അദ്ഭുതം, ഈ കുറുക്കന്മാര്‍
text_fieldsഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ലെസ്റ്റര്‍ സിറ്റി കിരീടമുറപ്പിച്ചു •കന്നിക്കിരീടത്തിലേക്ക് ചുവടുവെക്കുന്നത് രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കേ
ലണ്ടന്‍: ഒമ്പതാം ക്ളാസില്‍ പിന്‍ബെഞ്ചിലിരുന്ന് ഉഴപ്പിയ കുട്ടി പത്താം ക്ളാസില്‍ ഒന്നാം റാങ്ക് വാങ്ങിയതുപോലെയാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന അദ്ഭുതസംഘത്തിന്‍െറ വിജയഗാഥ. കഴിഞ്ഞ സീസണില്‍ പോയന്‍റ് നിലയില്‍ ഏറെ പിന്നിലായിരുന്ന ടീമാണ് കരുത്തരെ മറികടന്ന് കിരീടത്തിലേക്ക് കുതിച്ചത്. ലെസ്റ്റര്‍ കന്നിക്കിരീടത്തിലേക്ക് ചുവടുവെക്കുന്നത് രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്കെതിരെ ടോട്ടന്‍ഹാം ഹോട്സ്പര്‍ സമനിലയില്‍ കുരുങ്ങിയതോടെയാണ് ലെസ്റ്ററിന് കിരീടം നേരത്തേ ഉറപ്പിക്കാനായത്. ചെല്‍സിക്കെതിരെ ടോട്ടന്‍ഹാമിന്‍െറ മത്സരം 2-2നാണ് തുല്യനിലയിലായത്. ഹാരി കെയ്നും (35ാം മിനിറ്റ്) സോങ് ഹ്യൂന്‍ മിങ്ങും (44ാം മിനിറ്റ്) നേടിയ ഗോളിലൂടെ ടോട്ടന്‍ഹാം വിജയപ്രതീക്ഷ പുലര്‍ത്തിയതായിരുന്നു. എന്നാല്‍, ഗാരി കാഹിലും (58ാം മിനിറ്റ്) ഏദന്‍ ഹസാഡും (83ാം മിനിറ്റ്) ചെല്‍സിക്കായി വലകുലുക്കിയതോടെ കിരീടം ലെസ്റ്ററിന്‍െറ വഴിക്കായി. ഇനി ചെല്‍സിക്കും എവര്‍ട്ടനുമെതിരെയാണ് ലെസ്റ്ററിന്‍െറ മത്സരങ്ങള്‍. 77 പോയന്‍റുള്ള ലെസ്റ്ററിന് പിന്നില്‍ ടോട്ടന്‍ഹാമിന് 70ഉം ആഴ്സനലിന് 67ഉം പോയന്‍റാണുള്ളത്. ഈ സീസണിന്‍െറ തുടക്കത്തില്‍ 5000ത്തില്‍ ഒന്ന് എന്നനിലയില്‍ മാത്രം സാധ്യതയുണ്ടായിരുന്ന ടീമാണ് വെസ് മോര്‍ഗന്‍െറ നായകപദവിയില്‍ തകര്‍ത്ത് മുന്നേറിയത്. കുറുക്കന്മാര്‍ എന്ന വിളിപ്പേരുള്ള ലെസ്റ്ററിന് ഇത് കോച്ച് ക്ളോഡിയോ റാനിയേരിയുടെ കൗശലത്തിന്‍െറ വിജയം കൂടിയാണ്.
സമാനതകളില്ലാതെ
പൂര്‍ത്തിയായ 36 മത്സരങ്ങളില്‍ 22 ജയവും 11 സമനിലയും മൂന്നു തോല്‍വിയുമടക്കം 77 പോയന്‍റ്. രണ്ടുവട്ടം ആഴ്സനലിനോടും ഒരു തവണ ലിവര്‍പൂളിനോടും തോറ്റു.39 പോയന്‍റ് ഹോം മത്സരങ്ങളില്‍. 38 പോയന്‍റ് എവേ മത്സരങ്ങളില്‍നിന്ന് ലഭിച്ചു.2-5ന് ആഴ്സനലിനോട് തോറ്റപ്പോള്‍ ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു ലെസ്റ്റര്‍.23 റൗണ്ടുകളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ജനുവരി 16ന് ആസ്റ്റണ്‍വില്ലയുമായി 1-1ന് സമനില പാലിച്ചശേഷം ആഴ്സനലില്‍നിന്ന് സ്വന്തമാക്കിയ ഒന്നാം സ്ഥാനം അവസാനം വരെ വിട്ടുകൊടുത്തില്ല.
മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ പത്തിനുമിടയില്‍ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ ജയിച്ചുകയറി. വാറ്റ്ഫോഡ്, ന്യൂകാസില്‍, ക്രിസ്റ്റല്‍പാലസ്, സതാംപ്ടണ്‍ എന്നീ ക്ളബുകളെ 1-0ത്തിനും സണ്ടര്‍ലന്‍ഡിനെ 2-0ത്തിനും തോല്‍പിച്ചായിരുന്നു ഈ കുതിപ്പ്. ഡിസംബര്‍ 26 മുതല്‍ ജനുവരി രണ്ടു വരെ ഒരു തോല്‍വിയും രണ്ടു സമനിലയുമടക്കം ലെസ്റ്ററിന് മോശം കാലമായിരുന്നു. ലിവര്‍പൂളിനോട് തോല്‍ക്കുകയും ബേണ്‍മൗത്തും മാഞ്ചസ്റ്റര്‍ സിറ്റിയുമായി സമനില പാലിക്കുകയും ചെയ്ത കാലമായിരുന്നു അത്. 36 മത്സരങ്ങളില്‍ 18 താരങ്ങള്‍ മാത്രമാണ് മൊത്തം കളിച്ചത്. ഗോള്‍കീപ്പര്‍ കാസ്പെര്‍ ഷ്മിക്കലും ക്യാപ്റ്റന്‍ വെസ് മോര്‍ഗനും പകരക്കാരില്ലാതെ മുഴുസമയവും കളത്തിലുണ്ടായിരുന്നു. മാര്‍ക് ആല്‍ബ്രിട്ടനും കോച്ച് ക്ളോഡിയോ റാനിയേരി മുഴുവന്‍ കളികളിലും അവസരം നല്‍കി. റിയാദ് മെഹ്റസ് 17 ഗോളും 11 അസിസ്റ്റുകളുമായി കളംനിറഞ്ഞു. ഷോട്ടുകള്‍ ഗോളാക്കിമാറ്റുന്നതില്‍ ഇത്തവണ മുന്നില്‍ റിയാദാണ്. 22 ഗോളുമായി ജാമി വാര്‍ഡിയാണ് ടീമിലെ ടോപ്സ്കോറര്‍.51 ഗോളുകളാണ് ലെസ്റ്റര്‍ ഫോര്‍വേഡുകള്‍ നേടിയത്. ആറെണ്ണം മിഡ്ഫീല്‍ഡര്‍മാരുടെയും അഞ്ചെണ്ണം പ്രതിരോധക്കാരുടെയും വകയായിരുന്നു. 12 താരങ്ങളാണ് ഇത്രയും ഗോളുകള്‍ നേടിയത്. രണ്ടു ഗോളുകള്‍ ദാനം കിട്ടി.
ഉറങ്ങാതെ ആഘോഷരാവ്
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ജയിച്ച് മൈതാനത്തുതന്നെ കിരീടനേട്ടമാഘോഷിക്കണമെന്നായിരുന്നു ലെസ്റ്റര്‍ താരങ്ങളുടെ മോഹം. എന്നാല്‍, ഞായറാഴ്ച യുനൈറ്റഡുമായി സമനില പാലിച്ചതോടെ പിന്നെ ചെല്‍സി-ടോട്ടന്‍ഹാം മത്സരത്തിലായി ലെസ്റ്റര്‍ താരങ്ങളുടെ ശ്രദ്ധ. മെല്‍ട്ടണ്‍ മോബ്രേയില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡി വാങ്ങിയ വീട്ടിലായിരുന്നു താരങ്ങളെല്ലാം ഒത്തുകൂടിയത്. വീടിനു പുറത്ത് മഴയെ വകവെക്കാതെ നൂറുകണക്കിന് ആരാധകരുമത്തെി. എന്നാല്‍, ടോട്ടന്‍ഹാം ആദ്യപകുതിയില്‍ രണ്ടു ഗോളടിച്ചതോടെ ലെസ്റ്റര്‍ താരങ്ങളും ആരാധകരും നിരാശരായി. എന്നാല്‍, ചെല്‍സി രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചതോടെ വാര്‍ഡിയുടെ വീടിന് അകത്തും പുറത്തും ആഘോഷപ്പെരുമഴ പെയ്തു. ക്യാപ്റ്റന്‍ വെസ് മോര്‍ഗനെ മറ്റു താരങ്ങള്‍ വീട്ടിനുള്ളിലൂടെ വലിച്ചിഴച്ചാണ് സന്തോഷം പ്രകടിപ്പിപ്പിച്ചത്. ലെസ്റ്റര്‍ നഗരമധ്യത്തിലും മദ്യശാലകളിലുമെല്ലാം ആഘോഷം തിമിര്‍ത്തു. പാതിരാത്രി കഴിഞ്ഞാണ് താരങ്ങളെല്ലാം മടങ്ങിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമിയും അടക്കമുള്ള പ്രമുഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ടീമിന് ആശംസയേകി. മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ വിന്‍സന്‍റ് കൊംപനിയടക്കമുള്ള താരങ്ങളും ആശംസയേകി. ചൊവ്വാഴ്ച രാവിലെ പരിശീലന മൈതാനത്തത്തെിയ താരങ്ങളുടെ മുഖത്ത് ക്ഷീണമുണ്ടായിരുന്നെങ്കിലും ആഹ്ളാദം നിറഞ്ഞുനിന്നിരുന്നു.
‘കുടുങ്ങി’യത് ലിനേക്കര്‍
ലണ്ടന്‍: ലെസ്റ്റര്‍ സിറ്റി കിരീടമുയര്‍ത്തുമ്പോള്‍ ‘വെട്ടിലാകുന്നത’്ക്ളബുമായി അടുത്തബന്ധമുള്ള ഇതിഹാസ താരം ഗാരി ലിനേക്കര്‍. ലെസ്റ്റര്‍ ലീഗ് ചാമ്പ്യന്മാരാകുകയാണെങ്കില്‍ ആ ദിനം താന്‍ അടിവസ്ത്രത്തില്‍ മാത്രം നില്‍ക്കുമെന്നായിരുന്നു ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലിനേക്കറിന്‍െറ പ്രസ്താവന. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള മത്സരദിവസം ഗാലറിയില്‍ കാണികള്‍ ലിനേക്കര്‍ അടിവസ്ത്രവുമായി നില്‍ക്കുന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ലെസ്റ്റര്‍ കിരീടം ഉറപ്പിച്ചപ്പോള്‍ ലിനേക്കറുടെ മുന്‍ഭാര്യയും മോഡലുമായ ഡാനിലെ ബക്സ് അദ്ദേഹത്തെ ‘പരിഹസിച്ച് ’ രംഗത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.