സ്പോർട്സ് ഹബിൽ ഇവരാണ് താരങ്ങൾ
text_fieldsതിരുവനന്തപുരം: 29 വർഷത്തിന് ശേഷം അനന്തപുരിയിൽ വിരുന്നെത്തിയ ക്രിക്കറ്റ് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കേണ്ടിവരുന്ന ഘട്ടത്തിൽനിന്ന് മഴയോട് കളിച്ച്, മത്സരം തട്ടിപ്പറിച്ചെടുത്തതിന് ഓരോ ക്രിക്കറ്റ് പ്രേമിയും നന്ദിപറയേണ്ടത് കെ.സി.എയുടെ ഗ്രൗണ്ട് സ്റ്റാഫുകളോടാണ്. വിയർപ്പ് വെള്ളമാക്കി അവർ പണിയെടുത്തില്ലായിരുന്നെങ്കിൽ പതിനായിരങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹവും ചൊവ്വാഴ്ച ഗ്രീൻഫീൽഡിൽ ഒലിച്ചുപോയേനെ.
കഴിഞ്ഞ നാലുദിവസമായി ജില്ലയിൽ തകർത്തുപെയ്യുന്ന മഴയിൽ, മൈതാനത്തിനും പിച്ചിനും ഒരു േപാറൽപോലും ഏൽക്കാത്തതിന് പിന്നിൽ അമ്പതോളം വരുന്ന ഗ്രൗണ്ട് സ്റ്റാഫുകളുടെ അധ്വാനവും കരുതലുമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ച മഴ രാത്രി 8.15വരെ തകർക്കുമ്പോൾ നാല് തവണയാണ് ഇവർക്ക് ബക്കറ്റും സ്പോഞ്ച് ബെഡും സൂപ്പർ സോപ്പറുമായി ഇറങ്ങേണ്ടിവന്നത്. 22 വാര പിച്ചിൽ വാഴുന്ന താരങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നാം ഓരോത്തരും ഇവർക്ക് വളരാൻ വളമൊരുക്കുന്ന ജീവിതങ്ങളെയും മത്സരം ആഘോഷമാക്കാൻ ഇവർ സഹിക്കുന്ന കഷ്ടപ്പാടുകളും അറിയാറില്ല. ചൊവ്വാഴ്ച സ്പോർട്സ് ഹബിലെത്തിയ ഓരോ ക്രിക്കറ്റ് പ്രേമിയും ഭാവിയിൽ ഈ മത്സരത്തെ ഓർക്കുക ഇന്ത്യയുടെ ചരിത്രനേട്ടത്തിെൻറ പേരിൽ മാത്രമാകില്ല, മറിച്ച് എട്ട് ഒാവറെങ്കിലും കളി നടത്താൻ ഈ സാധാരണക്കാർ പുറത്തെടുത്ത അമാനുഷിക മനക്കരുത്തിെൻറ പേരിൽ കൂടിയാകും.
മഴയോടുള്ള ഇവരുടെ പോരാട്ടത്തിന് മൊബൈൽ ഫോണിൽ ഫ്ലാഷ് ലൈറ്റുകൾ മിന്നിച്ചും കൈയടികൾ നൽകിയും ഒരുഘട്ടത്തിൽ ഗാലറി അഭിവാദ്യമർപ്പിച്ചത് ക്രിക്കറ്റ് താരങ്ങളെപ്പോവും ആവേശഭരിതരാക്കിരുന്നു. കിരീടവുമായി പത്രദൃശ്യമാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഈ ആവേശം അറിയിക്കുകയും ചെയ്തു. ‘എന്തുകൊണ്ടും ഫൈനൽ തിരുവനന്തപുരം അർഹിക്കുന്നു. ഇവിടെ കളിക്കാതെ പോയിരുന്നെങ്കിൽ കാണികളേക്കാളും കൂടുതൽ നിരാശയിലാകുക ഞങ്ങളായിരിക്കും. പിച്ചിൽ ഒരു പന്തെങ്കിലും എറിഞ്ഞുകാണാൻ ഗ്രൗണ്ട് സ്റ്റാഫുകൾ നടത്തിയ പ്രയത്നം വാക്കുകളിൽ ഒതുക്കാവുന്നതല്ല. മനോഹമായ ഈ സ്റ്റേഡിയത്തിൽ കളിക്കാൻ അവസരമൊരുത്തിത്തന്ന എല്ലാവർക്കും ഞങ്ങൾ മനസ്സ് കൊണ്ട് കീഴടങ്ങുന്നു’. ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കറും വി.വി.എസ്. ലക്ഷ്മണും കമേൻററ്റർ ഹർഷ ഭോഗ്ലെയും ഗ്രൗണ്ട് സ്റ്റാഫുകളുടെ ടീം സ്പിരിറ്റിന് അഭിവാദ്യമർപ്പിച്ച് ട്വിറ്ററിലുമെത്തി.
മറക്കാം 1988, പറയാം 2017
ട്വൻറി20യിൽ വിശ്വകിരീടം നേടിയെങ്കിലും നാളിതുവരെ ഇന്ത്യക്ക് നീന്തിക്കയറാൻ കഴിയാത്ത തുരുത്തായിരുന്നു ന്യൂസിലാൻഡ്. എന്നാൽ, നീലപ്പട അതും നീന്തിക്കയറി. ടി.വിയിൽ മാത്രം കണ്ടിട്ടുള്ള കോഹ്ലിയുടെ ക്ലാസ് ഡ്രൈവുകളും ഹാർദിക് പാണ്ഡ്യയുടെ ക്ലിഞ്ച് സിക്സും ധോണിയുടെ മിന്നൽപിണർ സ്റ്റംമ്പിങ്ങുമെല്ലാം പുതുതലമുറ നേരിൽകണ്ടു. ഇനി 1988ലെ വെസ്റ്റ് ഇൻഡീസിനെതിരായ നാണംകെട്ട തോൽവിയുടെ കഥ അനന്തപുരിക്ക് മറക്കാം. പച്ചപ്പാടത്ത് കതിരുകൊത്താൻ ഇറങ്ങിയ ‘കിവികളുടെ ചിറകൊടിച്ച കഥ’ വരുംതലമുറക്ക് പറഞ്ഞുകൊടുക്കുവാനുള്ള ഓർമകൾ സമ്മാനിച്ചാണ് കോഹ്ലിയും സംഘവും ബുധനാഴ്ച തലസ്ഥാനത്തുനിന്ന് മടങ്ങിയത്. ഇന്ത്യൻസംഘം രാവിലെ എട്ടിനുള്ള പ്രത്യേക വിമാനത്തിൽ മടങ്ങിയപ്പോൾ 9.15നാണ് ന്യൂസിലാൻഡുകാർ വീട്ടിലേക്കുള്ള വിമാനം പിടിച്ചത്. പരമ്പര നേട്ടത്തിന് ശേഷം ഹോട്ടലിൽ എത്തിയ ഇന്ത്യൻ സംഘത്തിനായി ബുധനാഴ്ച പുലർച്ചെ ഹോട്ടൽ അധികൃതർ പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു.
സ്പോർട്സ് ഹബിൽ ഇന്ത്യ ഇനിയുംവരുമോ?
അഞ്ച് മണിക്കൂർ മഴ പെയ്തിട്ടും ഒരുമണിക്കൂർ കൊണ്ട് കളിയാരംഭിക്കാനായത് സ്പോർട്സ് ഹബിെൻറ മേന്മയായി തന്നെ ഐ.സി.സിക്ക് കാണാം. അതുകൊണ്ട് ഭാവിയിൽ വീണ്ടും ഇന്ത്യയുടെ മത്സരങ്ങൾക്ക് ഗ്രീൻഫീൽഡ് വേദിയാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇതിനുള്ള തയാറെടുപ്പുകളും തുടങ്ങി. 45,000ത്തോളം കാണികളാണ് മഴയുംകൊണ്ട് കളി കാണാനെത്തിയത്. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ ആരാധകർ ഇന്ത്യക്ക് വേണ്ടി മാത്രമല്ല കൈയടിച്ചത്, ഇന്നിങ്സിലെ രണ്ടാംപന്തിൽ ഭുവനേശ്വർ കുമാറിനെ കൂറ്റൻ സിക്സറിന് പറത്തിയ മൺറോക്ക് മുതൽ മനീഷ് പാണ്ഡെയെ പുറത്താക്കാൻ സാൻററും ഗ്രാൻറ് ഹോമും നടത്തിയ കൂട്ടായപരിശ്രമത്തിനും കൊടുത്തു മനസ്സറിഞ്ഞ കൈയടി. ഒരുവേള മത്സരം നടന്നില്ലെങ്കിൽ കാണികൾ ക്ഷുഭിതരാകുമോ എന്ന ആശങ്ക പൊലീസിനുമുണ്ടായിരുന്നു. എന്നാൽ, നല്ലരീതിയിൽ കളി ആസ്വദിച്ച് ഇന്ത്യയുടെ കിരീടം കണ്ണാൽകണ്ട് അവർ മടങ്ങി, അവസാന ഓവർ വരെ ത്രില്ലർ കാത്തുസൂക്ഷിച്ച മത്സരത്തിന് നന്ദി പറഞ്ഞ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.