ട്രാക്ക് വാണ ചീനിക്ക റെയിൽവേ ‘ട്രാക്ക്’ വിടുന്നു
text_fieldsകോഴിക്കോട്: സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണനേട്ടം, ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിലും തലനാരിഴ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ പ്രകടനങ്ങൾ, ദേശീയ ഗെയിംസിൽ സ്വർണം, കായിക മികവിന് സംസ്ഥാന സർക്കാറിെൻറ ജി.വി. രാജാ പുരസ്കാരം... 1980കളുടെ മധ്യത്തിൽ ട്രാക്ക് വാണ ഇന്ത്യയുടെ മുൻനിര ഓട്ടക്കാരൻ ഇബ്രാഹിം ചീനിക്ക ഇന്ത്യൻ റെയിൽവേയുടെ പടിയിറങ്ങുന്നു.
രാജ്യാന്തര തലത്തിലെ മെഡൽ നേട്ടങ്ങളുടെ മികവിലും താരപ്പകിട്ടോ ആഘോഷങ്ങളോ ഇല്ലാതെ റെയിൽവേക്കൊപ്പം 35 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് ഇന്ന് വിരാമം കുറിക്കുന്നത്. 400 മീറ്റർ ട്രാക്കിൽ നേട്ടങ്ങൾ ഒരുപിടി സ്വന്തമാക്കിയിട്ടും കേരള അത്ലറ്റിക്സിെൻറ മുഖ്യധാരയിലൊന്നും ചീനിക്കയുണ്ടായിരുന്നില്ല. ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ഉത്തരവാദിത്തമുള്ള ജീവനക്കാരനായി ഒതുങ്ങിക്കൂടിയ മുൻതാരം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ചീഫ് റീസർവേഷൻ സൂപ്പർവൈസറായാണ് ഇന്ന് പടിയിറങ്ങുന്നത്.
ഫുട്ബാളിൽനിന്ന് ട്രാക്കിലേക്ക്
വയനാട് സുൽത്താൻ ബത്തേരിക്കാരനായ ഇബ്രാഹിം ചീനിക്ക ബിരുദ വിദ്യാർഥിയായിരിക്കെ കാലിക്കറ്റ് സർവകലാശാല ഫുട്ബാൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനായാണ് ചുരമിറങ്ങിയെത്തുന്നത്. പക്ഷേ, ഫുട്ബാൾ ടീമിലേക്ക് പരിഗണിച്ചില്ല. കളിക്കിടയിലെ ഓട്ടം ശ്രദ്ധിച്ച മറ്റൊരു പരിശീലകൻ അവെൻറ സ്വപ്നങ്ങൾ മാറ്റിയെഴുതി. സർവകലാശാല അത്ലറ്റിക് കോച്ചും കളിയെഴുത്തുകാരനുമായ ഡോ. മുഹമ്മദ് അഷ്റഫ് അവനെ ട്രാക്കിലേക്ക് ക്ഷണിച്ചു. ഫുട്ബാൾ എന്ന സ്വപ്നം പേറി നടന്നവൻ ആദ്യം നിരസിച്ചെങ്കിലും പിന്നെ ട്രാക്കിനെ തെരഞ്ഞെടുത്തു.
1983ൽ ഇൻറർ വാഴ്സിറ്റി മത്സരങ്ങളിലൂടെ ട്രാക്കിൽ പുതു താരോദയമായി. ഇൻറർവാഴ്സിറ്റികളിൽ തുടർച്ചയായി മെഡൽകൊയ്ത് ഇന്ത്യൻ ടീമിലേക്ക്. 1985 ജകാർത്ത ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് റിലേ ടീമിൽ ഓടിയെങ്കിലും നാലാമതായി. അതേവർഷം, ധാക്കയിൽ നടന്ന സാഫ് ഗെയിംസിൽ ചീനിക്ക ബാറ്റൺ ഏന്തിയ ഇന്ത്യൻ ടീം 4x400 മീറ്റർ റിലേ ടീം സ്വർണമണിഞ്ഞു. അടുത്ത വർഷം സോളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇവരുടെ ടീമിന് മെഡൽ നഷ്ടമായത് 0.14 സെക്കൻഡ് വ്യത്യാസത്തിൽ. 1986 കോമൺവെൽത്ത് ഗെയിംസ് ടീമിൽ ഇടം നേടിയെങ്കിലും ഇന്ത്യയുടെ ബഹിഷ്കരണം കാരണം മത്സരിക്കാൻ അവസരം ലഭിച്ചില്ല.
ദേശീയ ഗെയിംസിൽ കേരളത്തിനായും സ്വർണമണിഞ്ഞു. 1988ൽ കേരളം ജി.വി രാജാ അവർഡ് നൽകി ഈ പ്രതിഭയെ ആദരിച്ചു. ഇതിനിടയിൽ റെയിൽവേ ട്രാക്കിലെ ജോലിത്തിരക്കിലായതോടെ അത്ലറ്റിക് ട്രാക്കിലെ വേഗം കുറഞ്ഞു. പതുക്കെ ചീനിക്ക പാലക്കാട് മുതൽ മംഗലാപുരംവരെ റെയിവേയുടെ വിവിധ കേന്ദ്രങ്ങളിലായി ഒതുങ്ങി. റസിയയാണ് ഭാര്യ. ദേവഗിരി കോളജ് അധ്യാപിക ഷഹനാസ്, വിദ്യാർഥികളായ തസ്നിം, മുഹമ്മദ് നിഹാൽ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.