'ഏക പ്രതീക്ഷ, അവനെ പന്തുകളിക്കാരനാക്കണം'; മകനെ പ്രാക്ടീസിന് സഹായിക്കുന്ന ഉമ്മയുെട കഥ VIDEO
text_fieldsമലപ്പുറം: ഫുട്ബാൾ പ്രാക്ടീസ് ചെയ്യാൻ മകനെ ഉമ്മ സഹായിക്കുന്ന വീഡിയോയിലെ 'താര'ങ്ങളെത്തേടി വേങ്ങര അച്ചനമ്പലത്തെത്തിയപ്പോൾ കെട്ടഴിഞ്ഞത് നൊമ്പരപ്പെടുത്തുന്ന ഒരുപിടി കഥകൾ. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കിടപ്പാടവും വിൽക്കേണ്ടി വന്ന കുടുംബത്തിൻറെ ഏക പ്രതീക്ഷ 17 വയസ്സുകാരനായ ആൺതരിയിൽ. അവനാവട്ടെ വലിയൊരു പന്ത് കളിക്കാരനാവണമെന്ന് ആഗ്രഹം.
ഫുട്ബാൾ കമ്പക്കാരായ സഹോദരങ്ങളെ കണ്ട് വളർന്ന ഹാജറയുടെ പ്രിയതമനും ഫുട്ബാളറായിരുന്നു. ഇവർ മകൻ സഹദിനെ പ്രാക്ടീസിന് സഹായിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ഉമ്മക്കൊപ്പമാണ് കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ സഹദിൻറെ പരിശീലനം. ചെറുപ്പത്തിൽ മകനെ മൈതാനങ്ങളിൽക്കൊണ്ടുപോയി കളി കാണിച്ചിരുന്നതും ഹാജറയാണ്.
അച്ചനമ്പലം പെരണ്ടക്കൽ ചുക്കൻ അബൂബക്കർ സിദ്ദീഖിൻറെ നാല് മക്കളിൽ ഇളയവനാണ് സഹദ്. മൂത്തവർ മൂന്ന് പേരും പെൺമക്കൾ. കൂലിപ്പണിക്കാരനായ സിദ്ദീഖ് ഇവരെ വിവാഹം കഴിപ്പിച്ചയക്കാൻ ഏറെ കഷ്ടപ്പെട്ടു. വാടക ക്വാട്ടേഴ്സിൽ ജീവിക്കെ ഉള്ള സമ്പാദ്യം സ്വരുക്കൂട്ടിയും കടം വാങ്ങിയുമാണ് ചെള്ളിവളപ്പിലെ ആറ് സെൻറും വീടും സ്വന്തമാക്കിയത്. ആറ് വർഷം മാത്രമേ ഇവിടെ കഴിയാനുള്ളൂ. രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞപ്പോൾ കടംകയറി എല്ലാം വിറ്റു. വീണ്ടും വാടകവീട്ടിലേക്ക്. സ്കൂൾ ടീമിലെ മിഡ്ഫീൽഡറായ സഹദ് സ്കോർലൈൻ എഫ്.സിയുടെയും താരമാണ്. കൈവിട്ട ജീവിതം അവനിലൂടെ തിരിച്ചുപിടിക്കുന്നത് സ്വപ്നം കാണുകയാണ് സിദ്ദീഖും ഹാജറയും.
സഹദിൻറെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കുമ്പോൾ, വിശ്രമമില്ലാത്ത വീട്ട് ജോലികൾക്കിടയിലും പന്ത് തട്ടിക്കൊടുത്തും ഹെഡ് ചെയ്തും പരിശീലനത്തിന് സഹായിക്കുമ്പോൾ ഒരുനാൾ മകൻ നാടറിയുന്ന ഫുട്ബാളറാവട്ടെയെന്ന് ഹാജറ പ്രാർഥിക്കുന്നു. അച്ചനമ്പലത്തെ പീപ്പിൾസ്, ജൂബിലി തുടങ്ങിയ ടീമുകൾക്ക് വേണ്ടി ഐ.എം വിജയനെപ്പോലെ വിഖ്യാതർക്കൊപ്പം പന്ത് തട്ടിയയാളാണ് സിദ്ദീഖ്. കൂലിപ്പണിയാണ് പക്ഷെ കാലം ഇദ്ദേഹത്തിന് കാത്തുവെച്ചത്. സ്വന്തമായൊരു വീടും സ്ഥലവും, അത് മാത്രമാണ് സഹദിൻറെ ജീവിതാഭിലാഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.