പരിശീലനത്തിന് ഇനിയും അനുമതിയില്ല; ഇങ്ങനെയെങ്കിൽ വിരമിക്കും –വിർധവാൽ ഖാഡെ
text_fieldsന്യൂഡൽഹി: കോവിഡ് കാരണം ഇന്ത്യയിൽ ഭാവി ഏറെ അനിശ്ചിതത്വത്തിലായ കായികവിഭാഗം നീന്തലാണ്. ലോക്ഡൗണിൽ അടച്ചിട്ട മറ്റ് സ്പോർട്സിനെല്ലാം പരിശീലനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും നീന്തൽ കുളങ്ങൾ തുറക്കാനോ, താരങ്ങൾക്ക് പരിശീലനം തുടങ്ങാനോ അനുമതി ലഭിച്ചിട്ടില്ല.
മൂന്നു മാസത്തിലേറെയായി മുടങ്ങിയ പരിശീലനം അനിശ്ചിതത്വത്തിലായതോടെ കരിയർ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് കൂടിയായി വിർധവാൽ ഗാഡെ രംഗത്തെത്തിയതോടെയാണ് നീന്തൽ കുളത്തിലെ പ്രശ്നം നാടറിയുന്നത്. നീന്തൽ കുളങ്ങൾ ഇനിയും തുറന്നില്ലെങ്കിൽ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് ഖാഡെ ട്വിറ്ററിൽ വെടിപൊട്ടിച്ചത്. ‘നീന്തൽ കരിയർ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.
മൂന്നു മാസത്തിലേറെയായി ഇന്ത്യയിലെ നീന്തൽ താരങ്ങൾ കുളത്തിലിറങ്ങിയിട്ട്. മറ്റു കായികതാരങ്ങൾക്ക് സാമൂഹിക അകലംപാലിച്ച് പരിശീലനം നടത്താമെങ്കിൽ നീന്തൽ താരങ്ങൾക്കും കഴിയും. ഇനിയെന്ന് പരിശീലനം ആരംഭിക്കാമെന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ല. മറ്റു കായിക ഇനങ്ങൾ പോലെ ഞങ്ങളെയും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, സ്വിമ്മിങ് ഫെഡറേഷൻ, എന്നിവരെ ടാഗ് ചെയ്ത ട്വീറ്റിൽ ഖാഡെ വ്യക്തമാക്കുന്നു.
തായ്ലൻഡിൽ പരിശീലനം പുനരാരംഭിച്ച് സജൻ
ഖാഡെ ഉൾപ്പെടെ ആറുപേർക്കാണ് ‘ബി’ ലെവൽ ഒളിമ്പിക്സ് യോഗ്യത നേടിയത്. ടോക്യോ ഒളിമ്പിക്സിനായുള്ള ഇവരുടെ കഠിന പരിശീലനത്തിനിടെയായിരുന്നു കോവിഡും ലോക്ഡൗണുമെത്തുന്നത്. ഇതോടെ, പരിശീലനം മുടങ്ങി. ഇതിനിടെ ഒളിമ്പിക്സ് മാറ്റിവെച്ചത് ആശ്വാസമായെങ്കിലും ഇതിനകം ലോകെത്ത മറ്റു നീന്തൽ താരങ്ങളെല്ലാം സ്വിമ്മിങ് സ്യൂട്ടണിഞ്ഞ് തിരിച്ചെത്തി. ഇന്ത്യയിൽനിന്നുള്ള ആറു പേരിൽ മലയാളിയായ സജൻ പ്രകാശ് മാത്രമാണ് നീന്തൽ പരിശീലനം പുനരാരംഭിച്ചത്. കോവിഡ് ലോക്ഡൗണിനിടെ തായ്ലൻഡിൽ കുടുങ്ങിയ സജൻ ഈ മാസം ആദ്യം മുതൽ പരിശീലനം പുനരാരംഭിച്ചു. തായ്ലൻഡിൽ നീന്തൽ കുളങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതാണ് സജന് അനുഗ്രഹമായത്.
അതേസമയം, ഇന്ത്യയിൽ മറ്റു കായിക ഇനങ്ങൾക്ക് പരിശീലന അനുമതി നൽകിയെങ്കിലും നീന്തൽ താരങ്ങളുടെ കാര്യത്തിൽ മന്ത്രാലയം മിണ്ടിയിട്ടില്ല. നീന്തൽ കുളങ്ങളും ജിംനേഷ്യങ്ങളും തുറക്കാൻ ഇതുവരെ സമ്മതിച്ചിട്ടില്ല. ഒളിമ്പിക്സ് യോഗ്യത നേടിയവർക്ക് പരിശീലിക്കാൻ അനുമതി നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെെട്ടങ്കിലും തീരുമാനമായിട്ടില്ല. നീന്തൽ പുനരാരംഭിക്കാൻ മന്ത്രാലയത്തിെൻറ അനുമതി തേടിയതായ് സ്വിമ്മിങ് ഫെഡറേഷൻ ഇന്ത്യ സെക്രട്ടറി ജനറൽ മൊണാൽ ചോക്ഷി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.