മരുക്കാറ്റിലെ കളിചൊറുക്ക്
text_fieldsഅൽഐൻ എയർപോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു പയ്യന്നൂർ കവ്വായിക്കാരൻ അബ്ദുസ്സമദ്. മൂന്നു പതിറ്റാണ്ട് മുമ്പ് വിവാ ഹം കഴിഞ്ഞ് മധുവിധു നാളിൽത്തന്നെ ഭാര്യ സുഹറയുമായി അദ്ദേഹം അറബ് നാട്ടിലേക്ക് പറന്നു. സകുടുംബം സന്തോഷത്തോടെ ജീവ ിക്കവെ പുതിയ അംഗങ്ങൾ വന്നുതുടങ്ങി. ആദ്യത്തെ മൂന്നുപേരും ആൺമക്കൾ. ഒരാൾ കൂടി വരാനിരിക്കുന്നുവെന്നറിഞ്ഞപ്പോൾ പെ ൺകുഞ്ഞാവട്ടെയെന്ന് ആഗ്രഹിച്ച ബന്ധുക്കളുണ്ടായിരുന്നു. എന്നാൽ, ആണായാലും പെണ്ണായാലും നല്ല കുട്ടിയായിത്തീരണമെന ്ന് മാത്രമായിരുന്നു സമദിെൻറയും സുഹറയുടെയും പ്രാർഥന.
1997 ഏപ്രിൽ ഒന്നിന് അൽഐനിലെ ജിമി ആശുപത്രിയിൽ ഇവർക്ക് നാലാമതൊരു കുഞ്ഞുപിറന്നു. ഹാഫിസിനും ഫാസിലിനും സുഹാഫിനും അനിയനായി നക്ഷത്രക്കണ്ണുകളും ചേലുള്ള ചിരിയുമൊക്കെയു ള്ളൊരു രാജകുമാരൻ. മാതാപിതാക്കൾക്കും േജ്യഷ്ഠന്മാർക്കുമൊപ്പം അൽ ഐനിൽ അവൻ വളർന്നു. പിന്നെ വലിയ പന്തുകളിക്ക ാരനായി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ. പുൽമൈതാനങ്ങൾ തേടിപ്പോവാതെ വീട്ടുമുറ്റത്തും പാർക്കിങ് ഗ്രൗണ്ടുകളിലും പന്തുതട്ടിയ സഹൽ അബ്ദുസ്സമദ് അന്ന് സ്വപ്നം കാണുകപോലും ചെയ്യാത്ത വഴികളിലൂടെ സഞ്ചരി ച്ച് ഇന്ത്യയുടെ കളിക്കുപ്പായത്തിലെത്തിയ കഥ പറയുന്നു...
അൽഐനിലെ പാർക്കിങ് ബോയ്
യു.എ.ഇയിലെ വെള്ളിയാഴ്ചകൾ ഫുട്ബാളിന് കൂടി അവകാശപ്പെട്ടതാണ്. അവധിദിനത്തിൽ കുടുംബസമേതം പുറത്തുപോവാൻ മാത്രമല്ല, കൂട്ടുകാർക്കൊപ്പം പന്തു തട്ടാനും യുവാക്കളും കുട്ടികളും സമയം ചെലവഴിക്കുന്നവരുണ്ട്. വെള്ളിയാഴ്ച രാവിലെയും വൈകുന്നേരങ്ങളിലും ടൂർണമെൻറുകളുണ്ടാവും. സെവൻസാണ് കളിക്കുക. എനിക്ക് ഓർമവെച്ച നാൾ തൊട്ട് രണ്ടാമത്തെ ജ്യേഷ്ഠൻ ഫാസിൽ, അൽഐനിലെ ജി സെവൻ ടീം അംഗമാണ്. കളിയുണ്ടെന്നറിഞ്ഞാൽ കൂടെ പോവാൻ ഞാനും ശാഠ്യം പിടിക്കും. ഫാസിൽക്കക്ക് പക്ഷേ, കൊണ്ടുപോവാൻ കഴിയാറില്ല. പിന്നെ ഉപ്പയെ സമീപിക്കും. കൈപിടിച്ച് മൈതാനങ്ങളിൽ കൊണ്ടുപോയി കളി കാട്ടിത്തന്ന, എങ്ങനെയാണ് പന്ത് തട്ടേണ്ടതെന്ന് കാണിച്ചും പറഞ്ഞും തന്ന ഉപ്പാവു തന്നെയാണ് ജീവിതത്തിലെ ആദ്യ കോച്ച്.
അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലായിരുന്നു എെൻറ വിദ്യാഭ്യാസം. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ജൂനിയർ ടീം അംഗമായി. ജിതേഷ് എന്നായിരുന്നു പരിശീലകെൻറ പേര്. വലുതാവുന്നതിന് അനുസരിച്ച് എന്നിലെ ഫുട്ബാൾ മോഹങ്ങളിലും കാറ്റുനിറഞ്ഞു. ജി സെവനിൽ കളി തുടങ്ങി. ജി സെവനിൽ ഫാസിൽക്കയുടെ സഹതാരമായിരുന്നു രിഷാം. അദ്ദേഹം അബൂദബി അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബാൾ കോച്ചുമായിരുന്നു. രിഷാമാണ് എനിക്ക് ഇത്തിഹാദ് അക്കാദമിയെ പരിചയപ്പെടുത്തിത്തന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന ഞാൻ ഉപ്പയുടെയും ഇക്കാക്കമാരുടെയും അനുഗ്രഹാശിസ്സുകളോടെ ഇത്തിഹാദിൽ ചേർന്ന് പരിശീലനം തുടങ്ങി. പ്ലസ് ടു കഴിയും വരെ അവിടെ തുടർന്നു.
ഗ്രൗണ്ടുകളുണ്ടായിരുന്നെങ്കിലും തെരുവ് ഫുട്ബാളിനോടായിരുന്നു ചെറുപ്പത്തിൽ പ്രിയം. പാർക്കിങ് സ്ഥലങ്ങളും ഫ്ലാറ്റ് മുറ്റവുമെല്ലാം ഞങ്ങൾ കാൽക്കീഴിലാക്കി. അധികവും പാർക്കിങ് ഗ്രൗണ്ടിലാവും കളി. പാർക്കിങ് ബോയ്സ് എന്ന് ഞങ്ങൾ സ്വയം വിളിച്ചുപോന്നു. പല രാജ്യങ്ങളിലെയും കുട്ടികൾ ചേർന്നൊരു ഇൻറർനാഷനൽ ടീം. പന്ത് റോഡിലേക്ക് പോയി വാഹനങ്ങൾക്കടിയിൽപ്പെട്ട് കേടുവരും പലപ്പോഴും. ഫ്ലാറ്റിലേക്കോ ഷോപ്പിലേക്കോ പറന്നാൽ എടുക്കാൻ പ്രയാസമാവും കശപിശയുണ്ടാവും. ഒരു ദിർഹം ചാർജ് കൊടുത്ത് ബസിൽ കയറി കുറച്ചകലേക്കും ഞങ്ങൾ പോവും. അവിടത്തെ ടീമുമായി മാച്ച് പാർക്കിങ് ഗ്രൗണ്ടിൽത്തന്നെ. കളിയെക്കാൾ ആവേശവും താൽപര്യവുമുള്ളൊരു സംഗതിയുണ്ടായിരുന്നു, ഫുഡടി. ഭക്ഷണം കഴിഞ്ഞിട്ടേ ഞങ്ങൾക്ക് എന്തുമുള്ളൂ എന്നതായിരുന്നു അവസ്ഥ. കളിക്ക് പോലും രണ്ടാം സ്ഥാനം.
രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30വരെ വരെയാണ് ക്ലാസ്. വൈകുന്നേരം വീട്ടിൽ ഉണ്ടാവില്ല. അപ്പോഴല്ല അവസരം കിട്ടുമ്പോഴെല്ലാം പുറത്തുചാടും. കൂട്ടുകാർക്കൊപ്പം കറങ്ങിനടക്കും. കൈയിൽ പന്തും കരുതും. ഒഴിഞ്ഞ സ്ഥലം കണ്ടാൽ കളി തുടങ്ങും. അന്നൊരുനാൾ സ്കൂളിലെ സ്പോർട്സ് ഡേ നടക്കുകയാണ്. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മഴ പെയ്തതിനാൽ ഫുട്ബാൾ ഉൾപ്പെടെ കളികൾ പിറ്റേദിവസത്തേക്ക് മാറ്റിവെച്ചു. പിന്നൊരു വരവായിരുന്നു സ്കൂൾ ഗ്രൗണ്ടിലേക്ക്. മരുഭൂമിയിൽ വല്ലപ്പോഴുമല്ലേ മഴ പെയ്യാറുള്ളൂ. പന്തെടുത്ത് ഇറങ്ങി കുറേ നേരം കളിച്ചു. ജീവിതത്തിലിന്നോളം അനുഭവിക്കാത്ത ആഹ്ലാദമുണ്ടായിരുന്നു ആ വൈകുന്നേരത്തിന്.
ഇന്ത്യക്കെതിരെ കളിക്കാൻ ഇന്ത്യയിൽ
ഇത്തിഹാദ് ടീമിൽ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കളിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പ് ഗോവയിൽ ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമുമായി സൗഹൃദ മത്സരമുണ്ടായിരുന്നു. എെൻറ സ്വന്തം രാജ്യത്തിനെതിരെ കളിക്കുമ്പോൾ ഏതൊരു താരത്തെയും പോലെ ഇന്ത്യയുടെ ജഴ്സി അന്നാദ്യമായി ഞാനും ആഗ്രഹിച്ചു. പക്ഷേ, അത് സ്വപ്നം കാണുന്നതിനും അപ്പുറത്താണെന്ന യാഥാർഥ്യം പെട്ടെന്നു തന്നെ ഉൾക്കൊണ്ടു. പ്ലസ് ടു കഴിഞ്ഞപ്പോൾ ഇനി എന്തെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. അൽഐനിൽത്തന്നെ തുടരനാണ് മനസ്സ് പറഞ്ഞത്. എെൻറ ആഗ്രഹത്തിന് വീട്ടുകാരും എതിരു നിന്നില്ല.
പക്ഷേ, ജ്യേഷ്ഠൻ ഫാസിലിെൻറ ഉപദേശമാണ് നിർണായക ഘട്ടത്തിൽ ജീവിതത്തിെൻറ ദിശമാറ്റിയത്. ഫുട്ബാൾ കരിയറായി തെരഞ്ഞെടുക്കാൻ മോഹമുണ്ടെങ്കിൽ നാട്ടിൽപോവുന്നതാണ് നല്ലതെന്ന് ഫാസിൽക്ക പറഞ്ഞു. കേരളത്തിൽ ഫുട്ബാളും പഠനവും ഒരുമിച്ചുകൊണ്ടുപോവാൻ കഴിയുമെന്ന് ഇക്ക പറഞ്ഞപ്പോൾ ഞാൻ ധർമസങ്കടത്തിലായി. ജനിച്ചതും വളർന്നതും കൂട്ടുകാരുമെല്ലാം അൽഐനിലാണ്. അവിടെ തുടർന്ന് പഠിച്ചൊരു ഫിസിയോ തെറപ്പിസ്റ്റായി ജോലി ചെയ്യാനായിരുന്നു തീരുമാനം. ഫാസിൽക്കയുടെ കാര്യം ഓർത്തു. സന്തോഷ് ട്രോഫിയെങ്കിലും കളിക്കാൻ കൊതിച്ച് നടക്കാതെ പോയി. ഞാനെങ്കിലും അറിയപ്പെടുന്നൊരു താരമാവണമെന്ന് അദ്ദേഹം ആഗ്രഹിച്ച് കാണണം. പ്രഫഷനൽ ഫുട്ബാളറാവണമെന്ന സ്വപ്നത്തിനുമേൽ ഗൾഫിലെ ജീവിതത്തോടും സൗഹൃദങ്ങളോടും യാത്ര പറഞ്ഞ് മനസ്സില്ലാമനസ്സോടെ ഞാൻ നാട്ടിലേക്ക് പറന്നു.
കോളജ് അഡ്മിഷെൻറ സമയം ഏറക്കുറെ അവസാനിച്ചിരുന്നു. മികച്ച ഫുട്ബാൾ ടീം ഉള്ള കോളജുകളിലൊന്നും പ്രവേശനം കിട്ടിയില്ല. തുടർന്ന് പിലാത്തറ സെൻറ് ജോസഫ്സ് കോളജിൽ ബി.ബി.എക്ക് ചേർന്നു. ഇൻറർ കൊളീജിയറ്റ് ഫുട്ബാളിൽ എസ്.എൻ കോളജുമായി മത്സരം നടക്കുകയാണ്. കളിയിൽ ഞാൻ ഗോളടിച്ചു. എസ്.എൻ കോളജ് കോച്ച് സിദ്ദീഖ് കല്യാശ്ശേരിയുടെ കണ്ണിൽപ്പെട്ടിരുന്നു ഞാൻ. കളി കഴിഞ്ഞ് അദ്ദേഹം അടുത്തുവന്നു സംസാരിച്ചു. കണ്ണൂർ സർവകലാശാല ടീം കോച്ച് കൂടിയായിരുന്ന സിദ്ദീഖ് സാർ എന്നെ എസ്.എൻ. കോളജിലേക്ക് ക്ഷണിച്ചു. അടുത്ത വർഷം സെക്കൻഡ് ഇയറിൽ ശ്രമിക്കാമെന്നും കിട്ടിയില്ലെങ്കിൽ ആദ്യം മുതൽ തുടങ്ങാമെന്നും അദ്ദേഹം ഉപദേശിച്ചു. യൂനിവേഴ്സിറ്റി ക്യാമ്പിലും ടീമിലും കിട്ടി. തുടർന്ന് ജില്ലാ അണ്ടർ 21 ടീമിലേക്ക്. പിറ്റേ വർഷം എസ്.എൻ. കോളജിൽ ഒന്നാം വർഷ വിദ്യാർഥിയായി ചേർന്നു. 2017ലെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് അണ്ടർ 21 താരങ്ങളെ വിളിച്ചിരുന്നു. വി.പി. ഷാജിയായിരുന്നു കോച്ച്. എനിക്ക് ടീമിൽ ഇടം ലഭിച്ചു. ഗോവയിലായിരുന്നു സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്. താമസിയാതെ കേരള ബ്ലാസ്റ്റേഴ്സിെൻറ റിസർവ് ടീമിലേക്ക്. ടീമിനുവേണ്ടി പത്തു മത്സരങ്ങളിൽ ഏഴ് ഗോൾ നേടി. ഇടക്ക് എസ്.ബി.ഐക്കു വേണ്ടി െഗസ്റ്റായും കേരള പ്രീമിയർ ലീഗ് കളിച്ചു.
സ്വപ്നങ്ങൾക്ക് മഞ്ഞയും നീലയും നിറം
നാലാം സീസണിൽ എ.ടി.കെക്കെതിരെയായിരുന്നു ഐ.എസ്.എൽ അരങ്ങേറ്റം. കോച്ച് ഡേവിഡ് ജയിംസാണ് എനിക്ക് അവസരം തന്നത്. 10 മിനിറ്റ് കളിച്ചു. പിന്നീട് ബംഗളൂരുവിനെതിരെയും കുറഞ്ഞ സമയം. അഞ്ചാം സീസണിൽ ഒരു മത്സരമൊഴിച്ച് എല്ലാറ്റിലും ഇറങ്ങി. ചെന്നൈയുമായുള്ള കളിയുടെ 71ാം മിനിറ്റിൽ കരിയറിലെ ആദ്യ ഐ.എസ്.എൽ ഗോളും. കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ആദ്യമായി ഇറങ്ങുമ്പോൾ പേടിയും ആകാംക്ഷയും നിറഞ്ഞ് പ്രത്യേകമൊരു അവസ്ഥയിലായിരുന്നു. ലക്ഷക്കണക്കിനുപേരാണ് മഞ്ഞപ്പടക്കായി കൈയടിക്കുന്നത്. അതിെൻറ താളത്തിൽ കളിക്കുക വിദേശ താരങ്ങളുടെ പോലും ആഗ്രഹമാണ്. പറഞ്ഞറിയിക്കാനാവാത്ത ഫീലായിരുന്നു അപ്പോൾ. പേടിയുണ്ടായിരുന്നല്ലേയെന്ന് കളി കഴിഞ്ഞപ്പോൾ എത്രയോപേർ നേരിട്ടും ഫോണിലൂടെയും ചോദിച്ചു. എെൻറ അവസ്ഥ സന്ദേശ് ജിങ്കാൻ ശരിക്കും മനസ്സിലാക്കിയിരുന്നു. ‘നീ ഇവിടെ എത്തിയത് നിെൻറ മാത്രം കഴിവ് കൊണ്ടാണെന്നും ആരെയും പേടിേക്കണ്ട, നിെൻറ കളി പുറത്തെടുക്കണം’ എന്നും ജിങ്കാൻ എല്ലാ സമയത്തും പറഞ്ഞുകൊണ്ടിരിക്കും.
സീനിയർ താരങ്ങൾ തെറ്റു തിരുത്തിത്തന്നു. അഞ്ചാം സീസണിൽ അനസ് എടത്തൊടികയും വന്നത് വ്യക്തിപരമായി വലിയ ഊർജം നൽകി. കോച്ച് ദേഷ്യം പിടിക്കുമ്പോൾ ഞാൻ അനസ്ക്കയോട് സങ്കടം പറയും. കളിയിൽ ഇതൊക്കെ പതിവാണെന്ന് അദ്ദേഹം ആശ്വസിപ്പിക്കും. 2018 ഡിസംബറിൽ എ.എഫ്.സി കപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് വിളിവരുമെന്ന് അനസ് എടത്തൊടിക എന്നോട് സൂചിപ്പിച്ചിരുന്നു. കിട്ടിയില്ലെങ്കിൽ നിരാശനാവരുതെന്നും അദ്ദേഹം ഉപദേശിച്ചു. ക്യാമ്പിലെത്തിയെങ്കിലും ഒൗട്ടായി. ക്യാമ്പിൽ കിട്ടിയ സന്തോഷത്തിൻറെ പതിന്മടങ്ങായിരുന്നു പുറത്തായപ്പോഴുള്ള സങ്കടം. എനിക്ക് കളി അറിയില്ലെന്നുപോലും തോന്നി. പിന്നെ പുതിയ കോച്ച് ഐഗോർ സ്റ്റിമാക്കിന് കീഴിൽ കിങ്സ് കപ്പ് ക്യാമ്പിലേക്ക്. ടീം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽനിന്ന് ഞാൻ മാത്രം. ജൂൺ അഞ്ചിന് കുറാകാവോക്കെതിരെയായിരുന്നു നീലക്കുപ്പായത്തിൽ അരങ്ങേറ്റം. ഇൻറർ കോണ്ടിനൻറൽ കപ്പിലും ഇന്ത്യക്കുവേണ്ടി കളിക്കാൻ കഴിഞ്ഞു. അനസ്ക്ക വിരമിക്കൽ തീരുമാനം മാറ്റി തിരിച്ചുവന്നതും സന്തോഷ് ട്രോഫി സഹതാരം ജോബി ജസ്റ്റിെൻറ അരങ്ങേറ്റവുമായിരുന്നു തോൽവികൾക്കിടയിലും സന്തോഷത്തിന് വക നൽകിയത്.
ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത സംഭവം ഏതെന്നു ചോദിച്ചാൽ ഇന്ത്യൻ ടീമിൽ കിട്ടിയതുതന്നെയെന്നു പറയാൻ രണ്ടാമതൊന്ന് ആലോചിക്കില്ല. കുറേ കാര്യങ്ങൾ ഇതിനകം പഠിച്ചു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഇനിയും പഠിക്കാനുണ്ട്. പടച്ചവനോടാണ് എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത്. യു.എ.ഇയിൽ എവിടെയെങ്കിലും ജോലിയും കൂലിയുമായി കൂടേണ്ട എന്നെ വേറൊരു ലോകത്തെത്തിച്ചു. ഇനിയും കഠിനാധ്വാനം ചെയ്ത് ടീമിൽ നിലനിൽക്കണം. കളിയിൽ ഒരുപാട് മെച്ചപ്പെടാനുണ്ടെന്നറിയാം. ഇന്ത്യൻ ഓസിൽ എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. കവ്വായി ഗ്രൗണ്ടാണ് ഇഷ്ട മൈതാനം. അവിടെ കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ 22 വയസ്സിലെത്തിയ ഞാൻ എല്ലാം മറന്ന് അവരെപ്പോലെയാവും. അർജൻറീനയും ബാഴ്സലോണയും ലയണൽ മെസ്സിയുമാണ് കളിയിലെ ഇഷ്ടങ്ങൾ.
ഡിഗ്രി ഒന്നാം വർഷ പരീക്ഷ മാത്രമേ എഴുതിയുള്ളൂ. കോഴ്സ് പൂർത്തിയാക്കണം. ഇടക്ക് രണ്ടു വർഷം ഞാൻ നാട്ടിൽ പഠിച്ചിട്ടുണ്ട്. പയ്യന്നൂർ ഐ.എസ്.ഡി സ്കൂളിലായിരുന്നു അഞ്ചും ആറും ക്ലാസുകൾ. ഏഴിലേക്ക് ജയിച്ചപ്പോൾ അൽഐനിലേക്ക് മടങ്ങി. അവധിക്കാലത്ത് കുടുംബവുമൊത്താണ് നാട്ടിൽ വന്നിരുന്നത്. ഇവിടെ ഗ്രേറ്റ് കവ്വായി ടീമിനു വേണ്ടി കളിക്കും. കുറേ നാൾ ഞാനായിരുന്നു ക്യാപ്റ്റൻ. കിലോമീറ്ററുകൾ നടന്നുപോയിട്ട് വരെ ടൂർണമെൻറ് കളിച്ചിട്ടുണ്ട്. ഉപ്പ ഗൾഫിലെ ജോലി ഉപേക്ഷിച്ച് 42 വർഷത്തിനുശേഷം കുടുംബത്തോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അനിയൻ സൽമാൻ നാട്ടിൽ പ്ലസ് ടു വിദ്യാർഥി. കുടുംബമാണ് ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം. വിഷമം വന്നാൽ പാട്ട് കേൾക്കും കിടന്നുറങ്ങും. യാത്ര പോവാൻ എപ്പോഴും ആഗ്രഹിക്കാറുണ്ട്. മഞ്ഞുവീഴുന്ന സ്ഥലങ്ങൾ കാണാൻ കാത്തിരിപ്പാണ്. പോവുമ്പോൾ കൈയിൽ ഒരു പന്തും കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.