ജീവിതത്തിലെ ആദ്യ ഓട്ടമത്സരത്തിൽതന്നെ പരാജയപ്പെട്ട ജിൻസൺ
text_fieldsതെൻറ ജീവിതത്തിലെ ആദ്യ ഓട്ടമത്സരത്തിൽ തന്നെ
പരാജയപ്പെട്ട ആ വിദ്യാർഥി, ഇന്ന് ഏഷ്യയിലെതന്നെ
വലിയ ഒാട്ടക്കാരനായി മാറിയിരിക്കുന്നു. ഏഷ്യൻ ഗെയിംസിൽ
1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയ
ജിൻസൺ ജോൺസൺ, രാജ്യത്തിെൻറ മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ്.
തോൽവികളിൽ പതറാതെ, കഠിനാധ്വാനവും നിരന്തര
പ്രയത്നവും കൈമുതലാക്കിയ ഇൗ ചെറുപ്പക്കാരൻ
അർജുന അവാർഡിെൻറ തിളക്കത്തിലാണിപ്പോൾ...
ചക്കിട്ടപാറ സെൻറ് ആൻറണീസ് എൽ.പി സ്കൂളിെൻറ കളിമുറ്റം. സ്കൂൾ കായികമേള നടക്കുകയാണ്. ആ നാലാം ക്ലാസുകാരൻ ഒാട്ടമത്സരത്തിനുണ്ട്. അത്യാവേശത്തോടെ ട്രാക്കിൽ മാഷിെൻറ വിസിൽ മുഴക്കത്തിനായി കാതുകൂർപ്പിച്ച്, തെൻറ ജീവിതത്തിലെ ആദ്യ ഒാട്ടമത്സരത്തിനായി അവൻ നിലയുറപ്പിച്ചു, ഒാടി. ആദ്യ മൂന്നിൽ പോലും ഇടം നേടാതെ അവെൻറ ആദ്യ മത്സരം അവസാനിച്ചു. അടുത്ത വർഷം കുളത്തുവയൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക്. അവിടെ മത്സരിച്ചപ്പോഴും മറിച്ചൊന്നും സംഭവിച്ചില്ല. തെൻറ ജീവിതത്തിലെ ആദ്യ ഓട്ടമത്സരത്തിൽതന്നെ പരാജയപ്പെട്ട ആ വിദ്യാർഥി ഇന്ന് ഏഷ്യൻ വൻകര കീഴടക്കിയിരിക്കുകയാണ്.
ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയ ജിൻസൺ മലയാളികൾക്ക് മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരത്തെ ചക്കിട്ടപാറയെന്ന ഗ്രാമത്തിലെ മൺപാതകളിലൂടെ ഓടിപ്പഠിച്ച കുളച്ചൽ ജിൻസൺ ജോൺസൺ എന്ന 27കാരൻ അർജുന അവാർഡിെൻറ തിളക്കത്തിലുമാണ്. നാലാം ക്ലാസിലെ നാലാം സ്ഥാനത്തുനിന്ന് കേരളവും ഇന്ത്യയും കടന്ന് ഏഷ്യ വരെയെത്തിയ കുതിപ്പിെൻറ കാരണം ഒന്നേയുള്ളൂ ^കഠിനാധ്വാനം. അമ്മ ശൈലജ പറയും, അനുസരണയും വാശിയും കൂടെ ഉണ്ടെന്ന്. അച്ഛൻ ജോൺസൺ പറയും, തോൽക്കാൻ മനസ്സില്ലാത്ത പ്രകൃതമാണ് അവനെന്ന്. ഇന്ത്യൻ ആർമിയിൽ ജൂനിയർ കമീഷൻഡ് ഓഫിസറായി സേവനമനുഷ്ഠിക്കുന്ന ജിൻസൺ രാജ്യത്തിെൻറ ഒളിമ്പിക്സ് പ്രതീക്ഷകൂടിയാണിപ്പോൾ.
നാടിെൻറ ചിന്തൂട്ടൻ
‘‘ചിന്തൂട്ടെൻറ കൂടെ എവിടെ പോകാനും എനിക്ക് പേടിയാ, ബസിൽ പോലും അടങ്ങിയിരിക്കില്ല, മുഴുവൻ സമയവും ഓടിക്കളിക്കണം’’ -സ്കൂൾ കാലഘട്ടത്തിലെ ജിൻസണെക്കുറിച്ച് ചോദിച്ചപ്പോൾ ജ്യേഷ്ഠസഹോദരി ജിതാരക്ക് പറയാനുണ്ടായിരുന്നത് ഇതാണ്. അവരുടെ ചിന്തൂട്ടൻ ഇന്ന് ലോകമറിയുന്ന അത്ലറ്റായി മാറിയിരിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ ഇരുവരും കുളത്തുവയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. ആറാംതരത്തിലും ജിൻസൺ ഓടാനിറങ്ങിയപ്പോൾ ആദ്യ മൂന്നിലെത്തി, പിന്നീട് ഏഴാം ക്ലാസിൽ ആദ്യ രണ്ടിലും അവൻ ഇടംപിടിച്ചു. എന്നാൽ, ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടിവന്നു ഓട്ടത്തിൽ സ്കൂൾ ജേതാവാകാൻ. ഉപജില്ല മത്സരത്തിൽ അന്ന് മൂന്നാം സ്ഥാനവും ജിൻസണെ തേടിയെത്തി. ഉപജില്ലയിലെ അവെൻറ പ്രകടനം കണ്ട സ്കൂൾ കായികാധ്യാപകരായ ആൻറണിയും ഷാജുവും മികച്ച പ്രോത്സാഹനം നൽകി. കായിക രംഗത്തെ മികവിനൊപ്പം പഠന രംഗത്തും ജിൻസൺ തിളങ്ങിനിന്നു. 76 ശതമാനം മാർക്കോടെയാണ് എസ്.എസ്.എൽ.സി വിജയിച്ചത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിൽ കുളത്തുവയൽ ഹയർ സെക്കൻഡറിയിൽതന്നെ പ്രവേശനം നേടി. പ്ലസ് വൺ അവസാന കാലത്ത് ജിൻസെൻറ അമ്മയുടെ സഹോദരി ഷീലയുടെ നിർബന്ധത്തിന് വഴങ്ങി ചക്കിട്ടപാറ സ്പോർട്സ് അക്കാദമി പരിശീലകൻ കെ.എം. പീറ്ററിെൻറ ശിഷ്യത്വം സ്വീകരിച്ചു. കുറച്ചുകാലം അദ്ദേഹത്തിെൻറ വീട്ടിൽ താമസിച്ചുതന്നെ കഠിന പരിശീലനത്തിൽ ഏർപ്പെട്ടു. അതിെൻറ ഫലം അടുത്ത വർഷം ജിൻസണെ തേടിയെത്തി. എറണാകുളത്തു നടന്ന ജൂനിയർ ഇൻറർ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ രണ്ടാമതായി ഫിനിഷ് ചെയ്ത ജിൻസൺ 5000 മീറ്ററിൽ നാലാമതും എത്തി. ആ വർഷം കോഴിക്കോട്ട് നടന്ന ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിൻസണ് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോട്ടയത്തു നടന്ന സംസ്ഥാന സ്കൂൾ മീറ്റിലും വിജയവാഡയിലും കൊൽക്കത്തയിലും നടന്ന ദേശീയ സ്കൂൾ മീറ്റിലും ചക്കിട്ടപാറയുടെ ചിന്തൂട്ടൻ സുവർണ താരകമായി തിളങ്ങിനിന്നു. മത്സരങ്ങളുടെ തിരക്കിനിടയിലും പ്ലസ് ടു 84 ശതമാനം മാർക്കോടെ വിജയിച്ചു.
വിരുന്നെത്തിയ അതിഥി
2007ൽ കോട്ടയത്ത് സംസ്ഥാന സ്കൂൾ കായികമേള സമാപിച്ച് ഏതാനും ദിവസങ്ങൾക്കകം ജിൻസെൻറ വീട്ടിൽ ഒരു അപ്രതീക്ഷിത അതിഥിയെത്തി. പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ പരിശീലകൻ ക്യൂബൻ സ്വദേശി അഡാൽബർട്ടോ കൊളാസോ മക്യാസും സംഘവുമായിരുന്നു ജിൻസനെ തിരക്കി ചക്കിട്ടപാറയിലെ വീട്ടിൽ എത്തിയത്. സ്കൂൾ മീറ്റിൽ 1500 മീറ്ററിലെ ജിൻസെൻറ പ്രകടനം കണ്ട മക്യാസ് അന്നുതന്നെ ഉറപ്പിച്ചിരുന്നു ചക്കിട്ടപാറയിലെ ഈ പൊൻമുത്ത് ലോകം കീഴടക്കുന്ന ഓട്ടക്കാരനാവുമെന്ന്, അതുകൊണ്ട് മികച്ച പരിശീലനം നൽകാൻ പുെണയിലേക്ക് പിടിച്ചപിടിയാലെ കൊണ്ടുപോകാൻ വേണ്ടിയാണ് അവർ ഈ മലയോരത്തെത്തിയത്, അവരുടെ നിർബന്ധത്തിനു വഴങ്ങി ജിൻസൺ പുെണയിലേക്ക് വണ്ടി കയറി. എന്നാൽ, ജോൺസെൻറയും ശൈലജയുടേയും ചിന്തൂട്ടന് അവരെ പിരിഞ്ഞിരിക്കാൻ സാധിച്ചില്ല. ഒടുവിൽ ഒരാഴ്ച മാത്രം അവിടെനിന്ന് ചിന്തൂട്ടൻ അച്ഛനമ്മമാരുടെ അരികിലേക്ക് തിരിച്ചു. ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 24ൽ ഒരാളായിരുന്നു ജിൻസൺ. ആർമിയുടെ വിദഗ്ധ പരിശീലനം അന്ന് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ, ഇതിലും വേഗത്തിൽ ജിൻസൺ ലോകത്തിെൻറ നെറുകയിലെത്തുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ജിൻസൺ 2008ൽ കോട്ടയം ബസേലിയസ് കോളജിൽ ബി.കോമിനു ചേർന്നു. അവിടെ ഡോ. ജോർജ് ഇമാനുവലിെൻറ നേതൃത്വത്തിൽ പരിശീലനം തുടങ്ങി. കോളജിൽ ഒരു വർഷം പൂർത്തിയാകുേമ്പാഴേക്കും ജിൻസൺ ഇന്ത്യൻ ആർമിയിൽ പ്രവേശിച്ചു. ഇത് കായിക ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി.
നേട്ടങ്ങളുടെ പൂക്കാലം
ഇന്ത്യൻ ആർമിയിൽ പ്രവേശിച്ച ജിൻസൺ വളരെ പെട്ടെന്ന് അന്താരാഷ്ട്ര താരമായി ഉയർന്നു. 2009 മുതൽ 2012 വരെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ രജ്ജൻ ജാ എന്ന കോച്ചിെൻറ ശിക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിെൻറ കീഴിൽ 2010ലെ ജൂനിയർ നാഷനൽ ലീഗിൽ സ്വർണവും 2012ൽ സീനിയർ നാഷനൽ ലീഗിൽ വെള്ളിയും ഓടിയെടുത്തു. 2012 മുതൽ 2017 വരെയുള്ള അഞ്ച് വർഷക്കാലം കണ്ണൂർ പുളിക്കോം സ്വദേശി മുഹമ്മദ് കുഞ്ഞി ജിൻസെൻറ പരിശീലകനായെത്തി. കുഞ്ഞി സാറിെൻറ കൂടെയുള്ള അഞ്ചു വർഷം മറക്കാൻ കഴിയില്ലെന്നാണ് ജിൻസെൻറ ഭാഷ്യം. സഹോദരനെപ്പോലെ കരുതി തനിക്ക് പരിശീലനം തന്ന കുഞ്ഞി സർ രാജ്യത്തിന് പുറത്ത് മത്സരിപ്പിക്കാൻ തന്നെ യോഗ്യനാക്കിയെന്നും ജിൻസൺ പറയുന്നു. 2015ൽ ചൈനയിലെ വുഹാനിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പാണ് ഇന്ത്യക്ക് പുറത്തുള്ള ജിൻസെൻറ ആദ്യ മത്സരം. ആദ്യ മത്സരത്തിൽതന്നെ വെള്ളി സ്വന്തമാക്കി. സിംഗപ്പൂരിൽ 2015ൽ നടന്ന ഏഷ്യൻ ഗ്രാൻഡ് പ്രി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണമാണ് ജിൻസൺ ഓടി നേടിയത്. 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയപ്പോൾ ഇതേ വർഷം നടന്ന ഏഷ്യൻ ഗ്രാൻഡ് പ്രി ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും നേടിയെടുത്തു.
ഒളിമ്പ്യൻ ജിൻസൺ
ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത് ഏതൊരു കായിക താരത്തിെൻറയും മോഹമാണ്. തെൻറ 25ാം വയസ്സിൽതന്നെ ജിൻസൺ അത് പൂർത്തീകരിക്കുകയും ചെയ്തു. 2016ലെ റിയോ ഒളിമ്പിക്സിൽ 130 കോടി ജനങ്ങളുടെ സ്വപ്നം നെഞ്ചിലേറ്റി ഓടിയെങ്കിലും വിദേശ ട്രാക്കിലെ പരിചയക്കുറവു കാരണം പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. ഇരുവശങ്ങളിലുള്ള താരങ്ങളുടെ തട്ട് ഏറ്റ് ട്രാക്കിൽ വീഴാത്തത് ഭാഗ്യംകൊണ്ടാണെന്ന് ആദ്യ പരിശീലകൻ കെ.എം. പീറ്റർ പറയുന്നു. 2020ലെ ടോക്യോ ഒളിമ്പിക്സിൽ ജിൻസണിലൂടെ ഇന്ത്യക്ക് മെഡലുണ്ടാവുമെന്ന് പീറ്റർ സർ പറയുന്നു. ‘‘രാജ്യം എന്നിൽനിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്, ആ പ്രതീക്ഷ നിലനിർത്താൻ എെൻറ കഴിവിെൻറ പരമാവധി ശ്രമിക്കും. മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് ഇന്ത്യൻ ഒളിമ്പിക്സ് ക്യാമ്പിൽ സജീവമാവാനാണ് തീരുമാനം’’ -ജിൻസൺ നമുക്ക് ഉറപ്പുതരുന്നു.
റെക്കോഡുകളുടെ കളിത്തോഴൻ
ചരിത്രം പലകുറി വഴിമാറി ഇൗ വേഗക്കാരന് മുന്നിൽ. ഏഷ്യാഡിൽ 1500 മീറ്ററിൽ ഇന്ത്യക്ക് സ്വർണം ലഭിച്ചത് ജിൻസൺ ജനിക്കുന്നതിെൻറ 29 വർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 56 വർഷം മുമ്പ്. അരനൂറ്റാണ്ടിലധികമായി രാജ്യം കാത്തിരിക്കുന്ന സ്വർണവുമായാണ് ജകാർത്തയിൽനിന്ന് ജിൻസൺ മടങ്ങിയത്. 800 മീറ്ററിൽ സ്വർണം നഷ്ടമായത് ഫിനിഷിങ്ങിലെ പിഴവുകൊണ്ടാണ്. ഈ ഇനത്തിൽ ഏഷ്യൻ റാങ്കിൽ ഒന്നാമതുള്ള ജിൻസണെ പിറകിലാക്കിയത് കഴിഞ്ഞ അഞ്ചു വർഷമായി തെൻറ മുന്നിൽ ഓടിയെത്താൻ കഴിയാത്ത മറ്റൊരു ഇന്ത്യൻ താരം മൻജിത് സിങ് ആണ്. 800 മീറ്ററിലെ പിഴവ് 1500 മീറ്ററിൽ പരിഹരിച്ചപ്പോൾ ചക്കിട്ടപാറയുടെ മുത്ത് സുവർണ താരമായി. മെഡൽ നേടിയിട്ടും 1500, 800 മീറ്ററുകളിലെ സമയം അവെൻറ മികച്ച സമയത്തേക്കാൾ പിന്നിലാണെന്നത് ശ്രദ്ധേയമാണ്. ഈ വർഷം ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്ററിൽ 1995ൽ ബഹാദൂർ പ്രസാദ് സ്ഥാപിച്ച റെക്കോഡ് തിരുത്താൻ ജിൻസണ് സാധിച്ചു. ജൂണിൽ ഗുവാഹതി ഇൻറർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ജിൻസൺ പഴങ്കഥയാക്കിയത് 42 വർഷം മുമ്പുള്ള റെക്കോഡാണ്. 1976ൽ മോൺട്രിയോൾ ഒളിമ്പിക്സിൽ ശ്രീറാം സിങ് സ്ഥാപിച്ച റെക്കോഡാണ് ജിൻസെൻറ വേഗത്തിന് മുന്നിൽ വഴിമാറിയത്. ഏഷ്യാഡിലെ സ്വപ്നതുല്യ നേട്ടത്തിനും നിരവധി റെക്കോഡുകൾ തകർത്തുള്ള മുന്നേറ്റത്തിനും തെൻറ നിലവിലെ പരിശീലകൻ ആർ.എസ്. ഭാട്യയോടാണ് ജിൻസൺ നന്ദി പറയുന്നത്. ലഖ്നോ സ്വദേശിയായ അദ്ദേഹം ഒരു വർഷം മുമ്പാണ് പരിശീലകനായി ചുമതലയേറ്റത്.
ഒരാഴ്ചക്കിടെ രണ്ട് അന്താരാഷ്ട്ര മത്സരം
ആഗസ്റ്റ് 30ന് ഏഷ്യാഡ് കഴിഞ്ഞ് ഇരട്ട മെഡലുമായി ജിൻസൺ മടങ്ങിയത് നാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങാനായിരുന്നില്ല. ചെക്ക് റിപ്പബ്ലിക്കിലേക്കായിരുന്നു. സെപ്റ്റംബർ എട്ട് മുതൽ അവിടെ നടക്കുന്ന കോണ്ടിനൻറൽ കപ്പ് അത്ലറ്റിക്സിൽ പങ്കെടുക്കാൻ. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക വൻകരകളിലുള്ള മികച്ച താരങ്ങളുമായി മത്സരിച്ചപ്പോൾ ആദ്യ മൂന്നിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും 800 മീറ്ററിൽ ഏഴാമതായും 1500 മീറ്ററിൽ ആറാമതായും ഫിനിഷ് ചെയ്യാനായി. വിശ്രമം ലഭിക്കാതെ ഒരാഴ്ചക്കിടെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇൗ താരം പെങ്കടുത്തത്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഒട്ടുമിക്ക താരങ്ങളും ഈ ചാമ്പ്യൻഷിപ്പിലും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരം വളരെ വലിയ അനുഭവമാണ് തന്നതെന്ന് ജിൻസെൻറ സാക്ഷ്യം.
അർജുന അപ്പച്ചനും അമ്മക്കും
രാജ്യത്തെ വലിയൊരു കായിക ബഹുമതി ജിൻസനെ തേടിയെത്തുമ്പോൾ ജിൻസൺ വിനയാന്വിതനാവുകയാണ്. ‘‘ഈ അവാർഡ് എെൻറ അപ്പച്ചനും അമ്മക്കും സമർപ്പിക്കുകയാണ്, അവർ സഹിച്ച ത്യാഗമാണ് എന്നെ ഇന്നിവിടെ വരെ എത്തിച്ചത്’’. ക്രിസ്ത്യാനിയായ ജോൺസൺ ഹിന്ദു സമുദായത്തിലുള്ള ശൈലജയെ വിവാഹം കഴിച്ചപ്പോൾ, ആദ്യം കുടുംബങ്ങളിൽനിന്ന് എതിർപ്പുണ്ടായിരുന്നു. എന്നാൽ, അവരുടെ ജീവിതരീതി കണ്ട് ആ എതിർപ്പുകൾ അലിഞ്ഞില്ലാതായി. ജോൺസൺ അദ്ദേഹത്തിെൻറ മതചിട്ടക്കനുസരിച്ച് ജീവിക്കുമ്പോൾ ശൈലജ അവരുടെ മതാചാരപ്രകാരം ജീവിക്കുന്നു. മക്കളായ ജിൻസണും ജിതാരയും രണ്ട് മതത്തിലും വിശ്വസിച്ച് ജീവിക്കുന്നു. അതുകൊണ്ട് ഈ വീട്ടിൽ ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല, ക്രിസ്തുമസും ഓണവും എല്ലാം ഇവർക്ക് ആഘോഷമാണ്. കഠിനാധ്വാനിയായിരുന്ന ജോൺസൺ മെയ്സ്തിരി ആയിരുന്നു. ആദ്യകാലത്ത് ജിൻസണ് പരിശീലനത്തിനും മറ്റുമായി വലിയ തുക ചെലവ് വരുമായിരുന്നു. അതെല്ലാം ഈ അച്ഛൻതന്നെ ഉണ്ടാക്കിക്കൊടുത്തതാണ്. മൂത്തമകൾ ജിതാരയെ നല്ല നിലയിൽ പഠിപ്പിച്ചു. ഇപ്പോൾ അവർ ഭർത്താവ് വരുണുമൊത്ത് ചെന്നൈയിൽ സ്ഥിരതാമസമാണ്. ചിന്തൂട്ടനെ ലോകമറിയുന്ന കായിക താരമാക്കാനുള്ള പരിശീലനം ഏറ്റവും ആദ്യം നൽകിയത് അവെൻറ അമ്മയാണെന്ന് പറയാം. യു.പി സ്കൂൾ മുതൽ കാലത്ത് എഴുന്നേൽപിച്ച് അവർ ഓടിക്കുമായിരുന്നു. ആ ഓട്ടമാണ് ഇന്ന് ജകാർത്തയിൽ എത്തിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.