ഗ്രൗണ്ടിൽ നിന്ന് റൂമിലെത്തിയാൽ തുടങ്ങും; ധോണിയുടെ പബ്ജി ഭ്രമം വെളിപ്പെടുത്തി ചാഹൽ
text_fieldsമുംബൈ: ഇന്ത്യയുടെ സ്പിൻ ബൗളർ യുസ്വേന്ദ്ര ചാഹൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും സജീവമായ ക്രിക്കറ്ററാണ്. താരത്തിെൻറ ടിക്ടോക് വിഡിയോകളും സഹതാരങ്ങളുമായുള്ള വിഡിയോ കോളുമെല്ലാം തന്നെ വൈറലാണ്. തെൻറ ടീമംഗങ്ങളുമായുള്ള തമാശകൾ ചിത്രങ്ങളായും വിഡിയോകളായും സ്ഥിരമായി പങ്കുവെക്കാറുള്ള ചാഹൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പബ്ജി ഭ്രമമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇ.എസ്.പി.എൻ ക്രിക്കിൻഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ ഇന്ത്യൻ ടീമിലെ പബ്ജി ഗെയിം അടിമകളെ കുറിച്ച് സംസാരിച്ചത്.
‘രണ്ടര വർഷത്തേളമായി ഞാൻ പബ്ജി കളിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഞാനതിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന് പറയാം. ദേശീയ ക്രിക്കറ്റ് അകാദമിയിൽ ആയിരുന്ന സമയത്ത് ഒരു രസത്തിന് കളിച്ചുതുടങ്ങിയതായിരുന്നു. നെറ്റ്ഫ്ലിക്സിൽ സിനിമകൾ കണ്ട് ബോറഡിച്ചതിനെ തുടർന്നായിരുന്നു പബ്ജി ഡൗൺലോഡ് ചെയ്തത്. സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ട് കളിക്കാം എന്നതാണ് പ്രധാനമായും പബ്ജിയിൽ എന്നെ ആകർശിച്ചത്.
തുടക്കത്തിൽ സുഹൃത്തുക്കളുമൊത്ത് കളിക്കാൻ ആരംഭിച്ചു. പിന്നീട് റിഷഭ് പന്ത്, രാഹുൽ ത്രിവേദി എന്നിവർ ഒാൺലൈനിൽ വന്നാൽ അവരുമായായി കളി. എന്നാൽ വിദേശ ടൂർണമെൻറുകൾക്ക് പോവുേമ്പാഴാണ് മഹി ഭായിയുമായി കളിക്കാൻ തുടങ്ങിയത്. അദ്ദേഹം വളരെ മികച്ച രീതിയിൽ പബ്ജി കളിക്കും. ഗ്രൗണ്ടിൽ നിന്ന് റൂമിലെത്തിയാൽ പ്രധാന പരിപാടി തന്നെ പബ്ജിയായിരുന്നു. മണിക്കൂറുകളോളമായിരുന്നു മഹി ഭായും ഞാനും ആ സമയത്ത് ഗെയിമിങ്ങിൽ മുഴുകിയിരുന്നത്. ഒറ്റയിരിപ്പിൽ തന്നെ മൂന്നും നാലും റൗണ്ടുകൾ വരെ കളിച്ചുകൊണ്ടിരിക്കും.
ലോക്ഡൗണിലും സമയം കളയാൻ പ്രധാനമായും ആശ്രയിക്കുന്നത് പബ്ജിയെയാണ്. ഒരു ദിവസം മൂന്നും നാലും മണിക്കൂർ അതിന് വേണ്ടി മാത്രമായിരിക്കും. -ചാഹൽ പറഞ്ഞു. ശിഖർ ധവാൻ, മുഹമ്മദ് ഷമി, കേദാർ ജാദവ് എന്നീ താരങ്ങളും തങ്ങളുടെ പബ്ജി ഭ്രമം വെളിപ്പെടുത്തിയിരുന്നു.
മാസങ്ങൾ നീണ്ട് പോകുന്ന ലോക്ഡൗണിൽ രാജ്യത്ത് ഏറ്റവും പ്രചാരം നേടിക്കൊണ്ടിരിക്കുന്നത് ഒാൺലൈൻ ഗെയിമിങ്ങും നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും പോലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമാണ്. സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും ഗണ്യമായി കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.