അഫ്ഗാൻ മാർക്കറ്റും പുടിൻ പാവകളും
text_fieldsറഷ്യയുടെ ലോകകപ്പ് കാലത്തെ ഓർമകൾ അയവിറക്കാനുതകുന്ന രീതിയിലുള്ള ഏതെങ്കിലും ചെറിയ ഗിഫ്റ്റുകൾ വാങ്ങണമെന്ന ആഗ്രഹവുമായി ഒരുപാട് സ്ഥലങ്ങൾ കറങ്ങി. പക്ഷേ, ചെറിയ രീതിയിലുള്ള ഒരു കടയും കാണാനില്ല. വലിയ കടകളിലും ഫിഫ ഒഫീഷ്യൽ ഷോപ്പുകളിലും സാധനങ്ങൾക്കൊക്കെ തീവിലയും. ചെറിയ ഒരു കീചെയിനിെൻറ വില പോലും 1000 റൂബിളിനു മുകളിൽ. പല കടകളിലേക്കും ആളുകളെ ക്ഷണിച്ചു കൊണ്ട് പുറത്ത് നോട്ടീസുമായി ചെറിയ കുട്ടികളടക്കമുള്ളവർ ഉണ്ട്.
നഗര സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി ഒട്ടനവധി ചെറുകിട കച്ചവടക്കാർക്ക് ജീവിതോപാധി നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് ചെറിയ കടകളൊന്നും കാണാത്തതെന്നും ഇവിടെവെച്ച് പരിചയപ്പെട്ട ഒരു യുക്രെയ്നിയൻ പൊലീസുകാരൻ പറഞ്ഞു. ഒടുവിൽ ഇടത്തരം കടകളുടെ അന്വേഷണം ചെന്നെത്തിയത് ഡൗൺ ടൗണിൽ നിന്ന് മാറി പുറമെയുള്ള പ്രദേശത്താണ്.
മെട്രോ ഇറങ്ങി പുറത്തെത്തിയപ്പോൾ സ്റ്റാലിെൻറ ഒരു വലിയ പ്രതിമ സ്റ്റേഷന് അഭിമുഖമായുണ്ട്. ഇതുവരെ കണ്ടതിൽവെച്ച് സാമാന്യം ഏറ്റവും വലുത് തന്നെയാണ് ഇത്. റോഡ് മുറിച്ചുകടക്കാനുള്ള അണ്ടർഗ്രൗണ്ട് പാസേജ് കടന്ന് അപ്പുറത്തെത്തി. പക്ഷേ, കടകളുടെ ലക്ഷണമൊന്നും കാണുന്നില്ല. കുറെ മുന്നോട്ട് നടന്നപ്പോൾ ഒരു വലിയ ബഹുനില കെട്ടിടത്തിനകത്തേക്കുള്ള വഴി കണ്ടു. ലിഫ്റ്റിനടുത്തെത്തിയപ്പോൾ പൂരത്തിനുള്ള ആൾക്കൂട്ടം. പലരാജ്യങ്ങളിൽനിന്നുള്ള ആണും പെണ്ണുമായി ആയിരങ്ങൾ. 20 നിലകളുള്ള കെട്ടിടത്തിനകത്തേക്കുള്ള വ്യത്യസ്ത ആവശ്യക്കാരാണ് ഇവർ.
ഇത് അഫ്ഗാൻ മാർക്കറ്റ് എന്നറിയപ്പെടുന്ന സ്ഥലം. ഇവിടെയാണ് സോവിയറ്റ് ഗവൺമെൻറ് അഫ്ഗാനിൽനിന്നും ഒഴുകിയെത്തിയ അഭയാർഥികൾക്ക് അഭയസ്ഥാനമൊരുക്കിയത്. കാലക്രമേണ ഈ പാർപ്പിട സമുച്ചയം ഒരു വ്യാപാര കേന്ദ്രമായി മാറുകയായിരുന്നു. പുറമെയുള്ള ചെറുകിട സ്ഥാപനങ്ങൾ ഇല്ലാതായതോടെ ഈ കെട്ടിടം കുറഞ്ഞവിലയുടെ വലിയ കേമ്പാളമായി മാറി. ഉപ്പുതൊട്ട് കർപ്പൂരം വരെ എന്നപോലെ ഏത് സാധനവും കിട്ടും.
ഓരോ നിലയും ഓരോ വിഭാഗം സാധനങ്ങളുടെ മൊത്തവിതരണം എന്ന നിലയിലാണുള്ളത്. ഒരുപാട് കടകൾ കയറിയിറങ്ങി ഒടുവിൽ എത്തിയത് നന്നായി ഹിന്ദി സംസാരിക്കുന്ന ഒരു സ്ത്രീയുടെ കടയിലാണ്. പാശ്ചാത്തലത്തിൽ ഹിന്ദി സിനിമാഗാനം പാടിക്കൊണ്ടിരിക്കുന്നു. കളിപ്പാട്ടങ്ങൾ നിറഞ്ഞ ഇവിടെ ഒരു പ്രത്യേകതരം പാവയാണ് ശ്രദ്ധയിൽപെട്ടത്. ഇതാണ് ‘മത്രി യോഷ്ക’. റഷ്യയുടെ ആസ്ഥാന പാവക്കുട്ടി എന്ന് പറയാം. വലിയ ഒരു പാവക്കുട്ടിക്കകത്ത് അടുക്കി വെച്ചിരിക്കുന്ന മറ്റനേകം കുഞ്ഞുപാവകൾ. ഒന്നിനുപിറകെ ഒന്നായി പുറത്തെടുത്തപ്പോൾ കൗതുകമായി.
സോഷ്യലിസ്റ്റ് പാരമ്പര്യമാണെങ്കിലും റഷ്യക്കാർ പലവിധ വിശ്വാസം സൂക്ഷിക്കുന്നവരാണ്. വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ പാവകൾക്ക് സാധിക്കുമെന്നാണ് അവയിൽ ഒന്ന്. നേരത്തെ ഒരു റഷ്യക്കാരനോട് വാതിലിനിടയിൽ നിന്ന് യാത്ര ചോദിച്ചപ്പോൾ ഇങ്ങനെ ഞങ്ങൾ യാത്രയയക്കാറില്ല എന്നായിരുന്നു മറുപടി. ശേഷം, എന്നെ വീണ്ടും അകത്തേക്ക് കയറ്റി യാത്ര പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞ കാര്യവും ഓർമവന്നു.
ഇവിടത്തെ പല നേതാക്കളുടെയും രൂപത്തിലും ‘മത്രിയോഷ്ക’ പാവകളുണ്ട്. പ്രസിഡൻറുമാരുടെ ക്രമത്തിലും ഒന്നിന്നുള്ളിൽ മറ്റൊന്ന് എന്ന രീതിയിലും. ലോകകപ്പ് ആയതുകൊണ്ട് തന്നെ ഫിഫയുടെ പേരിലുമുണ്ട് മത്രിയോഷ്ക.
ഇവിടെ ജോലിക്കാരിൽ ഭൂരിഭാഗവും നേപ്പാൾ, അഫ്ഗാൻ എന്നിവിടങ്ങളിൽനിന്നാണ്. നഗരത്തിനകത്തെ കച്ചവടക്കാരടക്കമുള്ളവർ ഇവിടെ നിന്നാണ് സാധനങ്ങൾ മൊത്തമായി വാങ്ങുന്നത്. എല്ലാ നിലകളിലും കയറിയിറങ്ങുമ്പോഴേക്കും സമയം ഒരു പാട് വൈകി. നഗരത്തിെൻറ വർണങ്ങളില്ലാത്ത സാധാരണ മനുഷ്യരുടെ വലിയ ഒരു ലോകം. ഒരു പക്ഷേ, പലർക്കും ഇത് അജ്ഞാതമായിരിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.