ക്രൊയേഷ്യയെക്കുറിച്ച് ഇത്ര കൂടി
text_fieldsആവേശഭരിതമായ ഒരു ഫുട്ബോൾ ഫൈനലിനു വേണ്ടി കാത്തിരിക്കുന്ന ഈ നിമിഷങ്ങളിൽ ചില ക്രൊയേഷ്യൻ വിശേഷങ്ങൾ പറയാം. ക്രൊയേഷ്യയുടെ നാണയം ക്യൂന. എന്നു വെച്ചാൽ അന്നാട്ടിലെ ഒരു തരം കീരി പോലുള്ള മൃഗം. വളരെ പണ്ടുകാലത്ത് ഇതിെൻറ രോമത്തോലായിരുന്നു കച്ചവടത്തിന് നാണയത്തിെൻറ സ്ഥാനത്ത് ഉപയോഗിച്ചിരുന്നതത്രെ. ഒരു മൃഗത്തിന്റെ പേരിലുള്ള മറ്റൊരു നാണയം ലോകത്തിലുണ്ടെന്നു തോന്നുന്നില്ല. അങ്ങനെയൊരു പ്രത്യേകത ക്രൊയേഷ്യക്ക് അവകാശപ്പെട്ടത്.
ഇന്ന് ആധുനികമനുഷ്യൻ പ്രത്യേകിച്ച് പാശ്ചാത്യർ കഴുത്തിൽ കുടുക്കിക്കെട്ടുന്ന ടൈയുടെ ഉത്ഭവം ക്രൊയേഷ്യയിൽ നിന്നാണെന്നറിയാമോ? ഫ്രഞ്ചു ചക്രവർത്തി ലൂയി പതിമൂന്നാമെൻറ കീഴിൽ ക്രൊയേഷ്യക്കാരായ കൂലിപ്പട്ടാളക്കാരുണ്ടായിരുന്നു. ക്രൊയേഷ്യൻ ഹുസ്സാർസ് എന്നാണവരെ വിളിച്ചിരുന്നത്. പിന്നീടവർ റോയൽ ക്രവാറ്റുകൾ എന്ന പേരിലറിയപ്പെട്ടു.
ഇവരുടെ വേഷത്തിൽ ഒരു വർണ്ണത്തൂവാല കഴുത്തിൽ കെട്ടിയിടുന്ന ഏർപ്പാടുണ്ടായിരുന്നു. ക്രൊയേഷ്യക്കാരുടെ ഒരു രീതിയായിരുന്നു അത്. അതിെൻറ വിവിധ രൂപാന്തരങ്ങൾ ഇന്നത്തെ ടൈയിൽ എത്തി നിൽക്കുന്നു. ഈ ടൈയ്ക്ക് ഇപ്പോഴും ഫ്രഞ്ചിൽ ക്രവാറ്റ് എന്നാണ് പറയുക. എന്നു വെച്ചാൽ ക്രൊയേഷ്യക്കാരൻ എന്നർത്ഥം.
പാരഷൂട്ടിെൻറ കണ്ടുപിടുത്തവും ഒരു ക്രൊയേഷ്യക്കാരനിലൂടെയായിരുന്നു. ലിയനാർദോ ദാവിഞ്ചി ആദ്യമായി വരച്ചിട്ട പാരഷൂട്ട് സങ്കല്പത്തിൽ ആവേശം പൂണ്ട് ഫോസ്റ്റോ വരെൻസിയോ എന്ന ക്രൊയേഷ്യൻ പണ്ഡിതൻ 16-ാം നൂറ്റാണ്ടിൽ പാരഷൂട്ട് ഡിസൈൻ ചെയ്തു. അദ്ദേഹം അതുപോലൊന്നുണ്ടാക്കി ഒരു പാലത്തിൽ നിന്ന് ചാടി പരീക്ഷിച്ചുകാണിക്കുകയുമുണ്ടായത്രെ. വേണ്ടത്ര തെളിവുകൾ ആ ചാട്ടത്തിനില്ലെങ്കിലും, പാരഷൂട്ടിെൻറ ക്രെഡിറ്റ് ക്രൊയേഷ്യക്ക് തന്നെ.
ഇനി ഒരു മിടുക്കൻ ക്രൊയേഷ്യക്കാരനെക്കുറിച്ചു കൂടി പറയാം. ഇവാൻ വൂകിച്ച് എന്നു പേർ. ആളൊരു കപ്പിത്താൻ. റിയേക്ക എന്ന തീരദേശനഗരത്തിലായിരുന്നു ജീവിതം.കടലിലിനടിയിലൂടെ ചീറിപ്പാഞ്ഞ് ലക്ഷ്യസ്ഥാനത്ത് വെച്ച് പൊട്ടിത്തെറിക്കുന്ന ഒരു മാരകസാമഗ്രി ഇദ്ദേഹം 1860 ൽ കണ്ടുപിടിച്ചു. ഇതായിരുന്നു ആദ്യത്തെ ടോർപ്പിഡോ. അങ്ങനെ അതിലും ഒരു ക്രൊയേഷ്യൻ മുദ്ര. ഇനിയത് ഇരുപത്തൊന്നാം ഫീഫ കപ്പിലും പതിയുമോ? കാത്തിരുന്നു കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.