റയലിൻറെ വിജയം: കളിയിലെ എട്ട് കാര്യങ്ങൾ
text_fieldsകാർഡിഫ്: രാജകീയ സ്പെയിനിെൻറ അടയാളമാണ് റയൽ മഡ്രിഡ്. ചിഹ്നത്തിലെ രാജകിരീടവുമായി തൂവെള്ള നിറത്തിൽ പന്തുതട്ടുേമ്പാൾ അവരുടെ പ്രതാപത്തിന് നൂറ്റാണ്ടുകളുടെ തലയെടുപ്പ്. ഇൗ രാജകിരീടത്തിലേക്കൊരു പൊൻ തൂവൽകൂടി പിറന്നു. കാർഡിഫിലെ നാഷനൽ സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിൽ നീലക്കുപ്പായത്തിൽ കളംനിറഞ്ഞു കളിച്ച 11 ഭടന്മാരിലൂടെ പേരിെല പ്രതാപം റയൽ മഡ്രിഡ് നിലനിർത്തി. ലോക ക്ലബ് ഫുട്ബാളിലെ വമ്പൻ പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി രണ്ടാം വട്ടവും കിരീടമണിഞ്ഞ് റയൽ അനിഷേധ്യരായി. സാൻറിയാഗോ ബെർണബ്യൂവിലേക്കുള്ള 12ാം യൂറോപ്യൻ കിരീടം.
ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിൽ യുവൻറസിെൻറ ഇളകാത്ത വലയിലേക്ക് നാലു ഗോളുകൾ അടിച്ചുകയറ്റിയ റയൽ കിരീടനേട്ടത്തിന് സുവർണശോഭയേകി. സീസണിൽ 11 കളിയിൽ മൂന്നു ഗോൾ മാത്രം വഴങ്ങി ഫൈനലിൽ ബൂട്ടണിഞ്ഞ ഗിയാൻലൂയിജി ബഫണിെൻറ വലക്ക് കാർഡിഫിൽ വിശ്രമമില്ലാതെ പോയി.
പേരുകേട്ട ബി-ബി-സി പ്രതിരോധത്തിന് പിഴച്ചു, ബഫണിെൻറ മനവും ശരീരവും രണ്ടുവഴിക്കായി. ഇതോടെ, പന്തിറങ്ങാത്ത യുവൻറസ് വലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു വട്ടവും (20, 64 മിനിറ്റ്) കാസ്മിറോയും മാർകോ അസൻസിയോയും ഒാരോ ഗോളും നേടിയതോടെ റയലിെൻറ വിജയ തിരക്കഥ പൂർണമായി. 27ാം മിനിറ്റിൽ മരിയോ മാൻസുകിചിെൻറ കണ്ണഞ്ചിപ്പിക്കുന്ന ബൈസിക്കിൾ കിക്ക് ഗോളിലൂടെ യുവൻറസിന് ആശ്വാസം.
ഫൈനൽ ബ്ലാസ്റ്റ്
ഫൈനലുകൾ പലപ്പോഴും മുഷിപ്പിക്കുകയാണ് പതിവ്. പ്രത്യേകിച്ച് യൂറോപ്യൻ കിരീടം പോലൊരു വമ്പൻ പോരാട്ടത്തിൽ. പക്ഷേ, കാർഡിഫിലെ റയൽ-യുവൻറസ് കളിയുടെ ചിത്രം മറ്റൊന്നായിരുന്നു. ഇരുവരും തീകൊണ്ടായിരുന്നു കളിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ഗോളുകൾ, മനോഹരമായ നീക്കങ്ങൾ, ത്രില്ലർ ടാക്ലിങ്. ക്ലബിെൻറ ആരാധകർക്ക് മാത്രമല്ല, ഫുട്ബാളിനെ ഇഷ്ടപ്പെടുന്നവർക്കെല്ലാം അദ്ഭുതവിരുന്നായ പോരാട്ടം.
തന്ത്രങ്ങളെല്ലാം ക്രിസ്റ്റ്യാനോയിൽ
ക്രിസ്റ്റ്യാനോക്കു പിന്നാലെയായിരുന്നു റയലും യുവൻറസും. ഇടതു വിങ്ങിൽ നിന്ന് 15 മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ വലത്തേക്ക് മാറിയപ്പോൾ, യുവൻറസിെൻറ പ്രതിരോധവും മാറി. ബനൂച്ചിയും ബർസാഗ്ലിയും പോർചുഗൽ താരത്തിെൻറ ബൂട്ടുകൾ വരിഞ്ഞുമുറുക്കാനൊരുങ്ങിയപ്പോൾ മാഴ്സലോയും ഇസ്കോയും കൂടുതൽ സ്വതന്ത്രവുമായി.
യുഗപ്രഭാവൻ ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോക്കെതിരെ യുവൻറസിെൻറ തന്ത്രങ്ങൾ മുക്കാൽ പങ്കും വിജയം കണ്ടു. പക്ഷേ, അവർക്ക് വീഴ്ചപറ്റിയ കാൽ ശതമാനത്തിൽ സൂപ്പർ താരം രണ്ട് ഗോളടിച്ചിരുന്നു. 20ാം മിനിറ്റിൽ യുവൻറസ് മുന്നേറ്റം തകർന്നതിനു പിന്നാലെയെത്തിയ പന്തുമായി കുതിച്ച ക്രിസ്റ്റ്യാനോ ഡാനി കാർവയാലിന് നൽകി തിരിച്ചുവാങ്ങി വലയുടെ ഇടതു മൂലയിലേക്ക് അടിച്ചുകയറ്റി. 64ാം മിനിറ്റിൽ കളിമറന്ന യുവൻറസ് പ്രതിരോധത്തിനിടയിലൂടെ ക്രിസ്റ്റ്യാനോ വീണ്ടും സ്കോർ ചെയ്തു. മോദ്രിചിെൻറ ക്രോസ് േപാസ്റ്റിനുള്ളിലേക്ക് ഒാടിക്കയറിയ ബനൂചി-ചെല്ലിനി പ്രതിരോധത്തിനിടയിൽ വലയിലേക്ക്.
അവിശ്വസനീയം മാൻസുകിച്
ക്രിസ്റ്റ്യാനോ ഗോളിൽ പിന്നിലായ ശേഷം 27ാം മിനിറ്റിൽ മാൻസുകിച് സമ്മാനിച്ച ബൈസിക്കിൾ കിക്ക് ഗോൾ യുവൻറസിന് ആത്മവിശ്വാസം നിറക്കാൻ മാത്രം ശേഷിയുള്ളതായിരുന്നു. 2002 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനായി സിദാൻ നേടിയ ഫുൾ വോളി ഗോളിനെക്കാൾ മികച്ചതെന്ന് എതിരാളികളെക്കൊണ്ടും സമ്മതിപ്പിച്ച മാൻസുകിച് വിസ്മയം.
വറാനെ വെറുതെയായില്ല
റയൽ മഡ്രിഡ് പ്രതിരോധമെല്ലാം സെർജിയോ റാമോസാണ്. എതിർ ആക്രമണത്തിെൻറ മുനയൊടിച്ചും അവശ്യഘട്ടത്തിൽ ഗോളടിച്ചും നായകനാവുന്ന റാമോസ്. പക്ഷേ, യുവൻറസിനെതിരെ റഫേൽ വറാനെയാണ് താരമായത്. ഹിഗ്വെയ്നും മാൻസുകിചും ഭയപ്പാട് തീർത്ത ആദ്യ 20 മിനിറ്റിലെ വറാനെയുടെ സേവനം മാത്രം മതി ഇൗ ഫ്രഞ്ച് താരത്തെ താരമാക്കാൻ.
യുവൻറസിെൻറ നിർഭാഗ്യം
തോൽവിയിലും ഇറ്റാലിയൻ ‘ഒാൾഡ് ലേഡി’ ആരാധകരുടെ കൈയടി നേടി. മൂന്നു ഗോൾ മാത്രം വഴങ്ങി ഫൈനലിനെത്തിയവർക്ക് ദൗർഭാഗ്യത്തിെൻറ ദിനം കൂടിയായി. റയലിെൻറ നാലിൽ രണ്ടു ഗോളുകൾ ഡിഫ്ലക്ഷനായപ്പോൾ ബഫണിെൻറ ചോരാത്ത കൈകളുടെ സ്ഥാനം തെറ്റി. ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളും കാസ്മിറോയുടെ ഗോളും സ്വന്തം താരങ്ങളിൽ തട്ടിത്തിരിഞ്ഞത് ബഫണിെൻറ കണക്കുകൂട്ടൽ തെറ്റിച്ചു.
സല്യൂട്ട് സിദാൻ
താരപ്പടയെ ടീമാക്കി മാറ്റിയെടുത്ത സിദാെൻറ വിജയമാണ് ഇൗ കിരീടം. റഫ ബെനിറ്റസ് പരാജയപ്പെട്ടിടത്ത് തുടർച്ചയായി രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സിദാെൻറ പൊൻതൂവൽ. യുവൻറസിെൻറ പ്രതിരോധവീര്യവും ആക്രമണ മൂർച്ചയും അറിഞ്ഞ് കളിയൊരുക്കിയാണ് സിദാൻ ടീമിനെ സജ്ജമാക്കിയത്. ബെയ്ലിനെ ബെഞ്ചിലിരുത്തി ഇസ്കോയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. 4-3-1-2 ശൈലി.
ബഫൺ നിങ്ങൾ തോൽക്കുന്നില്ല
ചാമ്പ്യൻസ് ലീഗൊഴികെ എല്ലാ കിരീടവും ഗിയാൻലൂയിജി ബഫണിെൻറ കരിയറിന് അലങ്കരമായുണ്ട്. ലോകകപ്പ്, യൂറോ, സീരി ‘എ’ തുടങ്ങി എല്ലാം. എങ്കിലും ഒരു അപൂർണതയായി ചാമ്പ്യൻസ് ലീഗ് ഇക്കുറിയും ബാക്കിയാവുന്നു. അടുത്ത സീസണിൽ യുവൻറസ് ഫൈനലിലെത്തിയാലും 40ാം വയസ്സിൽ ബഫൺ ആ നിരയിലുണ്ടാവുമോ? കഴിഞ്ഞ ജനുവരിയിൽ 39ാം പിറന്നാൾ ആഘോഷിച്ച ബഫൺ ഇൗ ചോദ്യങ്ങൾക്ക് മനസ്സു തുറന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.