കൊമ്പന്മാരെ ചട്ടം പഠിപ്പിച്ച് സ്റ്റീഫ് കൊപ്പല്‍
text_fieldsതിരുവനന്തപുരം: രണ്ടാം സീസണില്‍ കണ്ട ബ്ളാസ്റ്റേഴ്സിനെയാകില്ല ആരാധകര്‍ മൂന്നാം സീസണില്‍ കാണുകയെന്ന് കോച്ച് സ്റ്റീഫ് കൊപ്പല്‍. കോച്ചായി സ്ഥാനമേറ്റതുമുതല്‍ കഴിഞ്ഞ സീസണിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു. ആദ്യ സീസണില്‍ റണ്ണറപ്പുകളായ ടീം രണ്ടാം സീസണില്‍ അവസാനമായാണ് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയത്. അതും മൂന്ന് പരിശീലകരുടെ കീഴില്‍. ആ ഗതി ഉണ്ടാകാതിരിക്കാന്‍ വ്യക്തമായ ഗെയിം പ്ളാനോടുകൂടിയേ കളത്തിലിറങ്ങൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണിന് മുന്നോടിയായുള്ള പരിശീലനക്യാമ്പില്‍ കൊമ്പന്മാരുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സ്റ്റീഫ് കൊപ്പല്‍.
ആദ്യം വേണ്ടത് ഒത്തിണക്കം
ആനകളെ മെരുക്കിയെടുക്കാന്‍ വളരെ പ്രയാസമാണ്. ഒത്തിണക്കിക്കൊണ്ടുപോകാന്‍ സമയമെടുക്കും. ആ അവസ്ഥയിലാണ് ഞാനിപ്പോള്‍. സ്ഥാനമേറ്റതുമുതല്‍ ബ്ളാസ്റ്റേഴ്സിന്‍െറ 14 മത്സരങ്ങളുടെയും വിഡിയോ ഫൂട്ടേജ് പഠിക്കുകയായിരുന്നു ആദ്യജോലി. കണ്ടത്തെിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ഗ്രീന്‍ഫീല്‍ഡിലത്തെിയത്. കഴിഞ്ഞ സീസണില്‍ മികച്ച നിരതന്നെയായിരുന്നു. പക്ഷേ, അംഗങ്ങള്‍ക്കിടയില്‍ ഒത്തിണക്കം ഇല്ലാതെപോയി. മൈതാനത്ത് പന്ത് കൈമാറാതെ സ്വയം ഗോളടിച്ച് ഹീറോ ആകാനായിരുന്നു പലരുടെയും ശ്രമം. ഇത്തവണ കളത്തിന് പുറത്തും അകത്തും ടീം അംഗങ്ങള്‍ക്കിടയില്‍ ഒത്തൊരുമ സൃഷ്ടിക്കാനാണ് ശ്രമം. ബാക്കിയെല്ലാം പിറകെ വന്നോളും.
ടീം ഫോര്‍മേഷന്‍
ടീം ഫോര്‍മേഷനെക്കുറിച്ചൊന്നും പറയാറായിട്ടില്ല. ഒത്തിണക്കത്തെപ്പോലെ പ്രധാനമാണ് ഫിറ്റ്നസും. മറ്റ് ടൂര്‍ണമെന്‍റുകളെപ്പോലെയല്ല ഐ.എസ്.എല്‍. മൂന്നുദിവസത്തെ ഇടവേളയില്‍ ചിലപ്പോള്‍ രണ്ട് കളികളെങ്കിലും വേണ്ടിവരും. ഫിറ്റ്നസ് നിലനിര്‍ത്തുക എന്നത് കളിക്കാരനെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഞാന്‍ കളിച്ചിട്ടുള്ളത് ആക്രമണാത്മകമായ ഫുട്ബാള്‍ ആണ്. എന്‍െറ കീഴില്‍ ബ്ളാസ്റ്റേഴ്സ് കളിക്കുന്നതും അങ്ങനെയായിരിക്കും. പ്രതിരോധത്തിലെ തെറ്റുകള്‍ കുറച്ച് നാലുവശത്തുനിന്നും എതിരാളികളെ ആക്രമിക്കാന്‍ കഴിയണം. ചിലപ്പോള്‍ രണ്ടെണ്ണം കിട്ടും. പക്ഷേ, നാലെണ്ണം തിരിച്ച് കൊടുത്തിരിക്കണം. ഇതാണ് എന്‍െറ നയം.
എന്തുകൊണ്ട് ആരോണ്‍ ഹ്യൂസ്
മാര്‍ക്വിതാരത്തിന്‍െറ പ്രശസ്തിയെക്കാളും വേണ്ടത് ടീമിനൊപ്പമുണ്ടാകുന്ന പരിചയസമ്പന്നനായ താരത്തെയാണ്. അതുകൊണ്ടാണ് വമ്പന്‍ സ്രാവുകള്‍ക്ക് പിന്നാലെ പായാതെ യൂറോപ്യന്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ഹ്യൂസിനെ ടീമിലേക്ക് കൊണ്ടുവന്നത്. മികച്ച ഫോമും ഫിറ്റ്നസും തുടരുന്ന ഹ്യൂസ് ഈ സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ കുന്തമുനയാകുമെന്നുതന്നെയാണ് പ്രതീക്ഷ.
ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം
ടീമിലെ പ്രധാന കളിക്കാരെല്ലാം ദേശീയ ടീം ക്യാമ്പിലായതിനാല്‍ ഇപ്പോള്‍ അതേക്കുറിച്ച് പറയാന്‍ കഴിയില്ല. ഇപ്പോള്‍ ക്യാമ്പിലുള്ള ഇന്ത്യന്‍ താരങ്ങളൊക്കെ കഠിനാധ്വാനികളാണ്. വിദേശതാരങ്ങളുടെ വേഗത്തിനൊപ്പം ഓടിയത്തൊനും വേഗത്തില്‍ പന്ത് കൈമാറാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. റാഫിയും ജിങ്കാനും വിനീതും ഗുര്‍പ്രീതും റഫീഖുമൊക്കെ പ്രതിഭാസമ്പന്നരായ താരങ്ങളാണ്.
ബ്ളാസ്റ്റേഴ്സിനുള്ള കൈയടി
വിഡിയോ ഫൂട്ടേജ് പരിശോധിക്കുന്നതിനിടെ അതിശയപ്പെടുത്തിയത് ബ്ളാസ്റ്റേഴ്സിനുള്ള ഗ്രൗണ്ട് സപ്പോര്‍ട്ടാണ്. കൊച്ചുകേരളത്തില്‍ ഇത്രത്തോളം ഫുട്ബാള്‍ ഭ്രാന്തന്മാരോ?. കൊച്ചിയില്‍ ബ്ളാസ്റ്റേഴ്സ് നന്നായി പന്തുതട്ടിയാല്‍ എതിരാളികള്‍ മാനസികമായി തളരും. അത്രക്ക് കരുത്താണ് കൈയടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും. മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച പ്രോത്സാഹനം ഈ സീസണിലും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.