വാര്‍ണറുടെ സൂര്യോദയം, കോഹ്ലിയുടെ കണ്ണീര്‍
text_fieldsബംഗ്ളുരു: അങ്കത്തിന് പോയ ചേകവന്‍ തളര്‍ന്നിരുന്നപ്പോള്‍ തുണ പോയവന്‍ അങ്കം ജയിച്ചെന്നു പറഞ്ഞപോലെയായി ഐ.പി.എല്ലിന്‍െറ ഒമ്പതാം സീസണിലെ കിരീടധാരണം. വമ്പന്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ ടീമുകള്‍ക്കായി ആരാധകര്‍ ആര്‍ത്തുവിളിക്കുന്നതിനിടയില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെയായിരുന്നു കലാശപ്പോരിലേക്ക് സണ്‍റൈസേഴ്സ് കടന്നുവന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളും തോറ്റമ്പിയ ഹൈദരാബാദിനെ ഇഷ്ട ടീമിന്‍െറ പട്ടികയില്‍ പെടുത്തിയവര്‍ വളരെ ചുരുക്കം. എങ്ങനെ അവര്‍ അവസാന നാലില്‍ എത്തിയെന്ന് അധികമാരും ശ്രദ്ധിച്ചതുപോലുമില്ല. ഒടുവില്‍ താരനിബിഡമായ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ അവരുടെ വീട്ടുമുറ്റത്ത് എട്ട് റണ്‍സിന് തോല്‍പിച്ച് കപ്പുയര്‍ത്തുമ്പോള്‍ ഹൈദരാബാദ് ടീമിന് ഒരേയൊരാളോടേ കടപ്പാടുള്ളൂ. മുന്നില്‍നിന്ന് നയിച്ച കപ്പിത്താന്‍ ഡേവിഡ് വാര്‍ണറോട് മാത്രം.
ഗ്രൂപ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്രോളുകളിലൊന്നില്‍ വാര്‍ണറുടെ വേഷം വിക്രമാദിത്യന്‍േറതായിരുന്നു. തോളില്‍ ഹൈദരാബാദ് ടീം എന്ന വേതാളത്തെയുമെടുത്ത് നടക്കുന്ന വിക്രമാദിത്യനായി വാര്‍ണറെ വിശേഷിപ്പിച്ചവര്‍ക്ക് തെറ്റിയില്ല. കലാശപ്പോരിലും വാര്‍ണര്‍ ആ വിശ്വാസം കാത്തു. മറുവശത്ത് കോഹ്ലി, ഗെയില്‍, ഡിവില്ലിയേഴ്സ്, വാട്സണ്‍... എതിര്‍ ടീമിന് പേടിച്ച് മൂത്രമൊഴിക്കാന്‍ ഈ പേരുകള്‍ ധാരാളം.
ടൂര്‍ണമെന്‍റ് തുടങ്ങുമ്പോള്‍ എല്ലാവരുടെയും ഫേവറിറ്റ് ബാംഗ്ളൂര്‍, മുംബൈ, കൊല്‍ക്കത്ത എന്നിങ്ങനെ പതിവുപോലെ കറങ്ങിത്തിരിഞ്ഞു. ഇടയില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് റെയ്നയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ലയണ്‍സ് കയറിവന്നപ്പോഴും ആരും ഹൈദരാബാദിനെ മൈന്‍ഡ് ചെയ്തില്ല. 2013ല്‍ ഐ.പി.എല്ലില്‍ അരങ്ങേറിയപ്പോള്‍ കിട്ടിയ നാലാം സ്ഥാനം മാത്രമായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. അടുത്ത രണ്ടു വര്‍ഷവും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ആദ്യ രണ്ടു കളിയും തോറ്റുകൊണ്ടായിരുന്നു സണ്‍റൈസേഴ്സിന്‍െറ തുടക്കം. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനോട് 45 റണ്‍സിനും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിനും തോറ്റ ടീം മൂന്നാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ജയം മണത്തുതുടങ്ങി.
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി (562) ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഡേവിഡ് വാര്‍ണര്‍ എന്ന ആസ്ട്രേലിയന്‍ അതികായന്‍ ആ ഫോം ഇക്കുറിയും തുടര്‍ന്നു. പക്ഷേ, മറുവശത്ത് ഇന്ത്യന്‍ ടീമിന്‍െറ ഓപണറായ ശിഖര്‍ ധവാന്‍ ആവര്‍ത്തിച്ചു പരാജയമായിക്കൊണ്ടിരുന്നു. പഴയ പുലിയായ യുവ്രാജ് സിങ്ങാകട്ടെ തന്‍െറ മികവ് പുറത്തെടുക്കാനാവാതെ ഇടറിനിന്നു. പക്ഷേ, മത്സരം പാതി ദൂരം പിന്നിട്ടപ്പോള്‍ ധവാന്‍ ഫോമിലേക്കുയര്‍ന്നു.
ബാറ്റിങ്ങിനെക്കാള്‍ സണ്‍റൈസേഴ്സിന് കരുത്തേകിയത് ബൗളിങ്ങായിരുന്നു. ഈ ടൂര്‍ണമെന്‍റിലെ മികച്ച ബൗളിങ് നിരയും അവരുടെതായിരുന്നു. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തി (23) പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ഭുവനേശ്വര്‍ കുമാര്‍ തന്നെയായിരുന്നു കുന്തമുന. ബംഗ്ളാദേശിന്‍െറ പുതിയ കണ്ടത്തെല്‍ മുസ്തഫിസുര്‍ റഹ്മാനും മോയിസസ് ഹെന്‍റിക്വസും ബരീന്ദര്‍ സ്രാനും എതിര്‍നിരകളില്‍ അപകടം വിതറിയപ്പോള്‍ ഒടുവിലത്തെ നാല് കളികള്‍ക്കായി കളത്തിലിറങ്ങിയ ബെന്‍ കട്ടിങ് തകര്‍ത്തുവാരി. ബാറ്റുകൊണ്ടും കട്ടിങ്ങ് മിന്നി. ഫൈനലില്‍ അടിച്ചുകസറിയ വാര്‍ണര്‍ - ധവാന്‍ സഖ്യം കൂടാരം കയറിയപ്പോള്‍ യുവ്രാജിന്‍െറ മിന്നല്‍പ്പിണറിനു ശേഷം സ്കോര്‍ 200 കടത്തിയത് കട്ടിങ്ങിന്‍െറ തകര്‍പ്പനടികളായിരുന്നു. വെറും 15 പന്തില്‍ 39 റണ്‍സ്. അതില്‍ നാല് സിക്സറുകള്‍. ടൂര്‍ണമെന്‍റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍ വാട്സന്‍െറ പന്തില്‍ സ്റ്റേഡിയം കടത്തി കട്ടിങ് സ്വന്തമാക്കി. 117 മീറ്റര്‍.
എതിരാളികളെ ചതച്ചരച്ചായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ഫൈനല്‍ വരെയത്തെിയത്. ഫൈനലില്‍ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ അവരുടെ കൈയിലായിരുന്നു പകുതി വരെ കളി. സീസണില്‍ 1000 റണ്‍സ് എന്ന അപൂര്‍വ റെക്കോഡിലേക്ക് 81 റണ്‍സിന്‍െറ ദൂരം കണ്ട് ബാറ്റുമായിറങ്ങിയ കോഹ്ലിയുടെ അമിതാവേശത്തിന് നല്‍കേണ്ടിവന്ന വില കൂടിയാണ് ഈ പരാജയം. ഒരാള്‍ പരാജയപ്പെട്ടാല്‍ അടുത്തയാള്‍ കത്തുന്ന റോയല്‍ ബാറ്റിങ്ങില്‍ ഗെയിലും കോഹ്ലിയും നല്‍കിയ തുടക്കം അമ്പരപ്പിക്കുന്നതായിരുന്നു. 209 റണ്‍സ് ലക്ഷ്യമിട്ട അവര്‍ ഒമ്പതാമത്തെ ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 100് കടന്നപ്പോള്‍ കിരീടധാരണം കഴിഞ്ഞതായി തോന്നി. പക്ഷേ, ഗെയിലും പിന്നാലെ കോഹ്ലിയും പോയപ്പോള്‍ കരുതിക്കളിക്കുമെന്നു കരുതിയ ഡിവില്ലിയേഴ്സിനും പിഴച്ചു. പിന്നെ ചടങ്ങ് തീര്‍ക്കുന്ന ജോലിയേ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്കുണ്ടായിരുന്നുള്ളൂ. മലയാളി താരം സചിന്‍ ബേബി അടിച്ചു ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തിനു മുമ്പായി ബേബിക്ക് കണ്ണീരണിയേണ്ടിവന്നു.
കിരീടം ചൂടിയ ശേഷം വാര്‍ണര്‍ അഭിനന്ദനം ചൊരിഞ്ഞത് ഭുവനേശ്വറിന് മേലാണ്. ലോക നിലവാരത്തിലെ മികച്ച ബൗളറാണ് ഭുവി എന്ന് വാര്‍ണര്‍ വിശേഷിപ്പിക്കുന്നു. ബൗണ്ടറി ലൈനില്‍ ഓരോ റണ്ണും സേവ് ചെയ്ത് ടീമിനാവശ്യമായ ആത്മവിശ്വാസം പകര്‍ന്ന് വിജയത്തിലേക്ക് നയിച്ച വാര്‍ണര്‍ തന്നെയാണ് ഈ ടൂര്‍ണമെന്‍റിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.