ഇന്ത്യ-പാക് ക്രിക്കറ്റിലെ രാഷ്ട്രീയം പറച്ചില്‍
text_fieldsആറ് പതിറ്റാണ്ട് പിന്നിലേക്ക് പോകണം. കൃത്യമായി പറഞ്ഞാല്‍ 1955ലെ പുതുവത്സര ദിനം. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇത്രയേറെ ഇന്ത്യക്കാര്‍ ത്രിവര്‍ണ പതാകയേന്തി ലാഹോറിലേക്ക് പാലായനം ചെയ്ത ചരിത്രമുണ്ടായിട്ടില്ല. കാല്‍നടയായി പതിനായിരങ്ങള്‍ അതിര്‍ത്തി കടന്നത് പാകിസ്താന്‍ കീഴടക്കാനായിരുന്നില്ല, മനസ് കീഴടക്കാനായിരുന്നു. അന്നത്തെ ഇന്ത്യ-പാക് ക്രിക്കറ്റ് പോരിന് ശേഷം ബി.സി.സി.ഐ പ്രസിഡന്‍റ് മഹാരാജ് കുമാര്‍ പറഞ്ഞു-‘രാഷ്ട്രീയക്കാര്‍ തോക്കുന്നിടത്ത് ഞങ്ങള്‍ ജയിക്കും’. കാലം മാറി. 61 വര്‍ഷം ഇപ്പുറത്ത് നില്‍ക്കുമ്പോള്‍ രാഷ്ട്രീയത്തിനൊപ്പം ക്രിക്കറ്റും തോല്‍ക്കുകയാണ്. രാഷ്ട്രീയവൈര്യത്തിന് ബദല്‍ സൗഹൃദം തീര്‍ക്കാനുള്ള കഴിവ് ക്രിക്കറ്റിന് നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാരുടെ കൈയിലെ കളിപ്പാവയായി ക്രിക്കറ്റ് മാറിയിരിക്കുന്നു, പ്രത്യേകിച്ച് ഇന്ത്യ-പാക് മത്സരങ്ങള്‍. ഒടുവില്‍, ഒരു രാജ്യത്തിന് ലോകകപ്പ് കളിക്കാന്‍ അനുമതി തേടി രാഷ്ട്രീയക്കാരന്‍െറ പടിവാതിലുകളില്‍ കാത്തുകിടക്കേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ബാറ്റും ബോളും നേരെ ചൊവ്വേ പിടിക്കാന്‍ പോലുമറിയാത്തവര്‍ ക്രിക്കറ്റ് ഭരണത്തിന്‍െറ തലപ്പത്തിരിക്കുമ്പോള്‍ ഇത്രയൊന്നും സംഭവിച്ചാല്‍ പോര എന്നത് നഗ്ന സത്യം.
അല്‍പം ചരിത്രം
എന്നും വിവാദങ്ങളുടേതാണ് ഇന്തോ-പാക് ക്രിക്കറ്റ്. വിഭജനത്തിന് ശേഷമുള്ള പത്ത് വര്‍ഷത്തോളം ക്രിക്കറ്റില്‍ കാര്യമായ രാഷ്ട്രീയ കൈകടത്തലുകള്‍ ഉണ്ടായിരുന്നില്ല. 1961ലെ യുദ്ധം എല്ലാം മാറ്റിമറിച്ചു. പിന്നീടുള്ള ഒന്നര പതിറ്റാണ്ട് ഇരു രാജ്യങ്ങളും കളിക്കളത്തില്‍ മുഖാമുഖം കണ്ടില്ല. 1978ല്‍ മത്സരം പുനരാരംഭിച്ചെങ്കിലും വിവാദങ്ങള്‍ കൂടപ്പിറപ്പായി ഒപ്പം നിന്നു. 78ലെ ‘സൗഹൃദ’ പരമ്പരയില്‍ അമ്പയറുടെ രാഷ്ട്രീയമായിരുന്നു വിവാദം. അന്നത്തെ മത്സരത്തെ കുറിച്ച് ബല്‍വീന്ദര്‍ സിങ് സന്ധു പറയുന്നത് ശ്രദ്ധിക്കുക-‘‘അത് ഞങ്ങള്‍ക്ക് സൗഹൃദ മത്സരങ്ങളായിരുന്നു. പാകിസ്താന് പക്ഷെ അങ്ങിനെയായിരുന്നില്ല. എന്തു വില കൊടുത്തും ജയിക്കാന്‍ അവര്‍ കച്ചകെട്ടിയിറങ്ങി. ഒരോവറില്‍ നാല് വൈഡെറിഞ്ഞിട്ടും ഒന്നു പോലും അമ്പയര്‍ വിളിച്ചില്ല. ഉറപ്പായ എല്‍.ബി.ഡബ്ളിയു അപ്പീലുകള്‍ പോലും അനുവദിച്ചില്ല. പാക് ബൗളര്‍മാര്‍ ക്രീസിന് പുറത്ത് നിന്ന് ബൗള്‍ ചെയ്തിട്ടും നോബോള്‍ വിളിച്ചില്ല’’. എന്തായാലും പാകിസ്താന്‍െറ ഉദ്ദേശം അന്ന് ഫലം കണ്ടു. ആറ് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര അവര്‍ 3-0ന് സ്വന്തമാക്കി. അമ്പയറായിരുന്നു ഇവിടുത്തെ രാഷ്ട്രീയക്കാരന്‍. ഈ വിവാദം കെട്ടടങ്ങാന്‍ വര്‍ഷങ്ങളെടുത്തു.
86ലെ അഹമ്മദാബാദ് ടെസ്റ്റിനിടെ പാക് താരങ്ങള്‍ക്ക് നേരെ കല്ളെറിഞ്ഞ് കാണികള്‍ വിവാദത്തിന് തിരികൊളുത്തി. അതിന് മരുന്നിട്ട് ഇംമ്രാന്‍ ഖാന്‍െറ ആഹ്വാനം വന്നു ‘ഫീല്‍ഡ് ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണം’. മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന കറാച്ചി ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ കല്ളെറിഞ്ഞ് അയല്‍ക്കാര്‍ പകരം വീട്ടി. ഇതിന്‍െറ പേരില്‍ മത്സരം പോലും ഉപേക്ഷിക്കേണ്ടിവന്നു. അങ്ങിനെ കൊണ്ടും കൊടുത്തും കാണികളും രാഷ്ട്രീയവും വളരാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് മൂന്നാം വേദി ഒരുങ്ങിയത്. അതോടെ ഷാര്‍ജയിലും ടൊറോന്‍േറായിലും ത്രീവര്‍ണവും പച്ചക്കൊടിയും പാറി.
പ്രശ്നങ്ങളൊതുങ്ങിയെന്ന് കരുതിയാണ് ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം 1997ല്‍ ഇന്ത്യ വീണ്ടും അതിര്‍ത്തി കടന്നത്. പക്ഷെ, കറാച്ചിയിലെ ഗാലറിയില്‍ അന്നും കല്ലുമായി ചിലര്‍ കാത്തിരുന്നു. ഇതിനിടയില്‍ പല തവണ രാജ്യത്തിന്‍െറ ‘രക്ഷകരായി’ ശിവസേന അവതരിച്ചു. 1991ല്‍ വാങ്കഡേയിലെ പിച്ച് നശിപ്പിച്ച ശിവസേന പ്രവര്‍ത്തകര്‍ 1999ല്‍ ഡല്‍ഹി ഫിറോസ് ഷാ കോട്ലയിലും കൈവെച്ച് ‘ദേശസ്നേഹം’ കാണിച്ചു. രണ്ടു തവണയും ഇന്ത്യന്‍ കാണികളെ നിരാശപ്പെടുത്തി പരമ്പരകള്‍ റദ്ധാക്കി.
21ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതിന്‍െറ ഫലമായി 2006 വരെ ഇരു രാജ്യങ്ങളും നാല് പരമ്പരകളില്‍ ഏറ്റുമുട്ടി. ഇതിനിടെ ഡല്‍ഹിയിലെ മത്സരം തടസപ്പെടുത്താന്‍ ശിവസേനയുടെ വിദ്യാര്‍ഥി സംഘടന ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. പക്ഷെ, 2008ലെ മുംബൈ ആക്രമണം എല്ലാം തകിടം മറിച്ചു. തക്കം പാര്‍ത്തിരുന്നവര്‍ ഉറഞ്ഞുതുള്ളി. ഇതോടെ 2009 ഫെബ്രുവരിയില്‍ നടത്താനിരുന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനം റദ്ധാക്കി. രണ്ട് വര്‍ഷത്തിന് ശേഷം നടന്ന ലോകകപ്പ് സെമിയില്‍ ഇന്ത്യയും പാകിസ്താനും മോഹാലിയില്‍ ഏറ്റുമുട്ടി. പാക് പ്രധാനമന്ത്രിയായിരുന്ന യൂസുഫ് റാസാ ഗിലാനിയും മന്‍മോഹന്‍ സിങും ഒരേ ഗാലറിയിലിരുന്ന് കളി കണ്ടു. കാണികളുടെ ആവേശം മനസിലാക്കിയിട്ടാവണം തൊട്ടടുത്ത വര്‍ഷം അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയില്‍ നടന്നു. ഇതിനിടെ പലതവണ ലോകകപ്പിലും ഏഷ്യകപ്പിലുമൊക്കെയായി ഇന്ത്യ പാക് മത്സരങ്ങള്‍ അരങ്ങേറി. പക്ഷെ, 2007ന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ടെസ്റ്റ് പരമ്പര പോലും നടന്നിട്ടില്ളെന്നത് ക്രിക്കറ്റിന്‍െറ സൗന്ദര്യത്തിന് മങ്ങലേല്‍പിക്കുന്നു.
എല്ലാം ഒന്ന് കലങ്ങിതെളിഞ്ഞ് വന്നപ്പോഴാണ് പുതിയ പ്രീണനവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്. വീരമൃത്യു വരിച്ച അനേകം സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമായതിനാല്‍ ധര്‍മശാലയില്‍ ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് വേദിയൊരുക്കാനാവില്ളെന്ന് അവര്‍ പറയുന്നു. രാജ്യസ്നേഹത്തേക്കാളുപരി വര്‍ഗീയ രാഷ്ട്രീയമാണ് ഹിമാചല്‍ സര്‍ക്കാരിന്‍െറ ലക്ഷ്യമെന്നത് വ്യക്തം. രാജ്യത്ത് ഉടലെടുത്ത പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുക്കുകയാണ് ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് ചെയ്യുന്നത്. ഹിമാചലില്‍ നിന്നുള്ള ബി.ജെ.പി എം.പിയും ബി.സി.സി.ഐ സെക്രട്ടറിയുമായ അനുരാഗ് താക്കൂറിനെ പ്രതിരോധത്തിലാക്കുക എന്നതും രാഷ്ട്രീയ ചാണക്യനായ വീര്‍ഭദ്ര സിങിന്‍െറ ലക്ഷ്യമാണ്. അതിന് തെരഞ്ഞെടുത്ത മാര്‍ഗം ക്രിക്കറ്റ് ആണെന്ന് മാത്രം. അല്ളെങ്കില്‍, ആറ് മാസം മുന്‍പേ മത്സരം പ്രഖ്യാപിച്ചപ്പോള്‍ ഒരക്ഷരം പോലും മിണ്ടാതിരുന്ന മുഖ്യമന്ത്രിക്ക് പെട്ടന്നൊരു സൈനിക സ്നേഹം ഉണ്ടാകേണ്ട കാര്യമില്ല. എന്തെങ്കിലും കിട്ടാന്‍ കാത്തിരുന്ന പാകിസ്താന്‍ സര്‍ക്കാര്‍ ഇതോടെ ടീമിനെ അയക്കാനാവില്ളെന്ന നിലപാടിലത്തെി. പി.സി.ബിയുടെയും ഐ.സി.സിയുടെയും ഇടപെടലിനൊടുവിലാണ് കൊല്‍ക്കത്തയിലേക്ക് മത്സരം മാറ്റി പാക് ടീമിനെ ഇന്ത്യയിലിറക്കിയത്.
തലകുനിക്കുന്ന ബി.സി.സി.ഐ
ബി.സി.സി.ഐക്ക് എല്ലാം വ്യവസായമാണ്. ക്രിക്കറ്റെന്നാല്‍ അവര്‍ക്ക് ലാഭമുണ്ടാക്കാനുള്ള ബിസിനസാണ്. അതുകൊണ്ടാണ് പാകിസ്താന്‍ താരങ്ങളെ ഐ.പി.എല്ലില്‍ കളിപ്പിച്ചാല്‍ കളി നടത്താന്‍ വേറെ രാജ്യം നോക്കേണ്ടി വരുമെന്ന ഉദ്ദവ് താക്കറെയുടെ ഭീഷണിക്കുമുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വന്നത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്ങിനെയും കളി നടത്തുക എന്ന ഒറ്റ ഉദ്ദേശമെ ബി.സി.സി.ഐക്ക് ഉണ്ടായിരുന്നുള്ളു. അഫ്രീദിയെയും അക്മലിനെയും ആമിറിനെയും ഐ.പി.എല്‍ സ്ക്രീനില്‍ കാണാനാഗ്രഹിക്കുന്ന ഇന്ത്യന്‍ മനസുകള്‍ അത്ര കുറവൊന്നുമല്ല. കമന്‍ററി ബോക്സില്‍ നിന്ന് പോലും പാക് താരങ്ങള്‍ക്ക് പിന്‍മാറേണ്ടി വന്നെങ്കിലും ബി.സി.സി.ഐ വാ തുറന്നില്ല. ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് വേണ്ടി ഒരിക്കല്‍ ശ്രമം നടത്തിയതിന്‍െറ ദുരനുഭവവും ബോര്‍ഡ് ഓര്‍ക്കുന്നുണ്ടാവും. അന്ന് ബി.സി.സി.ഐ ഓഫിസിന് നേരെയായിരുന്നു ‘രാജ്യസ്നേഹികളുടെ’ പരാക്രമം. മൂന്നാം വേദിയില്‍ കളി നടത്താമെന്ന പാകിസ്താന്‍െറ അഭിപ്രായത്തിനോടും ഇന്ത്യന്‍ ബോര്‍ഡ് മുഖം തിരിച്ച് നിന്നു കഴിഞ്ഞ വര്‍ഷം.
ബി.ജെ.പി എം.പി അനുരാഗ് താക്കൂര്‍ ബി.സി.സി.ഐയുടെ തലപ്പത്തുണ്ടായിട്ടും കേന്ദ്രത്തില്‍ വേണ്ട വിധം സമ്മര്‍ദം ചെലുത്താന്‍ ശ്രമം നടക്കുന്നില്ല. പാക് ടീമിന് സുരക്ഷ ഒരുക്കാനാവില്ലെന്ന ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍െറ പ്രസ്താവന വന്നപ്പോഴാണ് അനുരാഗ് താക്കൂറും ബി.സി.സി.ഐയും കണ്ണ് തുറന്നിരിക്കുന്നത്. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് വേണ്ടി ശ്രമം നടത്തിയിരുന്നതും വിസ്മരിക്കാനാവുന്നതല്ല. പക്ഷെ, ഇവര്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങള്‍ എപ്പോഴും വിലങ്ങ് തടിയിട്ടുകൊണ്ടേയിരുന്നു. പാക് ആഭ്യന്തര മന്ത്രി ചൗധരി അലിഖാനും പി.സി.ബി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ നജാം സേഥിയും ഇന്ത്യയുമായുള്ള മത്സരങ്ങളെ എതിര്‍ക്കുന്ന പാകിസ്താനിലെ ‘രാജ്യസ്നേഹികളാകുന്നു’.
പരസ്യത്തിനെന്ത് രാഷ്ട്രീയം
ഇന്ത്യയിലെ സാധാരണ ക്രിക്കറ്റ് പ്രേമികളെക്കാളേറെ ഇന്ത്യ-പാക് ക്രിക്കറ്റിനായി കാത്തിരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്-പരസ്യ കമ്പനികള്‍. അവര്‍ക്ക് കിട്ടിയേക്കാവുന്ന കോടികളാണ് മത്സരം മുടങ്ങിയത് മൂലം ഇല്ലാതായിക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം അഡ് ലൈഡില്‍ നടന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തില്‍ പത്ത് സെക്കന്‍റ് പരസ്യ സംപ്രേഷണത്തിന് സ്റ്റാര്‍ ഇന്ത്യക്ക് ലഭിച്ചത് 25 ലക്ഷം രൂപ വീതമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടിയ തുക. 288 ദശലക്ഷം പേരാണ് ഈ മത്സരം ടി.വിയില്‍ കണ്ടത്. ലോകകപ്പ് ഫൈനലിന് പോലും ഇത്രയേറെ കാണികളെ കിട്ടിയില്ല. ഗ്രൗണ്ടിലെ പരസ്യ വരുമാനം പോലും മറ്റേത് മത്സരത്തേക്കാള്‍ കൂടുതലാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.