വിയ്യാ റയലില്‍ ആഷിഖിന് നക്ഷത്രത്തിളക്കം
text_fieldsമലപ്പുറം: ലാ ലീഗയുടെ മുറ്റത്ത് പന്ത് തട്ടാന്‍ പോയ മലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയന്‍ സ്പെയിനിലെ ക്രിസ്മസ് കാഴ്ചകള്‍ കൗതുകത്തോടെ ചുറ്റിനടന്ന് കാണുന്ന തിരക്കിലാണ്. വിയ്യാ റയലില്‍ ട്രയല്‍സ് കം ട്രെയിനിങ്ങിലുള്ള ആഷിഖിന് അവധി പ്രമാണിച്ച് ഒരാഴ്ച പരിശീലനമൊന്നുമില്ല. ഇടക്ക് പുതിയൊരു നിയോഗമുണ്ടായി. നൈജീരിയന്‍ ക്ളബായ റിവേഴ്സ് യുനൈറ്റഡ് എഫ്.സിയുമായി നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ വിയ്യാ റയല്‍ സി ടീമിനെ നയിച്ചത് ആഷിഖായിരുന്നു.
തിങ്കളാഴ്ചയാണ് റിവേഴ്സും ആഷിഖിന്‍െറ നേതൃത്വത്തില്‍ വിയ്യാ റയലും മൈതാനത്തിറങ്ങിയത്. മത്സരം 3-3ന് സമനിലയില്‍ പിരിഞ്ഞു. മികച്ച പ്രകടനം നടത്താനായതിന്‍െറ സന്തോഷവുമായാണ് ആഷിഖ് കളം വിട്ടത്. മൂന്നാഴ്ച മുമ്പ് നടന്ന റോദ-വിയ്യാ റയല്‍ മത്സരത്തില്‍ റോദക്ക് വേണ്ടി ഇറങ്ങി ഗോള്‍ നേടിയായിരുന്നു സ്പെയിനില്‍ ആഷിഖിന്‍െറ അരങ്ങേറ്റം. ഇവിടെ എത്തിയിട്ട് ഒരു മാസം പിന്നിട്ടു. ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് ആഷിഖ് പറയുന്നു. വിയ്യാ റയലിന്‍െറ ബ്രസീലിയന്‍ സൂപ്പര്‍ താരം അലക്സാന്‍ഡ്രേ പാറ്റോ ഉള്‍പ്പെടെയുള്ളവരുടെ പരിശീലനം കണ്ടു.
വിയ്യാ റയല്‍ അക്കാദമിയില്‍ ആഷിഖിന്‍െറ സഹതാരങ്ങളെല്ലാം തദ്ദേശീയരാണ്. ഇവരെ സാക്ഷിയാക്കിയാണ് മാനേജ്മെന്‍റ് ക്യാപ്റ്റന്‍സി ടീമിലെ ഏക വിദേശ കളിക്കാരനെ ഏല്‍പ്പിച്ചത്. മറ്റുള്ളവര്‍ സംസാരിക്കുന്നത് സ്പാനിഷാണെങ്കിലും ഫുട്ബാളെന്ന ആഗോള മാധ്യമത്തിന് ഭാഷ പ്രശ്നമേയല്ളെന്ന പക്ഷക്കാരനാണ് ആഷിഖ്. അവര്‍ വാമോസ് കപ്പിത്താന്‍ എന്ന് ആര്‍ത്തുവിളിക്കുന്നത് കമോണ്‍ ക്യാപ്റ്റനെന്നാണ്. ഇത് മനസ്സിലാവാന്‍ സ്പാനിഷ് പഠിക്കേണ്ട കാര്യമൊന്നുമില്ളെന്ന് 20കാരന്‍ പറയുന്നു.
വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഫെലിസ് നവീദാദ് (ക്രിസ്മസ് ആശംസകള്‍) എന്ന സന്ദേശങ്ങള്‍ നിറയുകയാണ്. ഒരു മാസത്തോളമായി ആഘോഷം തുടങ്ങിയിട്ട്. ജീവിതത്തില്‍ ഇന്നോളം കേട്ടിട്ട് പോലുമില്ലാത്ത ഭക്ഷണങ്ങളുടെ രുചിയറിഞ്ഞു. ഞായറാഴ്ച ക്രിസ്മസ് നാളില്‍ പുറത്തുപോവാനാണ് പരിപാടി. വിയ്യാ റയലുകാരുടെ ആരവങ്ങളില്‍ മലപ്പുറത്തിന്‍െറയും കേരളത്തിന്‍െറയും ഇന്ത്യയുടെയും പ്രതിനിധിയായി പങ്കുചേരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.