പിൻഗാമിയല്ല, ഇതിഹാസം
text_fieldsവിരാട് കോഹ്ലി ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനായത് യാദൃശ്ചികമാവാനിടയില്ല. കളിയോടുള്ള സമീപനത്തിലും പോരാട്ടവീര്യത്തിലും ക്രിക്കറ്റിലെ റൊണാൾഡോയാണ് കോഹ്ലി. വിജയത്തിൽ കുറഞ്ഞതൊന്നും കൊണ്ട് അയാൾ തൃപ്തനാവുകയില്ല. പരാജയങ്ങളോട് വല്ലാത്ത അസഹിഷ്ണുതയാണയാൾക്ക്. നേട്ടങ്ങളുടെ ആലസ്യത്തിൽ മുഴുകാതെ കഠിനപരീശീലനങ്ങളിലൂടെ തന്നെത്തന്നെ വെല്ലുവിളിക്കും. വിമർശനങ്ങളെ ഫ്ളയിംഗ് കിസ് കൊടുത്ത് ബൗണ്ടറി കടത്തും.
‘‘അവിശ്വസനീയമാണ് അയാളുടെ ബാറ്റിംഗ്, മറ്റൊന്നും പറയേണ്ട കാര്യമില്ല’’ കരീബിയൻ ഇതിഹാസം ബ്രയാൻ ലാറ വിരാട് കോഹ്ലിെയക്കുറിച്ച് പറഞ്ഞതാണിത്. 22യാർഡുള്ള ക്രിക്കറ്റ് ക്രീസിൽ അയാൾ ചെയ്യുന്നതെല്ലാം അവിശ്വസനീയമാണ്. ക്രീസിൽ അയാളൊരു അമാനുഷികനാണെന്നറിയാൻ കണക്കുപുസ്തകങ്ങളിലേക്കുള്ള ചെറുനോട്ടം മാത്രം മതി. ബാറ്റ്സ്മാൻമാർക്ക് ഒരു കാലത്തും ഇന്ത്യൻ ക്രിക്കറ്റിൽ വരൾച്ചയുണ്ടായിട്ടില്ല.
കോപ്പിബുക്ക് ക്രിക്കറായ സുനിൽ ഗാവസ്കർ, ഒാരോഷോട്ടിലും തെൻറ കയ്യൊപ്പുള്ള സച്ചിൻ തെണ്ടുൽക്കർ, കൈക്കുഴയുടെ ചലനാത്മകതയിൽ റൺസടിച്ചു കൂട്ടിയിരുന്ന അസ്ഹറുദ്ദീൻ, ആദ്യപന്തുമുതൽ പ്രഹരിച്ചുതുടങ്ങുന്ന വീരേന്ദർ സെവാഗ് എന്നിങ്ങനെ പലജനുസ്സുകളിൽ പെട്ട ബാറ്റ്സ്മാൻമാർ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇവരുടെയെല്ലാം അംശങ്ങൾക്ക് കൂടെ ആത്മവിശ്വാസവും റൺസിനോടുള്ള അടങ്ങാത്ത ദാഹവും കൂടി ചേരുേമ്പാൾ വിരാട് കോഹ്ലിയാകുന്നു.
നൈസർഗ്ഗികമായ ബാറ്റിംഗ് രീതികൊണ്ടു മാത്രമല്ല വിരാട് കോഹ്ലി കളം വാഴുന്നത്. അയാൾ അയാളെത്തന്നെ നിരന്തരം പരീക്ഷണശാലയാക്കുന്നു. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. സമീപകാലത്ത് അയാൾ ഇംഗ്ലണ്ടിൽ നടത്തിയ പ്രകടനം തന്നെ നോക്കൂ. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ തികഞ്ഞ പരാജിതനായിട്ടാണ് അയാൾ തിരിഞ്ഞു നടന്നത്. ഇന്ത്യയിലെ വരണ്ടപിച്ചുകളുടെ ദാക്ഷിണ്യത്തിലാണ് അയാൾ ഇതിഹാസതാരമാകുന്നതെന്ന് പലരും വിധിയെഴുതി.
ഇംഗ്ലണ്ടിെൻറ ജയിംസ് ആൻഡേഴ്സെൻറ കുത്തിത്തിരിയുന്ന പന്തുകൾക്കുമുന്നിൽ നട്ടംതിരിഞ്ഞ കോഹ്ലിയുടെ പ്രകടനം വിമർശനങ്ങളെ ശരിവെക്കുന്നതുമായിരുന്നു. നാലുവർഷങ്ങൾക്കിപ്പുറം ലോർഡ്സിലും ഒാവലിലും ക്രിക്കറ്റ് ആരവങ്ങളുയർന്നു. മികച്ച സ്വിങ്ങും പേസുമുള്ള പിച്ചിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്കുപോലും നിലയുറപ്പിക്കാനായില്ല. ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കും രക്തം ദാഹിച്ചു പന്തെറിയുന്ന ഇംഗ്ലീഷ് ബൗളർമാർക്കും മുന്നിൽ ഒരേ ഒരു വ്യത്യാസം വിരാട് കോഹ്ലി മാത്രമായിരുന്നു.
ടെസ്റ്റ് പരമ്പരയിെല 10 ഇന്നിങ്സുകളിൽ നിന്നുമായി 593റൺസ് നേടി ടൂർണെമൻറിലെ ടോപ്പ് സ്കോററായാണ് കോഹ്ലി ഇംഗ്ലീഷ്മണ്ണിൽ നിന്നും തിരിഞ്ഞു നടന്നത്. ടീം അേമ്പ പരാജയമായിരുന്നുവെങ്കിലും തനിക്ക് ആരുടെ മുമ്പിലും ഒന്നും തെളിയിക്കാൻ ബാക്കിയില്ലെന്ന് കൂടി പ്രഖ്യാപിച്ച് തലയുയർത്തിയാണ് കോഹ്ലി ഇംഗ്ലീഷ് മണ്ണ് വിട്ടത്.
73ടെസ്റ്റുകളിൽ നിന്നും 24 സെഞ്ച്വറികളക്കം 6331റൺസും 213ഏകദിനങ്ങളിൽ നിന്നും 37സെഞ്ച്വറികളക്കം 10076 റൺസും 62 ട്വൻറി 20കളിൽ നിന്നും 48.88 ശരാശരിയിൽ 2102റൺസും അയാൾ നേടിക്കഴിഞ്ഞു. കാലത്തിനനുസരിച്ച് ബാറ്റിംഗ് രീതികൾ മാറിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിൽ വ്യത്യസ്ത കാലങ്ങളിലായുള്ള രണ്ട് പ്രതിഭകളെ താരതമ്യം ചെയ്യുന്നതിൽ യുക്തിരാഹിത്യമുണ്ടെങ്കിലും കോഹ്ലി കളിച്ച മത്സരങ്ങളുടെ എണ്ണത്തിെൻറ വെളിച്ചത്തിൽ കണക്കുകൾ നിരത്തിയാൽ റൺസിൽ, സെഞ്ച്വറികളിൽ, ശരാശരിയിൽ, സ്ട്രൈക്ക് റേറ്റിൽ എല്ലാം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കാതങ്ങൾ പിന്നിലാണ്. ക്രിക്കറ്റല്ലാതെ മറ്റു സമയംകൊല്ലികളും ഏറെയുള്ള പുതുതലമുറയുടെ കാലത്ത് ബാറ്റ് ചെയ്യുന്നത് കൊണ്ട് ഒരുപക്ഷേ അയാൾ സച്ചിനോളം ഇന്ത്യൻ ജനതയുടെ വികാരമായില്ലായിരിക്കാം.
തെൻറ സെഞ്ച്വറികളിലേറെയും കോഹ്ലി കുറിച്ചത് റൺ ചേസ് ചെയ്യുേമ്പാഴാണെന്നത് അതിെൻറ മാറ്റുകൂട്ടുന്നു. കോഹ്ലിയുടെ ബാറ്റിൽ നിന്നുമൊഴുകുന്ന റൺസിേൻറയും അയാളുടെ ആത്മവിശ്വാസത്തിേൻറയും കരുത്തിൽ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് നമ്പർ വൺ ആകുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിച്ചുകളിലെ അപ്രമാധിത്വത്തിനൊപ്പം ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും ഇംഗ്ലണ്ടും വെട്ടിപ്പിടിച്ച് അയാൾ കുതിക്കുകയാണ്.
കളിയുടെ ഫോർമാറ്റിനും സാഹചര്യങ്ങൾക്കുമനുസരിച്ച് ശൈലിമാറ്റാനുള്ള അത്യപൂർവ്വ കഴിവുള്ള ഇൗ ഇതിഹാസത്തിെൻറ ഉന്മാദക്കാഴ്ചകൾക്കായി കാത്തിരിക്കാം. സച്ചിേൻറയോ മറ്റാരുടെയെങ്കിലുമോ താരതമ്യത്തിൽ ഉരച്ചുനോക്കാനുള്ളതല്ല വിരാട്കോഹ്ലി. ആരുടെയെങ്കിലും പിൻഗാമിയുമല്ല. അയാൾ വിരാട് കോഹ്ലിയാണ്. അതുമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.