ലോകകപ്പ് പ്രതിരോധത്തിൻെറ വേദിയല്ല; കോടികൾ മറിയുന്ന കച്ചവടക്കളി
text_fieldsതീര്‍ച്ചയായും ഫുട്ബോളിന് കളിക്കളത്തിനപ്പുറമുള്ള ഒരു രാഷ്ട്രീയമുണ്ട്. എവിടെയുമത്തൊതെ പോയ പല രാജ്യങ്ങളുടെയും മേല്‍വിലാസമുണ്ട്. ചില വന്‍ഹുങ്കിന്റെ മുഖത്തേക്ക് ചുണക്കുട്ടികള്‍ ആഞ്ഞു പന്തുകള്‍ പായിക്കുന്നത് കാണുമ്പോഴുള്ള രോമാഞ്ചമുണ്ട്. മതങ്ങളുടെയും ജാതികളുടെയും അതിരുകള്‍ പൊളിച്ചുകളയുന്ന ഒരു ‘മത’മുണ്ടതില്‍. ലോകത്തെ ഒരു കളിമുറ്റമാക്കുന്ന മാന്ത്രികതയുണ്ടതില്‍.
അര്‍ജന്‍റീനയും ബ്രസീലും മെക്സിക്കോയും മെസ്സിയും നെയ്മറും ഇങ്ങ് കേരളത്തിന്റെ ഒരു ഗ്രാമത്തില്‍ ഇരിക്കുന്നവന്റെ പോലും വികാരമാവുന്ന തരം ജനാധിപത്യമുണ്ടതില്‍. ഏകാത്മക ദേശീയതയുടെ അതിരുകളെ അപ്രസക്തമാക്കുന്ന ആഗോള മാനവികതയുണ്ടതിൽ. പക്ഷെ, ഇവരെല്ലാം കളക്കളത്തില്‍ ഉള്ളപ്പോള്‍ മാത്രമാണത്. അവിടെ നിന്നും മടങ്ങുന്ന ഒരു രാജ്യത്തിന്റെ മുറിവുകളെ ലോകം കളിക്കളത്തില്‍ തന്നെ ഉപേക്ഷിക്കുന്നു. അവിടെയാണ് സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമ ലോക സിനിമയായി അടയാളപ്പെടുത്തേണ്ട ഒന്നാവുന്നത്.
ആഗോള തലത്തില്‍ ഇന്ന് ഏറ്റവും അധികം ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ലോകകപ്പിന്റെ വെള്ളിവെച്ചത്തിൽ നമ്മൾ കയ്യടിക്കുന്ന ഒരു പിടി ചെറു രാജ്യങ്ങളുണ്ട്. അവയില്‍ പലതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ കേട്ട കുരുന്നുകളുടെ കരച്ചില്‍ അതിന്‍്റെ ഒരു സാമ്പിള്‍ മാത്രം. ഒരുപക്ഷെ, അടുത്ത ലോകകപ്പിൽ ബൂട്ടണിയാൻ ഇവരിൽ പലരേയും കണ്ടേക്കില്ല. അത്രമേൽ വേഗത്തിലാണ് സാമ്രാജ്യത്വത്തിന്റെ കൊലവിളികൾ. പുതിയ തരം ഉപരോധങ്ങളിലൂടെ. പുതിയ തരം യുദ്ധങ്ങളിലൂടെ. പുതിയ തരം തന്ത്രങ്ങളിലൂടെ. വർധിത വീര്യത്തോടെ കളിമൈതാനങ്ങളിലൂടെയും അത് കടന്നുവരുന്നു.
കളിക്കളത്തിനുപിന്നിലേക്കും കണ്ണുകള്‍ പായിക്കുമ്പോള്‍ കാണാമത്. അപ്പോഴാണ് ലോകകപ്പുകള്‍ നമ്മള്‍ നെഞ്ചേറ്റുന്നവരെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന മുതലാളിമാരുടെ മേല്‍വിലാസമായി രൂപാന്തരം പ്രാപിക്കുന്നത്. അതാണ് കളിക്കളത്തിലും സ്ക്രീനിലും ഒക്കെ പൊടിപാറുന്ന കച്ചവടത്തിന്റെ രാഷ്ട്രീയം. ഒന്നല്ല, ഒരായിരം ഗോളുകൾകൊണ്ടും തടുക്കാനാവാനാത്തതാണത്. ഒരൊറ്റ കളിയിലൂടെ അതുവരെയുള്ള നമ്മുടെ എല്ലാ ജാഗ്രതകളെയും റദ്ദു ചെയ്യാന്‍ മാത്രം ശക്തമാണത്.
നോക്കൂ, ലോകത്തുടനീളം 200 ലേറെ രാജ്യങ്ങളിലായി 360 കോടിയോളം കാഴ്ചക്കാരാണ് ലോകകപ്പിനുള്ളത്. ഭൂമിയിൽ അധിവസിക്കുന്ന ജനതയിൽ പാതി വരുമിത്!! ഇവരുടെ കണ്ണും മനസ്സും സഞ്ചരിക്കുന്നത് കളിക്കാരിലൂടെ മാത്രമല്ല. അവർ കാണുന്നത് പുൽത്തകിടിയിലെ ഉരുണ്ടു പായുന്ന പന്തു മാത്രമല്ല. കൊക്ക കോള, മക് ഡൊണാൾഡ്, വിസ തുടങ്ങി ഭരണകൂടങ്ങളെ പോലും വിലക്കെടുക്കാൻ കെൽപുളള ബഹുരാഷ്ട്ര ബ്രാൻറുകളെ കൂടിയാണ്. ഈ കളിയിൽ ആത്യന്തികമായി വിജയിക്കുന്നത് ഈ സ്പോൺസർമാരും അവർ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളുമാണ്.
ഇസ്രായേലിനെതിരായ സൗഹൃദ മൽസരം മെസ്സി ഉപേക്ഷിച്ചപ്പോഴും സെർബിയക്കെതിരായ അൽബേനിയൻ കളിക്കാരുടെ ആംഗ്യം കാണുമ്പോഴും കറുത്ത വർഗക്കാരൻ വെള്ളക്കാരന്റ ഗോൾമുഖം കുലുക്കുേമ്പാഴും കയ്യടിക്കുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്. എന്നാൽ, ആ രാഷ്ട്രീയത്തെ പോലും എങ്ങനെ കച്ചവടം ചെയ്യാം എന്ന് ഇവർക്ക് നന്നായി അറിയാം. കാലിൽ ബൂട്ടണിയുന്നവന്റെ സ്വപ്നങ്ങളെയും അത് വികാരമാവുന്ന ആരാധകക്കൂട്ടങ്ങളെയും പ്രതിരോധമാക്കുന്ന രാഷ്ട്രീയത്തെയും എത്ര സമർഥമായാണ് അവർ ഒറ്റയടിക്ക് വിലക്കെടുന്നതെന്ന് നോക്കുക. ആ അർഥത്തിൽ ‘ഫിഫ’ മേൽവിലാസമില്ലാത്തവരുടെ പ്രതിരോധത്തിന്റെ വേദിയല്ല. അത് കോടികൾ മറിയുന്ന കച്ചവടക്കളിയുടെയും സാമ്രാജ്യത്വ കുഴലൂത്തുകാരുടെയും വേദിയാണ്.
റഷ്യൻ വേൾഡ് കപ്പിന്റെ ടിക്കറ്റ് വിൽപനയിലൂടെ 64 മാച്ചുകളിലായി 782 മില്യൻ ഡോളർ ആണ് ഫിഫ കൊയ്തെടുത്തത്. ബ്രസീലിൽ നിന്നാവട്ടെ 453 മില്യൻ ഡോളറും. ബ്രസീലിൽ ഫിഫക്ക് ചെലവായത് 13.6 ബില്യൻ ഡോളർ. റഷ്യയിലെ മാമാങ്കത്തിന്റെ കോടി ക്കണക്കുകൾ ഇനി വരാനിരിക്കുന്നു. (കണക്കുകൾക്ക് കടപ്പാട്: സ്റ്റാൻഡേർഡ് ആന്റ് പുവർ )എവിടെയാണ് കളി നിയന്ത്രിക്കുന്ന ഈ മൾട്ടി നാഷണൽ ബില്യണയറുകളുടെ സാമ്പത്തിക താൽപര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.