ഇതാ ഒരു മുത്ത്
text_fieldsസംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ 3000 മീറ്ററിൽ 13 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത രബി പാലിെൻറ ഇഷ്ടതാരം പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയാണ്. മത്സരശേഷം മലയാളി മാധ്യമപ്രവർത്തകരിൽ ഒരാൾ പി.ടി. ഉഷയെ വിളിച്ച് ഫോൺ കൈമാറി. ഇഷ്ടതാരത്തോട് രബി ഗ്രാമ്യ ഹിന്ദിയിൽ സംസാരിച്ചു. ഏഷ്യൻ തലത്തിൽ അടക്കം മെഡലുകൾ നേടാൻ കഴിയട്ടെ എന്ന് അങ്ങേത്തലക്കൽ പി.ടി. ഉഷയുടെ ഉപദേശം.
ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലെ ചിതോന എന്ന കൊച്ചു ഗ്രാമത്തിൽനിന്നുള്ള ഈ പെൺകുട്ടിയുടെ റെക്കോഡ് പ്രകടനമാണ് ദേശീയ സ്കൂൾ കായികമേള സീനിയർ വിഭാഗം ആദ്യ ദിനത്തിലെ ഹൈലൈറ്റ്. തെൻറ നേട്ടം വീട്ടുകാരെ വിളിച്ച് അറിയിച്ചെങ്കിലും അത്ലറ്റിക്സിലെ റെക്കോഡിനെ കുറിച്ചൊന്നും അവർക്കറിയില്ലെന്ന് ഈ മിടുക്കി പറയുന്നു.
അധികൃതരുടെ കാര്യമായ പ്രോത്സാഹനങ്ങൾ ഇല്ലാതെയാണ് രബി പാലിെൻറ നേട്ടങ്ങൾ. ഉത്തർപ്രദേശ് സർക്കാർ ഒരു സഹായവും നൽകാറില്ലെന്ന് ടീം അധികൃതർ പറയുന്നു. റെക്കോഡ് സ്വർണം നേടി നാട്ടിൽ തിരിച്ചെത്തിയാൽ 1000രൂപ കിട്ടിയെങ്കിൽ ഭാഗ്യമെന്ന് ടീം ഓഫീഷ്യൽ.
അതേസമയം, ഗ്രാമവാസികൾ രബി പാലിന് ഏറെ പിന്തുണയേകുന്നുണ്ട്. ക്വാലാലംപുരിൽ കഴിഞ്ഞ ജനുവരിയിൽ നടന്ന മലേഷ്യൻ ഓപൺ ഗ്രാൻപ്രീ അത്ലറ്റിക്സ് 1500 മീറ്ററിൽ വെള്ളി നേടിയപ്പോൾ ഗ്രാമത്തിൽ അത്യുജ്വല സ്വീകരണമൊരുക്കിയിരുന്നു. കോടമഞ്ഞിറങ്ങിയ വാർ ഹീറോസ് സ്റ്റേഡിയത്തിൽ സൂപ്പർ ഹീറോയിൻ പരിവേഷത്തിലായിരുന്നു കുതിപ്പ്. സീനിയർ സ്കൂൾ കായികമേളയിലെ ആദ്യ ഇനമായ പെൺകുട്ടികളുടെ 3000 മീറ്ററിൽ 13 വർഷം പഴക്കമുള്ള റെക്കോഡ് തകർത്താണ് ഈ ഉത്തർപ്രദേശുകാരി താരമായത്.
ഷമീന ജബ്ബാറിെൻറ പേരിലുള്ള റെക്കോഡ് തകർത്ത താരം വാരാണസിയിലെ ചന്ദോലിയിലെ കെ.എൻ ഇൻറർ കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബനാറസ് ഹിന്ദു സർവകലാശാലയിലെ സായ് സെൻററിലാണ് പരിശീലനം. ഗുണ്ടൂരിൽ കഴിഞ്ഞ മാസം നടന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ 3000 മീറ്ററിൽ സ്വർണം നേടിയ രബി പാൽ, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ജേത്രിയായിരുന്നു. സഞ്ജീവ് കുമാർ ശ്രീവാസ്തവയാണ് കോച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.