മറക്കാനാവാത്ത കണ്ണീർ
text_fields‘അച്ഛെന ആദ്യമായി കരഞ്ഞുകണ്ടത് അന്നായിരുന്നു. ഒരു തോൽവിയായിരുന്നു എല്ലാറ്റിനും കാരണം. അന്നെനിക്ക് ഒമ്പത്- 10 വയസ്സുമാത്രം. റേഡിയോക്കരികിലിരുന്ന് കരയുന്ന അച്ഛൻ ഇന്നും ഒാർമയിലുണ്ട്. എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ബ്രസീൽ ലോകകപ്പിൽ തോെറ്റന്ന്. 1950ൽ ബ്രസീലിെൻറ ദുരന്തദിനമായ ‘മാറക്കാനസോ’യുടെ എെൻറ ഒാർമയാണിത്. പിന്നെ സംഭവിച്ചത് ജീവിതത്തിലെ ദൈവാനുഗ്രഹം. എട്ടുവർഷത്തിനു ശേഷം സ്വീഡനിൽ വെച്ച് ബ്രസീൽ ലോകകിരീടം നേടുേമ്പാൾ ആ ടീമിൽ ഒരാളായി ഞാനുമുണ്ടായിരുന്നു’ -ബ്രസീൽ നേടിയ അഞ്ച് ലോകകപ്പുകളിൽ മൂന്നിലും ടീമിനെ കിരീടത്തിലേക്ക് നയിച്ച സാക്ഷാൽ പെലെയുടെ വാക്കുകളാണിത്.
*** *** *** *** *** ***
പെലെയുടെ പിതാവ് മാത്രമല്ല, ബ്രസീൽ മുഴുവൻ അന്ന് കരഞ്ഞു. 1950 ജൂൈല 16നെ ബ്രസീൽ ചരിത്രത്തിലെ സുവർണ രാത്രിയാവുമെന്നായിരുന്നു കിക്കോഫ് വിസിലിനു മുേമ്പ ലോകം വിശേഷിപ്പിച്ചത്. ആ മുഹൂർത്തത്തിന് സാക്ഷിയാവാൻ റിയോ ഡെ ജനീറോയിലെ പുതിയ സ്റ്റേഡിയമായ മാറക്കാനയിൽ ലോകം അന്നു വരെ കാണാത്ത ജനക്കൂട്ടമായി രണ്ടുലക്ഷത്തോളം കാണികൾ തിങ്ങിനിറഞ്ഞു. പക്ഷേ, ആ രാത്രിയിലേക്ക് ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ഫൈനലിൽ ബ്രസീലിനെ തോൽപിച്ച് ഉറുഗ്വായ് (2-1) തങ്ങളുടെ രണ്ടാം ലോകകിരീടമണിഞ്ഞു. ജേതാക്കൾക്കും തോറ്റവർക്കും ആ ദിനം കണ്ണീർചാലായി മാറി. കിരീടവിജയത്തിെൻറ സന്തോഷക്കണ്ണീരായിരുന്നു ഉറുഗ്വായ്ക്കെങ്കിൽ, തോൽവിയുടെ അപമാനഭാരത്താൽ ബ്രസീൽ നിർത്താതെ തേങ്ങി. ചരിത്രത്തിലാദ്യമായി വിരുന്നെത്തിയ വിശ്വമേളെയ എല്ലാം ത്യജിച്ചാണ് ബ്രസീലുകാർ വരവേറ്റത്. സിരകളിലും രക്തത്തിലും ഫുട്ബാൾ അലിഞ്ഞുചേർന്നതിനാൽ വറുതിക്കിടയിലും അവർ ലോകകപ്പിനെ വരവേറ്റു. ആറു നഗരങ്ങളിൽ ആറു പുതിയ സ്റ്റേഡിയങ്ങൾ പണികഴിപ്പിച്ചു. അവയിൽ മാറക്കാനക്കായിരുന്നു തലയെടുപ്പ്. ആറു വേദികളിൽ ഒന്നായി മാറക്കാന ഉയർന്നു നിൽക്കുേമ്പാൾ നെറ്റിപ്പട്ടമണിഞ്ഞ് തിടേമ്പറ്റി നിൽക്കുന്ന ഗജവീരന്മാരെ അനുസ്മരിപ്പിച്ചു. ആ മണ്ണിൽ അഗസ്റ്റോ ഡി കോസ്റ്റയും, സൂപ്പർ താരം അഡ്മിർ ഡി മെനസസും, സിസിന്യോയും നയിച്ച ടീം യുൾറിമേ കപ്പുയർത്തുന്നതായിരുന്നു അവർ കണ്ട ഏറ്റവും വലിയ സ്വപ്നം.
ലോകയുദ്ധത്തിനു ശേഷം
1934ൽ ഇറ്റലിയും 1938ൽ ഫ്രാൻസും വേദിയായ ലോകകപ്പുകൾക്കു ശേഷം 1950ലാണ് വിശ്വമേള നടന്നത്. 1942, 1946 ചാമ്പ്യൻഷിപ്പ് ലോക യുദ്ധം കാരണം റദ്ദാക്കി. യുദ്ധം കാരണം യൂറോപ്യൻ രാജ്യങ്ങളെല്ലാം കടുത്ത പ്രതിസന്ധിയിലായതോടെ വേദിയേറ്റെടുക്കാൻ ആരുമില്ലാതായി. അപ്പോഴാണ് ബ്രസീൽ താൽപര്യമറിയിക്കുന്നത്. 1942ലെ ലോകകപ്പിന് പരിഗണിച്ചവർ എന്നനിലയിൽ വേദി ബ്രസീലിനുതന്നെ ലഭിച്ചു. വിവിധ രാജ്യങ്ങൾ പിൻവാങ്ങിയതോടെ 13 രാജ്യങ്ങൾ മാത്രമേ പെങ്കടുത്തുള്ളൂ.
നാല് ഗ്രൂപ്പായി നടന്ന ആദ്യ റൗണ്ടിൽനിന്നും ഫൈനൽ റൗണ്ടിലെത്തിയത് നാലുപേർ (ഉറുഗ്വായ്, ബ്രസീൽ, സ്വീഡൻ, സ്പെയിൻ). ഫൈനൽ റൗണ്ടിൽ ആദ്യ രണ്ട് കളിയും ജയിച്ച ബ്രസീലിന് ജൂൈല 16ന് ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ ഒരു സമനിലകൊണ്ട് കപ്പുയർത്താമായിരുന്നു. സ്വീഡനെ 7-1നും, സ്പെയിനിനെ 6-1നും തകർത്ത കാനറികൾക്ക് അതു നിസ്സാരം. എതിരാളികളായ ഉറുഗ്വായ് ഒരു സമനിലയും ജയവുമായാണ് വരുന്നത്. ഫൈനൽ അങ്കത്തിൽ ബ്രസീലുകാർ കിരീടം ഉറപ്പിച്ചു. കളികാണാനെത്തിയത് 1,99,854 കാണികൾ. ആദ്യ പകുതി ഗോൾരഹിതമായി. 47ാം മിനിറ്റിൽ റൈറ്റ് വിങ്ങർ ഫ്രിയാകയുടെ ഗോളിൽ ഉറുഗ്വായ് വല കുലുങ്ങിയപ്പോൾ ഗാലറി സ്ഫോടന ശബ്ദം പോലെ പൊട്ടിത്തെറിച്ചു. പിന്നെ നിലക്കാത്ത ആരവമായി. എന്നാൽ, എല്ലാം നിശ്ചലമായി രണ്ടുലക്ഷം മനുഷ്യർ ഒരു ശവപ്പറമ്പുപോലെയായി മാറാൻ 19 മിനിറ്റേ വേണ്ടി വന്നുള്ളൂ. ആദ്യം യുവാൻ ആൽബർടോ ഷിയാഫിനോ (66ാം മിനിറ്റ്), പിന്നെ അൽസിഡസ് ഗിഗ്ഗിയ (79). ഉറുഗ്വായ് 2-1ന് ജയിച്ച് കപ്പുയർത്തി. മാറക്കാന ബ്രസീലിെൻറ ദുരന്ത ഭൂമിയായിമാറി. സ്റ്റേഡിയത്തിെൻറ ഒരു മൂലയിൽ തമ്പടിച്ച ഏതാനും ആയിരംവരുന്ന ഉറുഗ്വായ് കാണികൾപോലും കാനറികളുടെ കണ്ണീരിൽ നിശ്ശബ്ദരായിപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.