കളിക്കാരോട് കാര്യങ്ങൾ ചോദിച്ച് ഫിസ താരമായി
text_fieldsമലപ്പുറം: കഴിഞ്ഞ ദിവസം ഫിസ ഫാത്തിമയുടെ പിതാവിൻറെ ഫോണിലേക്ക് ഒരു വീഡിയോ വന്നു. അതിൽ ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയൻ സംസാരിക്കുകയാണ്. ‘ഹായ് ഫിസ മോളേ വിജയൻ അങ്കിളാണ്. മോള് ഇൻറർവ്യൂ ചെയ്യുന്നത് നല്ല രസായിണ്ട്. ഈ ലോക്ക് ഡൗൺകാലത്ത് ഇവരോടൊക്കെ അനുഭവങ്ങൾ ചോദിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. മോൾക്കതിനുള്ള കഴിവുണ്ടെന്ന് ഞാൻ മുമ്പെ മനസ്സിലാക്കിയതാണ്.’-ജന്മദിനത്തിലാണ് യാദൃശ്ചികമായി ആ മെസ്സേജ് വന്നതെന്നതിനാൽ കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ പിറന്നാൾ സമ്മാനമായെന്ന് അഞ്ചാം ക്ലാസുകാരി. ഫുട്ബാൾ സംഘാടകനായ മണ്ണാർക്കാട് അരിയൂർ ‘സോക്കർ വില്ല’യിൽ അമീർ ബാബുവിൻറെയും തസ്നിയുടെയും മകളാണ് ഫിസ.
വീഡിയോ ഇൻറർവ്യൂ ചെയ്തത് ചില്ലറക്കാരെയല്ല. അന്താരാഷ്ട്ര ഫുട്ബാൾ താരങ്ങളായിരുന്ന എൻ.പി പ്രദീപ്, മുഹമ്മദ് റാഫി, അബ്ദുൽ ഹക്കീം, എം. സുരേഷ്, ദേശീയ തലത്തിൽ മിന്നിത്തിളങ്ങിയ ആസിഫ് സഹീർ, ലയണൽ തോമസ്, കെ. ബിനീഷ് തുടങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയണിഞ്ഞ ആദ്യ കേരള താരം ടിനു യോഹന്നാൻ വരെയുണ്ട്. കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂൾ വിദ്യാർഥിനിയാണ് ഫിസ. ഈ മിടുക്കിയുടെ അവതരണം മുതിർന്നവരെ വെല്ലുന്ന തലത്തിൽ അനായാസവും ആകർഷണീയവുമാണ്. പത്ര ഏജൻറ് കൂടിയായ അമീർ ബാബുവിന് കേരളത്തിലെ മിക്ക കായിക താരങ്ങളുമായും അടുത്ത സൗഹൃദമുണ്ട്. പലരും വീട്ടിൽ വരാറുള്ളതിനാൽ നേരിട്ട് പരിചയപ്പെടാനും ഫിസക്ക് അവസരം കിട്ടി. ഐ.എം വിജയനൊപ്പം ചെയ്ത ടിക് ടോക്ക് വൈറലായിരുന്നു.
സ്കൂളിലെ പ്രധാനാധ്യാപകൻ മോഹനൻ മാഷിൻറെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനം നല്ലോണമുണ്ടെന്ന് ഫിസ. മുൻ അന്താരാഷ്ട്ര താരം സുരേഷ് തന്നെ ഫിസ ഇൻറർവ്യൂ ചെയ്യുന്ന വീഡിയോ വിജയന് അയച്ചുകൊടുത്തിരുന്നു. ഇതിൽ ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും വിഷമം തോന്നിയ രംഗമായി സുരേഷ് പറഞ്ഞത്, അവസാന മത്സരം കഴിഞ്ഞ് കരക്ക് കയറിയ ഐ.എം വിജയൻ ജഴ്സിയിൽ മുഖമമർത്തി പൊട്ടിക്കരയുന്നതായിരുന്നു. പ്രതികരണമായാണ് ഫിസക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് അഭിനന്ദന വീഡിയോ ലഭിച്ചത്. അനസ് എടത്തൊടിക, സി.കെ വിനീത്, സഹൽ അബ്ദുസ്സമദ്, ജോബി ജസ്റ്റിൻ, സുഷാന്ത് മാത്യു, വി.പി സുഹൈർ എന്നിവരെയും വീഡിയോ ഇൻറർവ്യൂ ചെയ്യാൻ ഒരുങ്ങുകയാണ്. സഹോദരിയെ മാതൃകയാക്കി നാല് വയസ്സുകാരൻ ഫയാസ് അഹമ്മദും താരങ്ങളോട് ചോദ്യങ്ങളുന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.