുള്ള എഫ്.സി നിപ്രൊയെയും ബ്രസീലില്‍നിന്നുള്ള അത്ലറ്റികോ പരാനെന്‍സിനെയും വ്ളാഡിസ്ളാവ് കൊഷര്‍ജിനെയും ജൊവോ പെഡ്രോയെയും കുടിയിരുത്തിയാണ് 36ാമത് നാഗ്ജി ഫുട്ബാളിന് കോഴിക്കോടിന്‍െറ കളിമുറ്റത്ത് കൊടിയിറങ്ങിയത്. അപരിചിതമായ ടീമുകളും താരങ്ങളുമായി കിക്കോഫ് കുറിച്ച ടൂര്‍ണമെന്‍റ് സമാപിക്കുമ്പോഴേക്കും യുക്രെയ്ന്‍, ബ്രസീല്‍, ജര്‍മനി, അയര്‍ലന്‍ഡ് നാടുകളിലെ പുതുതലമുറ താരങ്ങള്‍ക്ക് മലബാറില്‍നിന്ന് ആരാധകരായിക്കഴിഞ്ഞു. 20ഉം 22ഉം വയസ്സുകാരായ പ്രതിഭകള്‍ വരുംനാളില്‍ യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലും രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിലും പന്തുതട്ടുമ്പോള്‍ അവരുടെ മേല്‍വിലാസം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചവരെന്ന പെരുമപങ്കിടാന്‍ കോഴിക്കോടിനും അവകാശമുണ്ടാവും.
യൂറോപ്പില്‍നിന്നും തെക്കനമേരിക്കയില്‍ നിന്നുമായത്തെിയ എട്ടുപേരില്‍ മലയാളമണ്ണില്‍ ഏറെ ആരാധകരുള്ള അര്‍ജന്‍റീന അണ്ടര്‍ 23 ടീം മാത്രമേ നിരാശപ്പെടുത്തിയുള്ളൂ. ചാമ്പ്യന്‍ഷിപ്പില്‍ ഒരുഗോളോ, ഒരു ജയമോ സ്വന്തമാക്കാതെയായിരുന്നു മറഡോണയുടെ സഹതാരമായ ജൂലിയോ ഒലാര്‍ട്ടികോഷ്യയുടെ സംഘം മടങ്ങിയത്. എന്നാല്‍, ബ്രസീലിയന്‍ കേളിശൈലിയുമായി അത്ലറ്റികോ പരാനെന്‍സ്, ജര്‍മനിയുടെ കൗമാരക്കാരായ മ്യൂണിക് 1860, യുക്രെയ്നില്‍നിന്നുള്ള ചാമ്പ്യന്‍ ടീം നിപ്രൊ, വോളിന്‍ ലുറ്റ്സ്ക്, അയര്‍ലന്‍ഡുകാരായ ഷംറോക് റോവേഴ്സ്, ഇംഗ്ളീഷുകാരായ വാറ്റ്ഫോഡ് എഫ്.സി എന്നിവരും ആരാധകരെ സൃഷ്ടിച്ചു. അതേസമയം, റുമാനിയന്‍ സാന്നിധ്യമായ റാപിഡ് ബുകറെസ്തിക്ക് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനുമായില്ല.
പ്രതികൂല കാലാവസ്ഥയില്‍ മൂന്നാഴ്ചയിലേറെ തമ്പടിച്ചും തിരിക്കിട്ട ഷെഡ്യൂളുമായി സഹകരിച്ചും മടങ്ങുന്ന ടീമുകള്‍ക്കും നല്ലവാക്കുകളേ നാഗ്ജിയെക്കുറിച്ച് പറയാനുള്ളൂ. ലോകനിലവാരത്തിലെ കാണികളെന്നായിരുന്നു ഒലാര്‍ട്ടികോഷ്യയുടെയും മുന്‍ ലിവര്‍പൂള്‍-ആസ്ട്രേലിയ താരമായ വാറ്റ്ഫോഡ് കോച്ച് ഹാരി ക്യൂവെലിന്‍െറയും വാക്കുകള്‍. ക്ഷണിച്ചാല്‍ വരും വര്‍ഷങ്ങളിലുമത്തെുമെന്ന ടീമുകളുടെ ഉറപ്പിലുമുണ്ട് നാഗ്ജിക്കുള്ള ഗുഡ്സര്‍ട്ടിഫിക്കറ്റ്.
സമ്പൂര്‍ണ വിദേശപങ്കാളിത്തത്തിലൊതുങ്ങിയെന്നതാണ് ടൂര്‍ണമെന്‍റിനെതിരായ കാര്യമായ വിമര്‍ശം. അടുത്തസീസണില്‍ ഇന്ത്യന്‍ ക്ളബുകളുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന സംഘാടകരുടെ വാക്കുകളെ വിശ്വസിച്ചാല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചാമ്പ്യന്‍ഷിപ്പ് എന്ന നിലവാരത്തിലേക്കാവും നാഗ്ജിയുടെ കുതിപ്പ്. അഖിലേന്ത്യാ ഫുട്ബാള്‍ അസോസിയേഷന്‍െറ പ്രധാനികളില്‍ ഒരാളാണ് കെ.എഫ്.എ തലവനെന്നതിനാല്‍ ഇക്കുറി ഒരിന്ത്യന്‍ ടീമിനെയെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിയാത്തതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുമാവില്ല. ഇവന്‍റ്മാനേജ്മെന്‍റുകരുടെ ‘ഏകാധിപത്യ ഭരണം’ മാറ്റിനിര്‍ത്തിയാല്‍ വിജയകരമായിരുന്നു ഫുട്ബാള്‍ മേള. ഐ ലീഗ് മത്സരങ്ങള്‍ ഒഴിഞ്ഞ ഗാലറിയില്‍ നടക്കുമ്പോള്‍ നാഗ്ജിയിലെ എല്ലാ മത്സരങ്ങളിലും ശരാശരി 20,000 പേര്‍ കാണികളായത്തെിയെന്നത് ചെറിയകാര്യമല്ല. നിരക്കിളവോടെ ടിക്കറ്റ് ലഭ്യമാക്കുകയെന്നതാണ് മറ്റൊരാവശ്യം. ദിവസവും മത്സരം നടക്കുമ്പോള്‍ നിലവിലെ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കുകയെന്നത് സാധാരണക്കാരായ ഫുട്ബാള്‍പ്രേമികള്‍ക്ക് ഭാരമാവും.
ടൂര്‍ണമെന്‍റ് സമയവും നിര്‍ണായക ഘടകമാണ്. യൂറോപ്യന്‍ ക്ളബ് ഫുട്ബാളുകളുടെ തത്സമയ സംപ്രേഷണ സമയത്തെ കളി നാഗ്ജിയുടെ ടെലിവിഷന്‍ റേറ്റിങ്ങിനെ ബാധിക്കും. കൂടുതല്‍ ആസൂത്രണമികവ് പുലര്‍ത്തിയാല്‍ വന്‍കിട സ്പോണ്‍സര്‍മാര്‍ തേടിയത്തെുമെന്നതില്‍ രണ്ടഭിപ്രായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.