ക്രിസ്റ്റ്യാനോ റൊണാൾഡോ: കത്തിത്തീർന്നിട്ടില്ല ആ തീപ്പന്തം
text_fieldsലയണൽ മെസ്സിക്ക് ആറാമത് ബാലൺ ഡി ഒാർ പുരസ്കാരം ലഭിച്ച പശ്ചാത്തലത്തിൽ അതേപുരസ്കാരം അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിസ്സാരനാക്കുകയും വില കുറച്ചുകാണുകയും ചെയ്യുന്നത് ശരിയാണോ. ഫുട്ബാളിൽ ഒരാൾ ഒന്നാമൻ, മറ്റൊരാൾ രണ്ടാമൻ എന്നൊക്കെ പറയാൻ കഴിയുമോ? അത്ര ചെറുതാണോ ഫുട്ബാൾ ചരിത്രത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേര്?
‘‘ഫുട്ബാൾ ആസ്വാദനം ഒരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ടതാണ്. ചിലർ ക്രിസ്റ്റ്യാേനായെ ഇഷ്ടപ്പെടുന്നു, മറ്റു ചിലർ എന്നെയും, അല്ലെങ്കിൽ നെയ്മറെയോ എംബാപ്പെയെയോ. തങ്ങൾക്ക് ഏറ്റവും ഇഷ്ടമായവരെ തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവകാശമുണ്ട്.’’ കരിയറിലെ ആറാമത് ബലൺ ഡി ഒാർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലയണൽ മെസ്സി മാധ്യമങ്ങളോട് പറഞ്ഞതാണിത്. കളിക്കണക്കുകളോ അലമാരയിലെ കിരീടങ്ങളോ പുരസ്കാരങ്ങളോ അളന്നാവില്ല ഒരാളും ഒരു താരത്തെയും കൂടെകൂട്ടുന്നത്. ചിലർക്ക് എപ്പോഴും ഗോൾ അടിച്ചുകൊണ്ടിരിക്കുന്നവരെ ആയിരിക്കാം ഇഷ്ടം, മറ്റു ചിലർക്ക് കളിൈമതാനങ്ങളിൽ ചടുലമായ ഡ്രിബ്ലിങുകളും മനോഹരമായ നീക്കങ്ങളും നടത്തുന്നവരെയാകാം, ചിലർക്ക് മികവാർന്ന സെറ്റ്പീസുകൾ എടുക്കുന്നവരെയാകാം...അങ്ങനെ പലതും. മെസ്സി പറഞ്ഞത് പോലെ ഒരോരുരത്തർക്കും ഒരോ കാരണങ്ങൾ കാണും താരങ്ങളെ ഇഷ്ടപ്പെടാൻ.
നിശ്ചിതദൂരം ആദ്യം ഒാടിയെത്തുന്നവരാകും ഒാട്ടമത്സരത്തിൽ ഒന്നാമൻ. ആ ദൂരം അത്രയും വേഗത്തിൽ മറ്റൊരാൾക്കും ഒാടിയെത്താൻ കഴിയാത്തിടത്തോളം അയാൾ തന്നെയാകും വലിയ വേഗക്കാരൻ. 90 മിനുറ്റും അതിലപ്പുറവും കളത്തിൽ നിറഞ്ഞോടുന്നവരാണ് താരങ്ങളെങ്കിലും ഫുട്ബാൾ പക്ഷേ, ഒരു ഒാട്ടമത്സരമല്ല. അതുകൊണ്ട് തന്നെ നേടിയ പുരസ്കാരങ്ങളോ ട്രോഫികളോ അടിച്ച ഗോളുകളോ മാത്രം മുൻനിർത്തി ഫുട്ബാളിൽ ഒരാൾ ഒന്നാമൻ, മറ്റൊരാൾ രണ്ടാമൻ എന്ന് തീർത്ത് പറയാനാവില്ല. രണ്ടുപേരും വ്യത്യസ്ത പൊസിഷനുകളിൽ, വ്യത്യസ്ത ദൗത്യങ്ങളുമായി ഉജ്ജ്വലമായി കളിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും. മെസ്സിയാണോ റൊണാൾഡോ ആണോ കേമൻ എന്ന ചർച്ചക്ക് ആമുഖം കുറിക്കുകയല്ല ഇവിടെ. മറിച്ച്, ലയണൽ മെസ്സിക്ക് ആറാമത് ബാലൺ ഡി ഒാർ പുരസ്കാരം ലഭിച്ച പശ്ചാത്തലത്തിൽ അതേപുരസ്കാരം അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിസ്സാരനാക്കുകയും വില കുറച്ചുകാണുകയും ചെയ്യുന്ന അഭിപ്രായ പ്രകടനങ്ങളോടുള്ള പ്രതികരണം കുറിക്കുക മാത്രമാണ് ചെയ്യുന്നത്.
പാരീസിലെ ഷാറ്റലെ തിയറ്ററിൽ ലയണൽ മെസ്സി ബാലൺ ഡി ഒാർ പുരസ്കാരം ഏറ്റുവാങ്ങിയ അതേദിവസം 850 കിലോമീറ്റർ അകലെ ഇറ്റലിയിലെ മിലാനിൽ മറ്റൊരു പുരസ്കാര ദാനചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ഇറ്റാലിയൻ സീരി എയിലെ പോയ സീസണിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാര വിതരണം. 2018-19 സീസണിലെ സീരി എയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണോൾഡോ ആയിരുന്നു. സീസണിലെ സീരി എ ഇലവനിലും അദ്ദേഹം ഇടംനേടുകയുണ്ടായി. ബാലൺ ഡി ഒാറുമായി താരതമ്യപ്പെടുത്തുേമ്പാൾ ഇൗ നേട്ടം ചെറുതെന്ന് തോന്നാമെങ്കിലും ക്രിസ്റ്റ്യാനോ അത് നേടിയ കാലവും സമയവും പരിഗണിച്ചാൽ അതിെൻറ മാറ്റ് വ്യക്തമാകും.
ചരിത്രം മാറി നിൽക്കും!
ജന്മനാടായ പോർച്ചുഗലിലെ ക്ലബായ സ്േപാർട്ടിങിൽനിന്ന് അലക്സ് ഫൊർഗൂസെൻറ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറുന്നത് തെൻറ 18ാം വയസ്സിലാണ്, 2003 ൽ. പിന്നീടുണ്ടായതെല്ലാം ചരിത്രം. ഒാൾഡ്ട്രാഫോഡിലെ പുൽനാമ്പുകളെയും ഇരമ്പിയാർത്ത ജനസാഗരത്തെയും ഒരുപോലെ കോരിത്തരിപ്പിച്ച് തുടങ്ങിയ ആ പന്തുകളിച്ചന്തം ഒന്നരപതിറ്റാണ്ടിനിപ്പുറവും ജനമായിരങ്ങളെ ആവേശപ്പരകോടിയിൽ എത്തിക്കുന്നു. ഫുട്ബാളിൽ ഒരു താരത്തിന് നേടാനാവുന്നതെല്ലാം റൊണോൾഡോ ഇതിനകം സ്വന്തംപേരിലാക്കി. യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകളിൽ മൂന്നിലും വിതച്ചതെല്ലാം പൊന്നാക്കി വിളയിച്ചെടുത്തു അയാൾ. പല ഇതിഹാസ താരങ്ങളെയും പോലെ ലോകകപ്പ് കിട്ടാകനിയാണെങ്കിലും ശരാശരിക്കാരായ സഹകളിക്കാരെ ഒപ്പംകൂട്ടി രാജ്യത്തിനായി യൂറോ കപ്പും യുവേഫ നാഷൻസ് ലീഗും സമ്മാനിച്ചു. ഒരു തവണ യൂറോകപ്പിൽ റണ്ണറപ്പുമായി. അഞ്ച് തവണ ഫിഫയുടെ ലോക കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അത്രയും തവണ ബാലൺ ഡി ഒാറും നേടി. കളിച്ച മൂന്ന് ലീഗിലും ലീഗ് ടൈറ്റിലും െപ്ലയർ ഒാഫ് ദ ഇയർ പുരസ്കാരവും സ്വന്തം പേരിലാക്കിയ അത്യപൂർവ നേട്ടം. പിന്നെയും എത്രയോ അംഗീകാരങ്ങൾ...
പൊതുവെ മുപ്പതിനും നാൽപതിനും ഇടയിലുള്ള യൗവനം ഒരാളുടെ ജീവിതത്തിലെ ഏറ്റവും ചടുലമായ കാലമാണെന്നാണ് പറയാറുള്ളത്. ഫുട്ബാളിൽ പക്ഷേ, മുപ്പതുകളിൽ ഒരാൾ വയസ്സനാകും! ലോകത്തെ മുൻനിര ക്ലബുകളുടെ ആദ്യ ഇലവൻ നോക്കിയാൽ ഇത് കൃത്യമായി മനസ്സിലാകും. 20 കളിൽ പ്രായമുള്ള താരങ്ങളാകും കൂടുതലും. ദേശീയ ടീമുകളുടെ സ്ഥിതിയും മറിച്ചല്ല. 30 ന് മുകളിൽ പ്രായമുള്ള കളിക്കാരുടെ എണ്ണം തുലോം കുറവായിരിക്കും. 35 ന് മുകളിലുള്ളവർ അത്യപൂർവവും. ഒരു ഫുട്ബാൾ കളിക്കാരെൻറ കരിയറിലെ ഏറ്റവും മികച്ച സമയം 22 മുതൽ 27 വയസ്സ് വരെയാണ് എന്നാണ് പറയാറുള്ളത്. ബുദ്ധിയും വേഗവും കരുത്തുമെല്ലാം ഒരുപോലെ കളിക്കാരെൻറ കാലിൽ വന്നുചേരുന്ന ബെസ്റ്റ് ടൈം. മറഡോണയും പെലെയും യൊഹാൻ ക്രൈഫും ലയണൽ മെസ്സിയും അടക്കം കാൽപന്ത്ലോകത്തെ ത്രസിപ്പിച്ചുനിർത്തിയ ഇതിഹാസ താരങ്ങളെല്ലാം ഇൗ പ്രായത്തിൽ ഉയരങ്ങളുടെ കൊടുമുടികളിൽ എത്തിയവരാണ്. റൊണാൾഡോയും അങ്ങനെതന്നെ. ബി.ബി.സി പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ഒരു ഫുട്ബാൾ താരത്തിെൻറ കരിയറിലെ പീക്ക് ടൈം 27 വയസ്സ് ആണ്. 29 വരെ അത് നീളാം. 1930 മുതൽ 2010 വരെയുള്ള ലോകകപ്പുകളും അതിൽ കളിച്ച താരങ്ങളുടെ പ്രായവും പഠിച്ചാണ് അവർ ഇൗ നിഗമനത്തിൽ എത്തുന്നത്. എന്നാൽ, ഇൗ കണക്കുകളെയും ധാരണകളെയും അപ്രസക്തമാക്കുന്ന കരിയറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത്. ഇൗ വരുന്ന ഫെബ്രുവരി അഞ്ചിന് അദ്ദേഹത്തിന് 35 വയസ്സ് തികയുകയാണ്.
30 വയസ്സിന് ശേഷം രണ്ട് വീതം ബാലൺ ഡി ഒാർ, ഫിഫ ദി ബെസ്റ്റ്, യുവേഫ ഫുട്ബാളർ ഒാഫ് ദ ഇയർ പുരസ്കാരങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് ടൈറ്റിലുകളും രാജ്യത്തിനൊപ്പം രണ്ട് പ്രധാന കിരീടങ്ങളും റൊണാൾഡോ നേടുകയുണ്ടായി. പി.എഫ്.എ പോർച്ചുഗീസ് െപ്ലയർ അവാർഡ് 30 വയസ്സിന് ശേഷം തുടർച്ചയായി നാല് തവണ അദ്ദേഹം നേടുകയുണ്ടായി, 2019 ഉൾപ്പെടെ. ഇൗ മുപ്പത്തിയഞ്ചാം വയസ്സിലും ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരങ്ങളായ ബാലൺ ഡി ഒാർ, ഫിഫ ദി ബെസ്റ്റ്, യുവേഫ ഫുട്ബാളർ ഒാഫ് ദ ഇയർ പുരസ്കാരങ്ങൾക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തൊട്ടുമുമ്പത്തെ സീസണിൽ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. ക്ലബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലോകമെമ്പാടുമുള്ള കാൽപന്താരാധകർ നെഞ്ചിൽ കുടിയിരുത്തിയ ഒേട്ടറെ ഇതിഹാസ കാൽപന്ത് പ്രതിഭകളുണ്ട്. പൊലെയും മറഡോണയും യോഹാൻ ക്രൈഫും ബ്രസീലിെൻറ റൊണാൾഡോയും റൊണാൾഡീന്യോയും സിനദിൻ സിദാനുമെല്ലാം അതിൽപെടും. അവരുടെയെല്ലാം 30 വയസ്സിന് ശേഷമുള്ള കരിയറുമായി റൊണാൾഡോയുടെ 30 ന് ശേഷമുള്ള കരിയറിനെ ഒന്ന് താരതമ്യപ്പെടുത്തിയാൽ മാത്രം മതി പ്രായത്തിെൻറ പരിമിതികളെ റൊണാൾഡോ അപ്രസക്തമാക്കിയത് എങ്ങനെ എന്ന് മനസ്സിലാക്കാൻ. ഒരു കണക്ക് പറയുന്നത് 30 വയസ്സിന് ശേഷം പെലെയുടെ ഗോൾവേട്ടയിൽ 60 ശതമാനത്തിെൻറയും മറഡോണയുടെതിൽ 52 ശതമാനത്തിെൻറയും കുറവുണ്ടായി എന്നാണ്.
രണ്ട് ലോകകപ്പും മൂന്ന് ഫിഫ െപ്ലയർ ഒാഫ് ദി ഇയറും രണ്ട് ബാലൺ ഡി ഒാറും അടക്കം മിന്നും കരിയർ സ്വന്തമായുള്ള ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ തെൻറ മുപ്പത്തിയൊന്നാം വയസ്സിൽ റയൽമാഡ്രിഡ് വിട്ട് (2006–07) സീരി എയിൽ എ.സി മിലാനൊപ്പമെത്തി. ആ സീസണിൽ 14 മത്സരങ്ങൾ മാത്രം മിലാനൊപ്പം കളിച്ച റൊണാൾഡോ നേടിയതാകെട്ട ഏഴ് ഗോളുകൾ മാത്രം. തൊട്ടുടുത്ത സീസണിൽ ആറ് മത്സരങ്ങൾ മാത്രം കളിച്ച അദ്ദേഹം രണ്ട് ഗോളുകളാണ് നേടിയത്. അടുത്ത സീസണിൽ ബ്രസീലിയൻ ക്ലബായ േകാറിന്ത്യൻസിൽ എത്തിയ റൊണാൾഡോ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെങ്കിലും കളിമികവിെൻറ ഗ്രാഫ് താഴോട്ട് തന്നെയായിരുന്നു. മാത്രമല്ല, 30 വയസ്സിന് ശേഷം ടീമിനൊപ്പമോ സ്വന്തംനിലക്കോ കാര്യമായ ട്രോഫികളോ പുരസ്കാരങ്ങളോ അദ്ദേഹത്തിന് നേടാനായില്ല. 35ാം വയസ്സിൽ അദ്ദേഹം കളംപൂർണമായും വിട്ടു.
റൊണാൾഡീന്യോയുടെ പ്രകടനവും ഇങ്ങനയൊക്കെ തന്നെയായിരുന്നു. ബ്രസീലിെൻറ മഞ്ഞക്കുപ്പായത്തിലും ബഴ്സയിലും പി.എസ്.ജിയിലുമൊക്കെ റൊണാൾഡീന്യോ വിസ്മയം തീർത്തത് മുപ്പതുകൾക്ക് മുമ്പായിരുന്നു. അദ്ദേഹം ഒൗദ്യോഗികമായി കളിമതിയാക്കുന്നത് അടുത്തിടെയാണെങ്കിലും യൂറോപ്പിലെ മുഖ്യധാര ലീഗിൽനിന്ന് തെൻറ 31ാം വയസ്സിൽ പടിയിറങ്ങിയിട്ടുണ്ട്. 2010-11 സീസണിൽ സീരി എയിൽ എ.സി. മിലാനൊപ്പമായിരുന്നു അത്. ആ വർഷം സീരി എ കിരീടത്തോടെയായിരുന്നു യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽനിന്നുള്ള റൊണാൾഡീന്യോയുടെ പടിയിറക്കം. പിന്നെയും മൂന്ന് വർഷം ദേശീയ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും 30 വയസ്സിന് ശേഷം മഞ്ഞക്കുപ്പായമണിഞ്ഞത് എട്ട് മത്സരങ്ങളിൽ മാത്രമായിരുന്നു.
34ാം വയസ്സിൽ കളി മതിയാക്കിയ അതുല്യപ്രതിഭയാണ് സിനദിൻ സിദാൻ. ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയതടക്കം സിദാെൻറ കരിയറിലെ സുവർണകാലം 30ന് മുമ്പ് തന്നെയായിരുന്നു. മുപ്പതാം വയസ്സിൽ റയൽ മാഡ്രിഡിനൊപ്പം ലാലിഗയും ചാമ്പ്യൻസ്ലീഗും കരിയറിെൻറ അവസാന വർഷം രാജ്യത്തിനൊപ്പം ലോകകപ്പ് റണ്ണറപ്പും അദ്ദേഹം സ്വന്തമാക്കി. 2006 ലോകകപ്പിലെ ഗോൾഡൻ ബാൾ നേട്ടവും എടുത്തുപറയേണ്ടത് തന്നെ. എന്നാലും മുപ്പതുകൾക്ക് മുമ്പും ശേഷവുമുള്ള സിദാെൻറ താരതമ്യം ചെയ്താൽ 30 കൾക്ക് ശേഷമുള്ള പ്രകടനത്തിെൻറ തട്ട് അൽപം താഴ്ന്ന്തന്നെ നിൽക്കും. 30 കൾക്ക് ശേഷം കരിയർ കൂടുതൽ മെച്ചപ്പെടുത്തിയ കളിക്കാരുമുണ്ട്. ബെക്കാമും സാവിയും മാൾഡിനിയും കന്നാവരോയുമെല്ലാം അതിൽപെടും. 41ാം വയസ്സിലും കളി തുടരുന്ന ബഫണെയും 38ാം വയസ്സിലും മികവ് തുടരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെയും മറക്കുന്നുമില്ല. അവരൊന്നും പക്ഷേ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിെൻറ അടുത്തൊന്നുമില്ല എന്നതല്ലേ വസ്തുത.
ഏത് കായിക താരത്തെയുമെന്ന പോലെ പ്രായം ക്രിസ്റ്റ്യനോ റൊണാൾഡോയുടെയും ശാരീരിക-മാനസിക ഘടനകളിൽ വിലങ്ങുകൾ സൃഷ്ടിക്കുന്നുണ്ടാകാം. അത് അദ്ദേഹത്തിെൻറ പ്രകടനത്തെയും ബാധിക്കുന്നുണ്ടാകാം. എന്നാൽ, അതിനെയെല്ലാം സമർഥമായി മറികടക്കാനുള്ള ഇച്ഛാശക്തി കൈമതുലായി ഉള്ളിടത്തോളം റൊണാൾഡോയെ നമുക്ക് എഴുതിതള്ളാനാവില്ല. അഥവാ, ഇൗ ഇതിഹാസത്തിൽനിന്നുള്ള അത്ഭുതങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
കൂടുമാറ്റം വിനയായോ?
2018-19 സീസണിെൻറ മുന്നോടിയായാണ് ലോകത്തെ അമ്പരപ്പിച്ച ആ കൂടുമാറ്റം നടക്കുന്നത്. ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടത്തിളക്കത്തിൽ അടുത്ത സീസണിലേക്ക് കടക്കാനിരുന്ന റയൽമാഡ്രിഡിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബായ യുവൻറസിലേക്ക് ചേക്കേറിയ വാർത്ത ഏറെക്കുറെ അവിശ്വസനീയമായിരുന്നു. ഒമ്പത് വർഷത്തെ റയൽ കരിയറിൽ 450 ഗോളുകൾ അടിച്ചുകൂട്ടുകയും ഒറ്റക്കും ടീമിനൊപ്പവും നേട്ടങ്ങളായ നേട്ടങ്ങളൊക്കെയും കൊയ്തെടുക്കുകയും ചെയ്തിരിക്കെയായിരുന്നു ആ മാറ്റം. 150 മില്യൻ യൂറോ ആയിരുന്നു കൈമാറ്റത്തുക. ഉയർന്ന പ്രതിഫലം മോഹിച്ചായിരുന്നില്ല ആ മാറ്റം. റയലുമായി കരാർ നീട്ടിയിരുന്നെങ്കിൽ ലഭിച്ചേക്കാമായിരുന്ന തുകയെക്കാൾ കുറവ് തുകക്കാണ് അദ്ദേഹം യുവെ ജഴ്സിയിൽ കളിക്കാനിറങ്ങിയത്.
ലോകമെമ്പാടുമുള്ള ആരാധകരും ഫുട്ബാൾ പണ്ഡിതരും ക്രിസ്റ്റ്യാനോയുടെ ഭാവിയെ കുറിച്ച് വലിയ ആശങ്കകൾ പങ്കുവെച്ചെ സന്ദർഭമായിരുന്നു അത്. മിക്കവാറും കളിക്കാർ ഇൗ പ്രായത്തിൽ നിലവിൽ കളിക്കുന്ന ക്ലബിൽ തന്നെ രണ്ടോ മൂന്നോ വർഷം തുടരാറാണ് പതിവ്. അതും ശരീരം അനുവദിക്കുന്നെങ്കിൽ മാത്രം. അതിനും സാധിക്കുന്നില്ലെങ്കിൽ മാത്രമാണ് ക്ലബ് വിടാറുള്ളത്. അപ്പോൾ പോലും അധികം ബുദ്ധിമുട്ടില്ലാതെ കളിക്കാൻ കഴിയുന്ന അമേരിക്കയിലെയോ ചൈനയിലേയോ ലീഗുകളിലേക്കാകും മാറുക. സാമ്പത്തികമായും അത് ഗുണകരമാണ്.
എന്നാൽ, ഇത് ഇനം വേറെ ആണ്. ഏറെ ആലോചിച്ച് കൈകൊണ്ട തീരുമാനം ആണ് യുവൻറസിലേക്കുള്ള മാറ്റം എന്ന ഉറച്ച നിലപാടിലായിരുന്നു റോണോ. തെൻറ പ്രായത്തിലുള്ളവർ സാധാരണ അമേരിക്കയിലെയും ചൈനയിലെയും വമ്പൻ ക്ലബുകളിലേക്ക് പോകുന്ന സമയമാണിതെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് തെൻറ തീരുമാനമെന്നും തീർത്തുപറഞ്ഞു താരം. ആ വാക്കുകളെ ശരിവെക്കുന്നതായിരുന്നു ഇറ്റലിയിൽ ആദ്യ സീസണിൽ താരത്തിെൻറ പ്രകടനം. യുവൻറസിനായി 43 മത്സരങ്ങളിൽ 28 ഗോളും പത്ത് അസിസ്റ്റും താരം നേടുകയുണ്ടായി, ഒപ്പം കിരീടവും. സീരി എയിൽ 31 മത്സരങ്ങളിൽനിന്ന് 21 ഗോളും എട്ട് അസിസ്റ്റും അദ്ദേഹം കണ്ടെത്തി. ചാമ്പ്യൻസ് ലീഗിൽ ആറ് ഗോളുകളും രണ്ട് അസിസ്റ്റും നേടി. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ആദ്യ പാദത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ടീമിനെ അവിശ്വസനീയമായ ഹാട്രിക് മികവിൽ ഒറ്റക്ക് കരകയറ്റിയ പ്രകടനം അത്രപെട്ടന്നൊന്നും കാൽപന്ത് പ്രേമികൾക്ക് മറക്കാനാവില്ല.
നിരന്തരം ഗോളുകൾ കെണ്ടത്തുന്ന ഒരു സട്രൈക്കറെ സംബന്ധിച്ച് അത്ര പ്രതീക്ഷ നൽകുന്ന മണ്ണല്ല ഇറ്റലി എന്ന് ഫുട്ബാളിനെ നിരീക്ഷിക്കുന്ന എല്ലാവർക്കും അറിയാം. ലാലിഗയുടെ ചടുലതയും പ്രീമിയർ ലീഗിെൻറ വേഗവുമൊന്നും ഇറ്റാലിയൻ മൈതാനങ്ങളിൽ നമുക്ക് കാണാനാവില്ല. പ്രതിരോധാത്മക ൈശലിയാണ് അവരുടെ മുഖമുദ്ര. എങ്ങനെയും ടീമിനായി ഗോളുകൾ കണ്ടെത്തുക എന്നതാണ് ക്രിസ്റ്റ്യാനോയെ പോലുള്ള സ്ട്രൈക്കർമാരുടെ മുഖ്യജോലി. അത് അത്ര എളുപ്പം നിർവഹിക്കാൻ പറ്റുന്ന ലീഗല്ല സീരി എ.
മാത്രവുമല്ല, റയലുമായി താരതമ്യം ചെയ്യുേമ്പാൾ ടീമെന്ന നിലക്കും യുവൻറസ് ഏറെ പിറകിലായിരുന്നു അന്ന്. റൊണാൾഡോക്ക് പന്ത് എത്തിക്കുക എന്നതിൽ ഉൗന്നിയായിരുന്നു റയലിൽ സിദാെൻറ തന്ത്രങ്ങൾ മുഴുക്കെയും. മാഴ്സലോയും മോഡ്രിച്ചും ക്രൂസും ബെൻസിമയുമെല്ലാം അക്കാര്യത്തിൽ കോച്ചിെൻറ തന്ത്രങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ഹാട്രിക് ചാമ്പ്യൻസ്ലീഗിലേക്ക് റയലിനെ നയിച്ചത് യഥാർഥത്തിൽ ഇൗ തന്ത്രമായിരുന്നു. ആ മൂന്ന് വർഷങ്ങളിലായി ചാമ്പ്യൻസ്ലീഗിൽ റൊണാൾഡോ നേടിയ ഗോളെണ്ണം നോക്കിയാൽ മതി അത് മനസ്സിലാകാൻ. 2015-16 ൽ 16 ഗോൾ, 2016-17 ൽ 12 ഗോൾ, 2017-18 ൽ 15 ഗോൾ !
റൊണാൾഡോയും സിദാനും ഒരുമിച്ച് പോയതോടെ റയൽ അസ്ത്രശൂന്യരായത് അതുകൊണ്ടാണ്. ഏത് ടീമിനും സാൻറിയാഗോ ബെർണബ്യൂവിൽ വന്ന് തോൽപ്പിച്ച് പോകാൻ കഴിയുന്ന അത്രയും നിസ്സഹായരായിപ്പോയി റയൽ. സിദാൻ തിരിച്ചെത്തി പുതിയ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കി വരുന്നത് മറ്റൊരു കാര്യം. റയലിൽ സിദാൻ പയറ്റിയ കളിഅടവുകൾ ആയിരുന്നില്ല യുവൻറസിൽ മസ്സിമില്ലിയാനോ അല്ലഗ്രിയുടെത്. നിലവിലുള്ള െപ്ലയിങ് പാറ്റേണിലേക്ക് റൊണാൾഡോയെ കുടിയിരിത്തുക എന്നതിൽ കവിഞ്ഞ് ഒരു പദ്ധതിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സീരി എയിലെ ആദ്യ മത്സരങ്ങളിൽ ആ ഇടർച്ച റൊണാൾഡോയുടെ പ്രകടനങ്ങളിൽ കണ്ടതുമാണ്. ഇൗ സീസണിൽ ചെൽസിയിൽനിന്നെതിയ മാരിയോ സാരിയും റൊണാൾഡോ ഒരു അവിഭാജ്യ ഘടകമല്ലെന്ന തെൻറ മുൻഗാമിയുടെ നിലപാടിൽ തന്നെയാണെന്ന് തോന്നുന്നു. ഇൗ പ്രതികൂല ഘടകങ്ങൾ ഒക്കെയുണ്ടായിട്ടും സീരി എയിലെ പോയ സീസണിലെ മികച്ച താരമായി റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിൽ ഉൗഹിക്കാമല്ലോ താരത്തിെൻറ റേഞ്ച്!
റൊണാൾഡോ ഇൗ സമ്മറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് തിരിച്ചുപോകുമെന്ന റൂമറുകൾ ഫുട്ബാൾ മാധ്യമങ്ങളിൽ ശക്തമാണ്. യുവൻറസ് അധികൃതർ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും റൊണാൾഡോ ആയത്കൊണ്ട് ഒന്നും ഉറപ്പിച്ച് പറയാൻ കഴിയാത്ത സ്ഥിതിയാണ്. തന്നെ താനാക്കിയ കളിമുറ്റത്തേക്ക് ഒരു തിരിച്ചുപോക്കും അതുവഴിയൊരു തിരിച്ചുവരവും ഒടുവിലൊരു യാത്രാമൊഴിയുമെല്ലാം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകുമോ? അങ്ങനെ സംഭവിച്ചാൽ പഴയ പ്രതാപത്തിെൻറ നിഴലിൽ കഴിയുന്ന യുനൈറ്റഡിന് അത് വലിയ ഉർജ്ജമാകും, തീർച്ച.
ഒരു നിഴലിലും ഒതുങ്ങില്ല
സാമൂഹിക മാധ്യമങ്ങളിൽ ക്രിസ്റ്റ്യാനോ വിരോധികൾ പടച്ചുവിടുന്നൊരു കളവ് മാത്രമാണ് യുവൻറസിൽ താരം പൗലോ ഡിബാലയുടെ നിഴലിൽ ആണെന്നുള്ളത്. സീരി എയിലെ രണ്ട് സീസണുകളെ സത്യസന്ധമായി വിലയിരുത്തുന്ന ആർക്കും അത് അംഗീകരിക്കാനാവില്ല. 2015 മുതൽ യുവൻറസിനൊപ്പമുള്ള താരമാണ് ഡിബാല. വർഷങ്ങളായി കൂടെകളിക്കുന്ന സഹതാരങ്ങളുമായുള്ള ഇഴയടുപ്പം ഡിബാലക്ക് ചെറിയൊരു മേൽകൈ സ്വാഭാവികമായും സമ്മാനിക്കും. എന്നിട്ടുപോലും കളിമികവിൽ കഴിഞ്ഞ സീസണിൽ റൊണാൾഡോയുടെ അടുത്തെങ്ങുമുണ്ടായിരുന്നില്ല ഡിബാല. കഴിഞ്ഞ സീസണിൽ പാടെ നിറംമങ്ങുകയും അവസരങ്ങൾ ഏറെ നഷ്ടപ്പെടുകയും ചെയ്ത താരം ഇൗ സീസണിൽ പഴയ വീര്യം വീണ്ടെടുത്തു എന്നത് സത്യമാണ്. പഴയ സഹതാരം ഗോൺസാലോ ഹിൈഗ്വെൻറ തിരിച്ചുവരവും ഇരുവരുമൊത്തുള്ള കോമ്പിനേഷനും അതിൽ വലിയൊരു ഘടകമാണ്.
വിമർശകർ ആരോപിക്കുന്ന പോലെ ഇൗ സീസണിൽ അത്രമോശം പ്രകടനവുമല്ല റൊണാൾഡോയുടെത്. ക്ലബിനായി 16 മത്സരങ്ങളിൽനിന്ന് ഒരു അസിസ്റ്റും ഏഴ് ഗോളുകളും താരം കണ്ടെത്തിയിട്ടുണ്ട്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും ലോക്മേറ്റീവ് മോസ്കോക്കെതിരായ ചാമ്പ്യൻസ്ലീഗ് മത്സരത്തിലും സീരി എയിലെ മിലാനെതിരായ മത്സരത്തിലും താരത്തെ സബ്സ്റ്റിട്യൂട്ട് ചെയ്യുകയുണ്ടായി സാരി. ഇതിൽ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ പിറന്നത് 30 വാര അകലെനിന്ന് റൊണാൾഡോ എടുത്ത ഫ്രീകിക്കിൽനിന്നായിരുന്നു. സാേങ്കതികമായി ആ ഗോളിന് ഉടമ സഹതാരം ആരോൺ റംസി ആണെങ്കിലും കളി കണ്ടവർ അത് അംഗീകരിച്ച്തരണമെന്നില്ല. പോസ്റ്റിലേക്ക് സ്വാഭാവികമായും കടന്നുകയറിയ ആ പന്തിൽ റംസി വെറുതെ കാൽവെക്കുകയായിരുന്നു. രണ്ട് മത്സരത്തിലും റൊണാൾഡോ കളംവിട്ട ശേഷം ടീം വിജയഗോൾ നേടിയതാണ് വിമർശകരെ ഹരംകൊള്ളിക്കുന്നത്. കാൽമുട്ടിലെ പരിക്ക് റൊണാൾഡോയെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നതാണ് പിൻവലിക്കലിനുള്ള സാരിയുടെ വിശദീകരണം. എന്നാൽ, ദിവസങ്ങൾക്കകം ദേശീയ കളിക്കുപ്പായത്തിൽ ലിത്വാനിയക്കെതിരെ ഹാട്രിക് നേടിയാണ് റൊണാൾഡോ അതിന് മറുപടി നൽകിയത്.
ഇതിന് ഒരു മറുവശം കൂടിയുണ്ട്. റയലിൽ ആയിരുന്നപ്പോഴും ചെറിയ പരിക്കുകളെ വകവെക്കാതെ കളത്തിലിറങ്ങുന്ന പ്രകൃതക്കാരനായിരുന്നു റൊണാൾഡോ. എന്നാൽ, പലപ്പോഴും സിദാൻ അതിന് തടയിട്ടു. അപ്രധാന മത്സരങ്ങളിൽ താരത്തിന് നിർബന്ധപൂർവം വിശ്രമം നൽകി നിർണായക മത്സരങ്ങളിലേക്ക് ഉർജ്ജം സംഭരിക്കുകയായിരുന്നു സിദാൻ. അത് വിജയകരവുമായിരുന്നു. അതുതന്നെയാകും സാരിയുടെയും മനസ്സിൽ. സീരി എയിൽ നിലവിൽ ഇൻറർ മിലാൻ യുവൻറസിെൻറ കിരീടം നിലനിർത്താനുള്ള മോഹങ്ങൾക്ക് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. നിലവിൽ യുവൻറസിനെക്കാൾ ഒരു പോയിൻറ് മുന്നിലാണ് ഇൻറർ. അതുകൊണ്ട് തന്നെ ലീഗിലെ ഇനിയുള്ള ഒേരാ മത്സരവും ടീമിന് നിർണായകമാണ്. ഇതെല്ലാം മുൻകൂട്ടി കണ്ട്കൂടിയാകും മൗരിയോ സാരി ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ടാവുക. ചാമ്പ്യൻസ്ലീഗിലും അടുത്ത ആഴ്ചവരുന്ന സൂപ്പർകോപ്പ ഇറ്റാലിയാന കലാശപ്പോരിലും റൊണാൾഡോയെ അദ്ദേഹം കൃത്യമായി ഉപയോഗിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
മിന്നുന്ന ദേശീയ കളിക്കുപ്പായം
ക്ലബിനുവേണ്ടിയുള്ള പ്രകടനത്തേക്കാൾ മികച്ചതാണ് ഇൗ സീസണിൽ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിെൻറ പ്രകടനം. യൂറോ യോഗ്യത മത്സരങ്ങളിൽ എട്ട് മത്സരങ്ങളിൽനിന്ന് 11 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ പ്രഥമ യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിനെ ചാമ്പ്യൻമാരാക്കുന്നതിൽ റൊണാൾഡോയുടെ പങ്ക് അതിനിർണായകമായിരുന്നു. ലീഗിലെ അവസാന രണ്ട് നോക്കൗട്ട് മത്സരങ്ങളേ താരം കളിച്ചതുള്ളൂ എങ്കിലും രണ്ടിലും ടീമിനെ വിജയിപ്പിക്കാൻ അദ്ദേഹം അത്യധ്വാനം ചെയ്തു. സെമി ഫൈനലിൽ സ്വിറ്റ്സ്വർലാൻഡിനെതിരെ നേടിയ ഹാട്രിക് മുമ്പ് ചാമ്പ്യൻസ്ലീഗിൽ അത്ലറ്റിക്കോക്കെതിരെ നേടിയ ഹാട്രിക്കിനെ ഒാർമിപ്പിക്കുന്നതായിരുന്നു.
സീസണിൽ രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയുമുള്ള ബാക്കി മത്സരങ്ങൾ റൊണാൾഡോയുടെ കരിയറിനെ യഥാർഥത്തിൽ നിശ്ചയിക്കും എന്ന് പറയാം. കാരണം, ജൂണിൽ നടക്കുന്ന യൂറോകപ്പ് പോർചുഗൽ ടീമിനെ സംബന്ധിച്ച് അഗ്നിപരീക്ഷയാണ്. ഗ്രൂപ്പ് എഫിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസും ജർമനിയും എതിരാളികളായുണ്ട്. േപ്ല ഒാഫ് വഴി എത്തുന്ന നാലാമത്തെ ടീമും നിസ്സാരക്കാരായിരിക്കില്ല. ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് സ്റ്റേജിലേക്ക് എത്തുക എന്നത് തന്നെ നിലവിലെ ചാമ്പ്യൻമാർക്ക് അത്ര എളുപ്പല്ല. സീരി എയിലെയും ചാമ്പ്യൻസ്ലീഗിലെയും വെല്ലുവിളികൾ നേരത്തെ സൂചിപ്പിച്ചുവല്ലോ. പക്ഷേ, റൊണാൾഡോയുടെ കഴിഞ്ഞ ഒന്നരപതിറ്റാണ്ട് നീണ്ട കരിയർ എടുത്തുനോക്കിയാൽ ഇൗ വെല്ലുവിളികളെയെല്ലാം അദ്ദേഹം അനായാസം മറികടക്കുമെന്ന് നിസ്സംശയം പറയാം. കാരണം വിജയം മാത്രമാണ് അയാളുടെ മുന്നിലുള്ളത്.
‘‘വിജയം ആകസ്മികമായി സംഭവിക്കുന്നതല്ല, പൊരുതി നേടിയെടുക്കുന്നതാണ്’’ എന്നതാണ് അദ്ദേഹത്തിെൻറ ആപ്തവാക്യം. ലഭിക്കുന്ന പ്രതിഫലത്തുകയിൽ നല്ലൊരു പങ്ക് അദ്ദേഹം ഇപ്പോഴും ചിലവഴിക്കുന്നത് ഫിറ്റ്നസ് നിലനിർത്താനാണ്. പ്രായം കൂടുന്തോറും പൊരുതാനുള്ള മനസ്സ് കൂടിക്കൂടി വരുന്ന ഒന്നാന്തരം പോരാളി. അങ്ങനെയുള്ള ഒരാൾ, ഏതാനും മത്സരങ്ങളിൽ നിറംമങ്ങുേമ്പാഴേക്ക് കരിയർ അവസാനിച്ചു, വിരമിക്കാറായി എന്നൊക്കെ പറയുന്നതിൽ ഒരടിസ്ഥാനവുമില്ല. അടുത്ത തവണയും ഫിഫ ദ ബെസ്റ്റ്, ബാലൺ ഡി ഒാർ ചുരുക്കപ്പട്ടികകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേരുണ്ടാകും. അതെ, ഇൗ പന്തം കത്തിത്തീർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.