പരീക്ഷണങ്ങളുടെ രാജകുമാരന്‍
text_fieldsവെലിങ്ടണ്‍: സാങ്കേതികത്തികവും സൗന്ദര്യവും കരുത്തും ചേര്‍ന്നതായിരുന്നു മാര്‍ട്ടിന്‍ ക്രോ എന്ന ബാറ്റ്സ്മാന്‍. 80കളിലും 90കളുടെ ആദ്യപകുതിയിലും ലോകക്രിക്കറ്റില്‍ കവിതരചിച്ച ക്രോ വിടവാങ്ങുമ്പോള്‍ കളിപ്രേമികളുടെ മനസ്സില്‍ ബാക്കിയാവുന്നത് ഒരുപിടി നല്ല ഓര്‍മകള്‍. ‘ക്രീസില്‍ പരുന്തിനെപ്പോലെ കുതിച്ചുയരുന്ന ബാറ്റ്സ്മാന്‍’ എന്നാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായിരുന്ന പീറ്റര്‍ റീബോക് ക്രോയെ വിശേഷിപ്പിച്ചത്. ക്രീസില്‍ എതിരാളികള്‍ക്ക് പരുന്തായിരുന്ന ക്രോ സഹതാരങ്ങള്‍ക്ക് മാടപ്രാവിനെപ്പോലെ ഓമനയായിരുന്നു. ചേട്ടന്‍ ജെഫ് ക്രോയുടെ നിഴലില്‍നിന്ന് പുറത്തുകടക്കാന്‍ കുറച്ചു വര്‍ഷമെടുത്തെങ്കിലും പിന്നീട് മാര്‍ട്ടിന്‍ സ്വന്തമായി പാത തെളിയിച്ചു. നായകനെന്ന നിലയില്‍ സഹതാരങ്ങള്‍ക്ക് ഉപദേശവും നിര്‍ദേശവും സാന്ത്വനവുമേകി.
വിരമിച്ച ശേഷം ടെലിവിഷന്‍ കമന്‍േററ്റര്‍ ജോലിയില്‍ മുഴുകിയപ്പോഴും ജൂനിയര്‍ താരങ്ങളുടെ തലതൊട്ടപ്പനായതും ഇദ്ദേഹമായിരുന്നു. റോസ് ടെയ്ലര്‍ക്കും മാര്‍ട്ടിന്‍ ഗുപ്റ്റിലിനും മാര്‍ട്ടിന്‍ ക്രോ വെറുമൊരു ഇതിഹാസതാരമല്ല. കരിയറിലെ ഉയര്‍ച്ച താഴ്ച്ചക്കിടയില്‍ ഉപദേശംതേടാന്‍ ഇരുവരും ഓടിയത്തെിയിരുന്നത് ക്രോയുടെ അരികിലേക്കായിരുന്നു. 2013-14 സീസണില്‍ വെസ്റ്റിന്‍ഡീസിനും ഇന്ത്യക്കുമെതിരായ പരമ്പരയില്‍ റോസ് ടെയ്ലര്‍ നിറഞ്ഞുനിന്നത് ക്രോയുടെ വിലപ്പെട്ട ഉപദേശം സ്വീകരിച്ച ശേഷമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ പുറത്താകാതെ 237 റണ്‍സ് നേടിയ ഗുപ്റ്റിലിന്‍െറ മികവിനു പിന്നിലും ഇദ്ദേഹമായിരുന്നു. ട്വന്‍റി20 ലോകകപ്പിനൊരുങ്ങാന്‍ ദുബൈയിലേക്ക് തിരിക്കുംമുമ്പ് ടെയ്ലറും ഗുപ്റ്റിലും ആചാര്യന് ആദരാജ്ഞലിയര്‍പ്പിച്ചാണ് മടങ്ങിയത്.
കുട്ടിക്രിക്കറ്റിന്‍െറ ലോകമാമാങ്കത്തിന് ടീമുകള്‍ ഒരുങ്ങുന്നതിനിടെയാണ് ട്വന്‍റി20യുടെ പഴയ രൂപമായ ക്രിക്കറ്റ് മാക്സിന്‍െറ ആശയത്തിനുടമയായ മാര്‍ട്ടിന്‍ ക്രോയുടെ അകാല വിയോഗം. സ്കൈ സ്പോര്‍ട്സില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബേസ്ബാള്‍ പോലെ എളുപ്പംതീരുന്ന ക്രിക്കറ്റ് കളിയുടെ ആവശ്യകത ഒരു ജീവനക്കാരന്‍ ക്രോയോട് പറഞ്ഞത്. ക്രിക്കറ്റ് മാക്സ് എന്ന കുട്ടിക്രിക്കറ്റിന്‍െറ തുടക്കമായിരുന്നു അത്. കാണികളെ ആകര്‍ഷിക്കുന്നതും നിറപ്പകിട്ടാര്‍ന്നതും പെട്ടെന്ന് കഴിവുകള്‍ പ്രകടിപ്പിക്കാനാവുന്നതും കളിയുടെ പാരമ്പര്യം നിലനിര്‍ത്തുന്നതുമായ മത്സരമായാണ് അദ്ദേഹം ക്രിക്കറ്റ് മാക്സിനെ വിലയിരുത്തിയത്. ഒരോവറില്‍ എട്ടു പന്ത് വീതം പത്ത് ഓവറുള്ള രണ്ട് ഇന്നിങ്സായിരുന്നു ക്രിക്കറ്റ് മാക്സിലുണ്ടായിരുന്നത്. നോബാള്‍ എറിഞ്ഞാല്‍ അടുത്ത പന്തില്‍ ഫ്രീ ഹിറ്റ് എന്ന ക്രിക്കറ്റ് മാക്സിലെ നിയമമടക്കം പലതും ട്വന്‍റി20യിലും തുടരുകയായിരുന്നു. ഏഴു വര്‍ഷത്തോളം ന്യൂസിലന്‍ഡില്‍ സജീവമായിരുന്ന ക്രിക്കറ്റ് മാക്സ് മത്സരങള്‍ പിന്നീട് ഇംഗ്ളണ്ട് വഴി ട്വന്‍റി20യായി മാറുകയായിരുന്നു.
പരീക്ഷണങ്ങളുമായി എതിരാളികളെ ഞെട്ടിക്കാനും ക്രോക്ക് മടിയില്ലായിരുന്നു. ഇന്ത്യയിലെയടക്കം ആരാധകരുടെ മനസ്സില്‍ ക്രോ ഇടംപിടിച്ച 1992ലെ ലോകകപ്പിലാണ് കിവീസ് നായകന്‍െറ പരീക്ഷണങ്ങള്‍. സ്പിന്നര്‍ ദീപക് പട്ടേലിനെ ബൗളിങ്ങിന് തുടക്കംകുറിക്കാന്‍ പന്തേല്‍പിക്കുമ്പോള്‍ പലരും ക്രോയെ കളിയാക്കി. അതുവരെ പേസര്‍മാര്‍ രണ്ടറ്റത്തുനിന്നും ബൗളിങ് ഓപണ്‍ ചെയ്യുന്നതായിരുന്നു പതിവ്. വേഗം കുറഞ്ഞ പന്തുമായി ദീപക് പട്ടേല്‍ എതിര്‍ ബാറ്റ്സ്മാന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഒപ്പം മാര്‍ക്ക് ഗ്രേറ്റ്ബാച്ചിനൊപ്പം ബാറ്റിങ്ങിന്‍െറ തുടക്ക ഓവറുകളില്‍ ക്രോ റണ്‍സടിച്ചു കൂട്ടിയതും പുത്തന്‍ കാഴ്ചയായിരുന്നു. പിന്നീട് ജയസൂര്യയും വീരേന്ദര്‍ സെവാഗും ക്രിസ് ഗെയ്ലുമെല്ലാം വെടിക്കെട്ടുതിര്‍ത്തത് ഇതൊക്കെ ക്കണ്ടായിരുന്നു.
92ല്‍ സെമിയിലേക്ക് കുതിച്ച ന്യൂസിലന്‍ഡിന് പാകിസ്താനായിരുന്നു എതിരാളികള്‍. സ്വന്തം നാടായ ഓക്ലന്‍ഡില്‍ നടന്ന മത്സരത്തില്‍ ക്രോ പേശീവലിവ് കാരണം പുറത്തിരിക്കുകയായിരുന്നു. ഇന്‍സമാമുല്‍ ഹഖ് എന്ന താരത്തിന്‍െറ ഉദയംകണ്ട പോരാട്ടത്തില്‍ തോല്‍ക്കാനായിരുന്നു കിവികളുടെ നിയോഗം. സെമിയില്‍ തോറ്റെങ്കിലും 456 റണ്‍സുമായി ടൂര്‍ണമെന്‍റിലെ താരമെന്ന ബഹുമതി ക്രോക്കായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 299 റണ്‍സിന് പുറത്തായ ഏകതാരമെന്ന ‘ബഹുമതി’യും ഇദ്ദേഹത്തിനുണ്ട്. ക്രിക്കറ്റ് കുടുംബത്തിലേക്കായിരുന്നു 1962ല്‍ മാര്‍ട്ടിന്‍ ക്രോയുടെ ജനനം. പിതാവ് ഡേവ് പരിശീലകനായിരുന്നു. മാതാവ് ആഡ്രെ ക്രോ ദേശീയ ടീമിലംഗമായിരുന്നു. ചേട്ടന്‍ ജെഫ് ക്രോയും ചേര്‍ന്നാല്‍ ക്രിക്കറ്റല്ലാതെ കുടുംബത്തില്‍ മറ്റൊരു വര്‍ത്തമാനമില്ല. 19ാം വയസ്സിലായിരുന്നു ന്യൂസിലന്‍ഡ് ടീമിലെ അരങ്ങേറ്റം. കാല്‍മുട്ടിലെ പരിക്കലട്ടിയപ്പോഴാണ് 1995ല്‍ ക്രോ 33ാം വയസ്സില്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. പിന്നീട് ടെലിവിഷന്‍ അവതാരകനും കോളമിസ്റ്റുമായി തിളങ്ങി. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍െറ ചീഫ് എക്സിക്യൂട്ടിവായും അല്‍പനാള്‍ മാര്‍ട്ടിന്‍ ക്രോ ഇന്ത്യയിലുണ്ടായിരുന്നു. ഹുഹാന മാര്‍ഷലാണ് ആദ്യ ഭാര്യ. 2009ല്‍ മുന്‍ മിസ് യൂനിവേഴ്സ് ലോറെയ്ന്‍ ഡൗണ്‍സിനെ വിവാഹം ചെയ്തിരുന്നു. ആദ്യ ഭാര്യയില്‍ ഒന്നും രണ്ടാം ഭാര്യയില്‍ രണ്ടും കുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.