മലമുകളിൽനിന്നൊരു വടക്കൻ വീരഗാഥ
text_fieldsഇന്ത്യൻ സൂപ്പർ ലീഗിെൻറ താരപ്പകിട്ടും നഗരഫുട്ബാളിെൻറ ബഹളങ്ങളുമൊന്നുമില്ലാതെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിലെ മലമുകളിൽ ഇന്ത്യൻ ഫുട്ബാളിെൻറ അദ്ഭുതം പിറക്കുകയാണ്. കൊടിയിറങ്ങാനൊരുങ്ങുന്ന െഎ ലീഗിൽ മിസോറമിലെ കുഞ്ഞൻ ക്ലബായ െഎസോൾ എഫ്.സി അവസാനകുതിപ്പിൽ തട്ടിവീണാലും ഇല്ലെങ്കിലും ഇൗ യാത്രയൊരു ചരിത്രമാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരെയെല്ലാം കാഴ്ചക്കാരാക്കി കിരീടമണിഞ്ഞ ലെസ്റ്റർ സിറ്റിയുടെ വിസ്മയംപോലെ. ആയിരത്തിൽ അഞ്ചുപേർ മാത്രം സാധ്യത കൽപിച്ച ലെസ്റ്റർ അവിശ്വസനീയ യാത്രയിൽ ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡും ആഴ് സനലുംപോലെ നൂറ്റാണ്ടിെൻറ പഴക്കമുള്ള ക്ലബുകെളയാണ് തകർത്തെറിഞ്ഞതെങ്കിൽ ഇന്ത്യൻ പതിപ്പാണ് ഇവിടെ ആവർത്തിക്കുന്നത്. െഎ ലീഗിൽ പന്തുതട്ടിയ രണ്ടാം സീസണിൽതന്നെ െഎസോൾ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുേമ്പാൾ അടിതെറ്റിയത് കൊൽക്കത്ത ഫുട്ബാളിെൻറ പ്രതാപംപേറുന്ന ഇൗസ്റ്റ്ബംഗാളും മോഹൻ ബഗാനും, പ്രഫഷനൽ ഫുട്ബാളിെൻറ പുതിയ സമവാക്യമായ ബംഗളൂരു എഫ്.സിയും. ഗോവയും കേരളവും ബംഗാളും ബംഗളൂരുവും കൈയടക്കിയ ഇന്ത്യൻ ഫുട്ബാൾ വടക്കുകിഴക്കൻ നാടുകളിലെ മലമുകളിലേക്ക് പറിച്ചുനടുന്നുവെന്നതിെൻറ പുതിയ ഉദാഹരണം പിറക്കുകയാണ് മിസോറമിെൻറ മണ്ണിൽ.
െഎ ലീഗ് കൊടിയിറങ്ങാൻ ഇനി ശേഷിക്കുന്നത് ഒരു മാസം മാത്രം. ഒാരോ ടീമുകൾക്കും ബാക്കിയുള്ളത് നാലു മുതൽ രണ്ടു വരെ കളി. നിലവിലെ പട്ടികയിൽ 14 കളിയിൽ 30 പോയൻറുമായി െഎസോൾ ഒന്നാമതാണ്. ഇവർക്ക് ബാക്കിയുള്ളതാവെട്ട രണ്ടു കളികളും. 13 കളിയിൽ 27 പോയൻറുമായി ഇൗസ്റ്റ് ബംഗാളാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയാവെട്ട കിരീടത്തിൽനിന്ന് ഏറെ അകലെ അഞ്ചാം സ്ഥാനത്തും (13 കളി 18 പോയൻറ്).കിരീടത്തിലേക്കുള്ള യാത്രയിൽ ശനിയാഴ്ച മിനർവ പഞ്ചാബിനോടേറ്റ സമനിലയാണ് (2^2) ചാമ്പ്യൻകുതിപ്പിന് ഭീഷണിയായത്. എന്നാൽ, ബാക്കിയുള്ള രണ്ടു കളിയും (ഏപ്രിൽ ഒമ്പതിന് ബംഗളൂരു എഫ്.സി, 15ന് ചർച്ചിൽ ബ്രദേഴ്സ്) ജയിച്ചാൽ ദേശീയ ലീഗ് കിരീടം ഇതാദ്യമായി വടക്കുകിഴക്കൻ മണ്ണിലെത്തും.
മിസോറമിെൻറ പൈതൃകം
കാടും മലയും തടാകങ്ങളും നിറഞ്ഞ മിസോറമിെൻറ തലസ്ഥാനനഗരിയാണ് െഎസോൾ. വനത്താൽ ചുറ്റപ്പെട്ട നാട്ടിൽ ജനവാസമുള്ള ഏതാനും പ്രദേശങ്ങളിലൊന്ന്. കളിയെന്നാൽ ഇവിടെ ഫുട്ബാളാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ആ പ്രൗഢിയും കരുത്തും അടുത്തിടെവരെ മലമുകളിൽതന്നെ ഒതുങ്ങിക്കഴിയുകയായിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ 2013^14ൽ നടന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പാണ് മിസോറമിെൻറ ഫുട്ബാൾ മികവിനെ താഴ്വാരത്തേക്കിറക്കി രാജ്യമാകെ പടർത്തിയതെന്ന് പറയാം. അവരുടെ അദ്ഭുതക്കുതിപ്പിനു മുന്നിൽ സർവിസസും റെയിൽവേയും ബംഗാളുമെല്ലാം തകർന്നടിഞ്ഞപ്പോൾ മിസോറം ആദ്യമായി കിരീടത്തിൽ മുത്തമിട്ടു. അതിനും ഒരു വർഷംമുേമ്പ ആരംഭിച്ച മിസോറം പ്രീമിയർ ലീഗിലൂടെ വളർത്തിയെടുത്ത തദ്ദേശീയ താരങ്ങളിലൂടെയുള്ള വിജയപ്രഖ്യാപനമായിരുന്നു സന്തോഷ് ട്രോഫി കിരീടം. 2012^13 സീസണിൽ മിസോറമിലെ എട്ട് ക്ലബുകളെ ഉൾപ്പെടുത്തിയാരംഭിച്ച നാലു മാസം ദൈർഘ്യമുള്ള ലീഗ് പോരാട്ടം. താഴെതട്ടിലെ ഫുട്ബാൾ വികസനത്തിനുള്ള തന്ത്രം വിജയംകണ്ടു. ഒട്ടനവധി യുവതാരങ്ങൾ കളിച്ച് തെളിഞ്ഞതോടെ മിസോറം ഇന്ത്യൻ ഫുട്ബാളിെൻറ പുതിയ പറുദീസയായി മാറുകയായിരുന്നു. അതിെൻറ തുടർച്ചയാണ് െഎസോളിെൻറ വരവ്. 2015 െഎ ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായി െഎ ലീഗ് ഒന്നാം ഡിവിഷനിൽ പന്തുതട്ടാൻ യോഗ്യത നേടി. കഴിഞ്ഞ സീസണിൽ െഎ ലീഗിൽ അരങ്ങേറ്റംകുറിച്ചവർ തലനാരിഴക്കാണ് തരംതാഴ്ത്തലിൽനിന്ന് രക്ഷപ്പെട്ടത്. 16 കളിയിൽ നാലു ജയവും നാലു സമനിലയും എട്ടു തോൽവിയും വഴങ്ങിയവർ എട്ടാം സ്ഥാനത്തായിരുന്നു. പക്ഷേ, ഇക്കുറി മുൻ ഇന്ത്യൻതാരം ഖലിദ് ജമീലിനെ പരിശീലകനായി നിയമിച്ചതോടെ മലമുകളിൽനിന്നുള്ള ചെമ്പടക്ക് നല്ലകാലം വരുകയായിരുന്നു. 2014^15, 2015^16 സീസണിൽ മിസോറം പ്രീമിയർലീഗ് ജേതാക്കളായിരുന്ന െഎസോളിന് ഇക്കുറി സ്വന്തം നാട്ടിൽ അടിതെറ്റി. െഎ ലീഗിലെ കുതിപ്പിനിടെ അവർ, നാട്ടിലെ പോരാട്ടത്തിൽ സെമിയിൽ പുറത്തായി.
െഎസോൾ, മെയ്ഡ് ഇൻ മിസോറം
1984ൽ പിറന്ന െഎസോൾ എഫ്.സി െഎ ലീഗ് യോഗ്യത നേടിയതോടെയാണ് പ്രഫഷനൽ പരിവേഷമണിയുന്നത്. നിലവിൽ 30 അംഗ ടീമിൽ നാലു വിദേശികൾ മാത്രം. മുംബൈയിൽനിന്ന് ഖാലിദ് ജമീൽ എത്തുേമ്പാൾ നിറയെ പ്രാദേശിക താരങ്ങളുള്ള കൂട്ടമായിരുന്നു െഎസോൾ. അവരിൽ 13 പേർ 22ന് താഴെ പ്രായമുള്ള തുടക്കക്കാർ. മലമുകളിലെ ഹൈആൾറ്റിറ്റ്യൂഡിൽ കളിച്ചുശീലിച്ചവരുടെ മികവിനെ അടിസ്ഥാനമാക്കിതന്നെ പുതിയ കോച്ച് ക്ലബിനെ മെരുക്കി. ജയേഷ് റാണ, അശുതോഷ് മെഹ്ത എന്നീ മുംബൈ താരങ്ങളെയും സിറിയക്കാരൻ മഹ്മൂദ് അംന, ൈലബീരിയക്കാരൻ ആൽഫ്രഡ് ജറിയൻ എന്നിവരെയും ഖാലിദ് മിസോറമിലേക്കുള്ള വരവിൽ ഒപ്പംകൂട്ടി. ഇവരുടെ വരവ് യുവതാരങ്ങൾക്ക് പ്രഫഷനൽ ടച്ചും നൽകി. പ്രതിരോധ ഫുട്ബാളാണ് തങ്ങളുടേതെന്ന വിമർശനത്തെ തള്ളുന്ന കോച്ച് സാഹചര്യങ്ങൾക്കും എതിരാളിക്കുമനുസരിച്ചാണ് ഗെയിം പ്ലാനെന്ന് വ്യക്തമാക്കുന്നു. ഒപ്പം, െഎസോളിലെ ചെറിയ സ്റ്റേഡിയത്തിൽ ആവേശവുമായെത്തുന്ന ആരാധകരുടെ പിന്തുണയും തങ്ങളുടെ കുതിപ്പിന് ഉൗർജമാകുന്നുവെന്ന സാക്ഷ്യപ്പെടുത്തലും.
അഞ്ച് ഗോളടിച്ച െഎവറി കോസ്റ്റുകാരൻ ബെയ്കാമു സ്റ്റെഫാനെയാണ് ടോപ്സ്കോറർ. തദ്ദേശീയ താരങ്ങളായ വില്യം ലാൽനുൻഫെല, ബ്രാൻഡൻ വൻലാൽറെംഡിക, ലാലസുവാല, ലാൽഡാൻമാവിയ, ആൽബർട് സോമിംങ്മാവിയ തുടങ്ങിയ പേരുകളെല്ലാം ഇനി ഇന്ത്യൻ ഫുട്ബാളിെൻറ മേൽവിലാസമാകാൻ പോകുന്നവ.
സ്വന്തം മണ്ണിലെ കരുത്തർ
എതിരാളിയെ അറിഞ്ഞാണ് െഎസോളിെൻറ കളികൾ. സീസണിൽ സ്വന്തം മണ്ണിൽ ഒരു കളിയും തോറ്റിട്ടില്ലെന്ന പെരുമയുണ്ട് ഇവർക്ക്. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലെ ഹോംഗ്രൗണ്ടിൽ കളിച്ചുള്ള പരിചയമാണ് മുൻതൂക്കമെന്ന വിമർശനത്തിന് അതേ നാണയത്തിലാണ് മറുപടി. െഎസോളിനേക്കാൾ ഏറെ ഉയരത്തിൽ കളിക്കുന്ന ഷില്ലോങ് ലജോങ്ങിെന 2^1ന് തോൽപിച്ചാണ് ഇവർ മറുപടി നൽകിയത്. ചർച്ചിൽ (3^1), ഇൗസ്റ്റ് ബംഗാൾ (1^0), മുംബൈ (2^0) എന്നിവരെയെല്ലാം വിളിച്ചുവരുത്തി നാണംകെടുത്തി. ഹോംഗ്രൗണ്ടിൽ ഏഴു ജയവും ഒരു സമനിലയും. എതിരാളിയുടെ മണ്ണിൽ രണ്ടു ജയം, രണ്ടു തോൽവി, രണ്ടു സമനില. ശേഷിക്കുന്ന രണ്ടു കളിയും എതിരാളികളുടെ മണ്ണിലാണെന്നതാണ് അടുത്ത വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.