അടവുകളുടെ ആശാൻ
text_fieldsചില പരിശീലകർ അങ്ങിനെയാണ്. ശൂന്യതയിൽ നിന്ന് ഫലങ്ങളുണ്ടാക്കിക്കളയും. ഒന്നുമില്ലായ്മയിൽ നിന്ന് റൺസുകളും വിക്കറ്റും വിജയവും കിരീടങ്ങളും വിരിയിച്ചെടുക്കും. ഇൗ ഗണത്തിലേക്ക് വിളിച്ച് നിർത്താവുന്ന പരിശീലകനാണ് കേരള ക്രിക്കറ്റ് ടീം കോച്ച് ഡേവ് വാട്മോർ. ലോകം പലതവണ കണ്ടിട്ടുണ്ട് വാട്മോർ മാജിക്. രണ്ട് പതിറ്റാണ്ട് മുൻപ് ശ്രീലങ്കയിൽ, പിന്നെ ബംഗ്ലാദേശിലും പാകിസ്താനിലും സിംബാബ്വെയിലും, ഇപ്പോൾ ഇതാ മലയാള മണ്ണിലും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ കേരള ടീം നോക്കൗട്ടിലേക്ക് കുതിച്ചെത്തുേമ്പാൾ അതിന് പിന്നിലുമുണ്ട് വാട്മോർ എന്ന മജീഷ്യെൻറ തലയിൽ വിരിഞ്ഞ തന്ത്രങ്ങളും അടവുനയങ്ങളും.
ശ്രീലങ്ക മുതൽ കേരളം വരെ
ഇന്നത്തെ അഫ്ഗാൻ ക്രിക്കറ്റ് ടീമിെൻറ അവസ്ഥയിലാണ് 1996 ലോകകപ്പിലേക്ക് ശ്രീലങ്കയെത്തുന്നത്. ജയത്തേക്കാൾ കൂടുതൽ തോൽവി ശീലമാക്കിയ ടീം. കിട്ടുന്നതെന്തും ബോണസായി കരുതിയ സംഘം. ആസ്ട്രേലിയക്കരനായ ഡേവ് വാട്മോറിെൻറ ശിക്ഷണത്തിൽ അർജുന രണതുംഗയുടെ നായകത്വത്തിലാണ് ലങ്കൻ സംഘം ലോകകപ്പിനെ സമീപിക്കുന്നത്. ഏകദിന ക്രിക്കറ്റിലെ സങ്കൽപങ്ങളാകമാനം തച്ചുടച്ചായിരുന്നു ലങ്ക തുടങ്ങിയത്. ആദ്യ 15 ഒാവറിൽ പ്രതിരോധ മതിൽ തീർത്ത് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന സ്കോർബോർഡിന് അതിവേഗം നൽകിയായിരുന്നു ലങ്ക ഒാപ്പണിങ് കൂട്ടുകെട്ടിെൻറ സമവാക്യം മാറ്റിയെഴുതിയത്. വാട്മോറിെൻറ തലയിലുദിച്ച ആശയമാണ് സനത് ജയസൂര്യയും റൊമേഷ് കലുവിതരണയും അരവിന്ദ ഡിസിൽവയും ചേർന്ന് നടപ്പിലാക്കിയത്. ഫീൽഡിങ് നിയന്ത്രണമുള്ള ആദ്യ 15 ഒാവറിൽ തേർട്ടി യാർഡ് സർക്കിളിനുള്ളിൽ അടങ്ങിനിന്ന ഫീൽഡർമാരുടെ തലക്ക് മുകളിലൂടെ ലങ്കൻ ബാറ്റ്സ്മാൻമാർ ആറാട്ട് നടത്തി. സിംഗിളുകളുടെ സ്ഥാനത്ത് സിക്സും ഫോറും പറപറന്നു. 50^60 റൺസ് പിറന്നിടത്ത് ലങ്ക അടിച്ചുകൂട്ടിയത് 120 റൺസ്. ഒരുതവണയല്ല, പലതവണ. വാട്ട്മോറിെൻറ വട്ടാണെന്ന് പരിഹസിച്ചവർക്ക് മറുപടിയായി ലോകകിരീടവുമേന്തിയാണ് ലങ്കൻ ടീം ലാഹോറിൽ നിന്ന് മടങ്ങിയത്. അതും തോൽവിയെന്തന്നറിയാതെ. ഇവിടെയാണ് വാട്മോർ മാജിക് ആദ്യമായി ലോകം കണ്ട് തുടങ്ങിയത്. ലങ്കൻ ക്രിക്കറ്റിന് മേൽവിലാസമുണ്ടാക്കികൊടുത്ത വാട്മോർ പിന്നെയും പിന്നെയും കൊച്ചുദ്വീപിലേക്ക് കിരീടങ്ങളെത്തിച്ചുകൊണ്ടിരുന്നു.
കടുവാക്കൂട്ടിൽ
യുവനിരയെ പരീക്ഷിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വാട്മോർ പിന്നീട് എത്തിപ്പെട്ടത് കടുവാക്കൂട്ടിലായിരുന്നു. പേരിൽ മാത്രം കടുവയായിരുന്ന ബംഗ്ലാദേശിനെ 2003 മുതൽ വാട്മോർ കളിപഠിപ്പിച്ച് തുടങ്ങി. പ്രതിഭാദാരിദ്ര്യം കൊണ്ടും ശാരീരിക ക്ഷമതകൊണ്ടും ദുർബലരായിരുന്ന ബംഗ്ലാനിരയെ വിജയവഴിയിലേക്ക് കൈപിടിച്ചുയർത്തിയത് വാട്മോറിെൻറ മറ്റൊരു മാജിക്. 2005ൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്വെസ്റ്റ് പരമ്പരയിൽ ലോകചാമ്പ്യൻമാരായ ആസ്ട്രേലിയയെ അട്ടിമറിച്ച് വാട്മോർ മാന്ത്രിക വിദ്യ പുറത്തെടുത്തു തുടങ്ങി. ഇതേവർഷം സിംബാബ്വെയെ തോൽപിച്ച് ആദ്യ ടെസ്റ്റ് ജയവും പരമ്പരയും സ്വന്തമാക്കി. 2007 ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് നോക്കൗട്ടിലിടം നേടിയപ്പോഴും തെളിഞ്ഞുനിന്നത് വാട്മോറിെൻറ അടവുകളായിരുന്നു. ഇതിന് ശേഷം ബംഗ്ലാദേശിൽ നിന്ന് പുറപ്പെട്ട വാട്മോർ സിംബാബ്വെ, പാകിസ്താൻ ടീമുകളെയും കളി പഠിപ്പിക്കാനെത്തി. ഒരിക്കൽ കൂടി ലങ്കയിലെത്തിയെങ്കിലും േശാഭിക്കാനായില്ല. ഇതിനിടെ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളുടെ പരിശീലക സ്ഥാനം നൽകുന്നത് ഗൗരവമായി ചർച്ചചെയ്തെങ്കിലും കളത്തിന് പുറത്തെ കളിയിൽ വാട്മോർ തള്ളിപ്പോയി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വർഷം പരിശീലിപ്പിച്ചതും വാട്മോറായിരുന്നു.
കളിപഠിപ്പിക്കാൻ കേരളത്തിലേക്ക്
കുറച്ചു നാളായി കായിക ലോകത്ത് കേരളമെന്നാൽ ബ്ലാസ്റ്റേഴ്സാണ്. കിട്ടുന്നതെന്തും ആഘോഷമാക്കുന്ന മലയാളികൾക്ക് അടിച്ചുപൊളിക്കാൻ കിട്ടിയ അവസരമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഫുട്േബാളിനൊപ്പം തന്നെ ക്രിക്കറ്റിനും പ്രിയമുള്ള മലയാള മണ്ണിൽ സ്വന്തം ടീമുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ പോയ ചരിത്രമാണ് കേരള ക്രിക്കറ്റിനുള്ളത്. കഴിഞ്ഞ രഞ്ജി സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സമനിലകളിൽ കുരുങ്ങിയാണ് കേരളത്തിെൻറ പ്രയാണം ഒന്നുമല്ലാതെ അവസാനിച്ചത്. അവിടെ നിന്നാണ് വാട്മോർ ടീമിനെ ഏറ്റെടുക്കുന്നത്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ രാമചന്ദ്ര സർവകലാശാലയുമായി മൂന്ന് വർഷത്തെ കരാറിലേർപെട്ട വാട്മോറിനെ 30 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു ആറ് മാസത്തേക്ക് കേരളം കടമെടുത്തത്. ഗുജറാത്തും സൗരാഷ്ട്രയുമടങ്ങിയ മരണഗ്രൂപ്പിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാതെ പുതിയ സീസണിനിറങ്ങിയ കേരളത്തിേൻറത് ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിനെ ഞെട്ടിച്ച് കീഴടങ്ങിയതൊഴിച്ചാൽ ഇൗ സീസണിൽ തോൽവിയെന്തെന്നറിഞ്ഞിട്ടില്ല വാട്മോറിെൻറ സംഘം.
സഞ്ജു സാംസൺ, സച്ചിൻ ബേബി, ജലജ് സക്സേന, ബേസിൽ തമ്പി തുടങ്ങിയവരെ വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിടത്താണ് വാട്േമാറിെൻറ വിജയം. ഒാരോ മത്സരം കഴിയുേമ്പാഴും ബാറ്റിങ് ഘടന പോലും മാറ്റിക്കൊണ്ടിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ ഒന്നാം നമ്പറിലും ഏഴാം നമ്പറിലും ബാറ്റ് ചെയ്തു. ഒാപണറായും ഏഴാമനായും ജലജ് സക്സേന എത്തി. അരുൺ കാർത്തികും സ്ഥാനം മാറിക്കളിച്ചുകൊണ്ടിരുന്നു. വിക്കറ്റിെൻറ സ്വഭാവം മുൻകൂട്ടി അറിഞ്ഞ് ബൗളർമാരെ ടീമിൽ ഉൾപെടുത്തി. കേരളത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നർ സിജോമോൻ ജോസഫിനെ ഹരിയാനയിലെത്തിയപ്പോൾ പുറത്തിരുത്തി.
നാല് ദിവസം മാത്രമുള്ള ക്രിക്കറ്റിെൻറ സാധ്യതകൾ മുൻകൂട്ടി കണ്ട് സൽമാൻ നിസാറിനെ പോലുള്ള വെടിക്കെട്ട് ബാറ്റ്സ്മാർക്ക് ഇടം നൽകി. ആക്രമിച്ച് കളിക്കേണ്ട സമയത്ത് ട്വൻറി^20 മോഡലിൽ കളിക്കാൻ നിർദേശം നൽകി. സാഹചര്യങ്ങൾക്കനുസരിച്ച് മറുതന്ത്രം മെനഞ്ഞു. ടീമിലുള്ള യുവതാരങ്ങളുടെ കഴിവ് രാകിമിനുക്കിയെടുത്തു. കളിക്കാർക്ക് ഇഷ്ടം പോലെ കളിക്കാൻ സ്വാതന്ത്ര്യം നൽകി. മറുനാടൻ താരങ്ങളുടെ വരവ് ടീമിലുണ്ടാക്കിയ കോലാഹലങ്ങളെ ബുദ്ധിപൂർവം കൈകാര്യം ചെയ്തു. വലിയ ടീമുകൾക്കെതിരെ പോരടിച്ചുനിൽക്കാനുള്ള മനോവീര്യം പകർന്നു നൽകി. അങ്ങിനെയാണ് പോരാട്ടവീര്യമുള്ള, ഒത്തിണക്കമുള്ള സംഘമായി കേരളത്തിെൻറ യുവനിരയെ വാട്മോർ വളർത്തിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.