ഫുട്ബാൾ ഫാൻസിന് ആശ്വാസം; ക്രിക്കറ്റ് പ്രേമികൾക്ക് ആശങ്ക
text_fieldsകൊച്ചി: ഫുട്ബാൾ ഫാൻസിന് ആശ്വാസവും ക്രിക്കറ്റ് പ്രേമികൾക്ക് ആശങ്കയും പകരുന്ന തീരുമാനമാണ് വേദിമാറ്റം. ഇനിയും ക്രിക്കറ്റ് മത്സരങ്ങൾക്ക് കലൂർ വേദിയാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നുണ്ടെങ്കിലും ഇവിടത്തെ ക്രിക്കറ്റിെൻറ ഭാവി ചോദ്യചിഹ്നമാവുകയാണ്. കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സഹായിക്കാമെന്ന സർക്കാർ വാഗ്ദാനം വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്. കെ.സി.എ കൈയൊഴിഞ്ഞാൽ കലൂർ സ്റ്റേഡിയത്തിെൻറ പരിപാലനം ആര് ഏറ്റെടുക്കുമെന്ന ചോദ്യവും മുഴച്ചുനിൽക്കുന്നു.
കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള കായികപ്രേമികൾക്ക് ഏറ്റവും സൗകര്യപ്രദമായി എത്തിച്ചേരാവുന്ന സ്ഥലമാണ് കൊച്ചി. സ്റ്റേജ് ഷോയും പ്രാദേശിക മത്സരങ്ങളുമായി ഒതുങ്ങിയിരുന്ന സ്റ്റേഡിയത്തിന് അന്താരാഷ്ട്ര ടച്ച് നൽകിയത് ക്രിക്കറ്റാണ്. 1997ൽ നെഹ്റു കപ്പിന് ആതിഥ്യമരുളിയെങ്കിലും 98ലെ ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തോടെയാണ് കലൂർ സ്റ്റേഡിയം സ്ഥിരം രാജ്യാന്തര വേദിയായി മാറുന്നത്. പിന്നീട് 10 ഏകദിന മത്സരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗും കൊച്ചിയിൽ അരങ്ങേറി.
െഎ.പി.എല്ലിന് വേണ്ടത്ര ശോഭിക്കാനായില്ലെങ്കിലും കാണികളുടെ ബാഹുല്യംകൊണ്ട് ശ്രദ്ദേയമായിരുന്നു ഒാരോ ഏകദിന മത്സരവും. കെ.സി.എ 30 വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നെങ്കിലും ഒരിക്കലും ഫുട്ബാളിനോട് മുഖംതിരിച്ചുനിന്നിട്ടില്ല. അങ്ങനെയാണ് െഎ.എസ്.എല്ലിനും അണ്ടർ-17 ലോകകപ്പ് ഫുട്ബാളിനും കൊച്ചി വേദിയായത്. ഇനിയൊരു ക്രിക്കറ്റ് മത്സരം കലൂരിൽ നടത്താൻ കഴിയുമോയെന്ന് കെ.സി.എക്ക് പോലും സംശയമുണ്ട്. കാരണം, കൊച്ചിയെ വേദിയായി പ്രഖ്യാപിക്കുേമ്പാൾ ടർഫ് കുത്തിപ്പൊളിക്കൽ വിവാദം ഇനിയും ഉയരും.
കെ.സി.എ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇത്. ഇൗ സാഹചര്യം മുതലെടുത്ത് കൊച്ചിയിൽ ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കാൻ സർക്കാറിെൻറ സഹായം നേടിയെടുക്കാനായിരിക്കും കെ.സി.എയുടെ ശ്രമം. സ്ഥലം ഏറ്റെടുക്കലും ക്രമക്കേടുകളും ഉൾപ്പെടെയുള്ള നൂലാമാലകളിൽ ഉഴലുന്ന ഇടക്കൊച്ചി സ്റ്റേഡിയം നിർമാണത്തിന് സർക്കാർ പിന്തുണ നേടിയെടുക്കാനും ശ്രമങ്ങളുണ്ടാവും. ഇതെല്ലാം പിന്നിട്ട് കൊച്ചിയിൽ ഇനിയൊരു ക്രിക്കറ്റ് സ്റ്റേഡിയമുയരണമെങ്കിൽ വർഷങ്ങളെടുക്കും.
സ്റ്റേഡിയം പരിപാലനം
കലൂർ സ്റ്റേഡിയം കെ.സി.എ കൈയൊഴിഞ്ഞാൽ സ്റ്റേഡിയം പരിപാലനം ആര് ഏറ്റെടുക്കുമെന്നത് ചോദ്യചിഹ്നമാവുകയാണ്. വർഷങ്ങളായി സ്റ്റേഡിയം പരിപാലനത്തിെൻറ മുഖ്യപങ്ക് വഹിക്കുന്നത് കെ.സി.എയാണ്. ഫ്ലഡ്ലൈറ്റുകളും നാല് കൂറ്റൻ ജനറേറ്ററുകളുമെല്ലാം കെ.സി.എയുടെ വകയാണ്. അതുകൊണ്ടാണ് ടർഫ് വിഷയം വിവാദമായപ്പോഴും കേരള ഫുട്ബോൾ അസോസിയേഷൻ മൗനം പാലിച്ചത്.
പരോക്ഷമായി അവർ കെ.സി.എയെ പിന്തുണക്കുന്നുമുണ്ട്. കലൂരിൽ ക്രിക്കറ്റും ഫുട്ബാളും നടത്തണമെന്ന നിലപാടാണ് ഫുട്ബാൾ അസോസിയേഷനുള്ളത്. സ്റ്റേഡിയം പരിപാലനത്തിെൻറ ബാധ്യത ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി കെ.എഫ്.എക്കില്ല. കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ടാണെങ്കിലും ടീം മാനേജ്മെൻറ് ഗ്രൗണ്ട് ഏറ്റെടുക്കാൻ മുതിരില്ല. കേരള സർക്കാറോ ജി.സി.ഡി.എയോ ഇതിന് തയാറാകുമെന്നും ഉറപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.