മനം നിറച്ച മാറക്കാന
text_fieldsമാറക്കാന... ആ പേരെഴുതിയ കൂറ്റൻ എടുപ്പ് നേരിൽ കണ്ട നിമിഷം...!! ഇന്നും മനസ്സിലുണ്ട്. എത്രയോ വായിച്ച, എഴുതിയ, ടെലിവിഷനിലും പത്ര-മാഗസിനുകളിലും കണ്ട വിഖ്യാത സ്റ്റേഡിയം ഇതാ കൺമുന്നിൽ. 2016 റിയോ ഒളിമ്പിക്സിെൻറ ഉദ്ഘാടന ചടങ്ങ് മാറക്കാനയിലായിരിക്കുമെന്ന് അറിഞ്ഞത് മുതലുള്ള കാത്തിരിപ്പായിരുന്നു. ആഗസ്റ്റ് അഞ്ച്. റിയോ ഡി ജനീറോ നഗരത്തിെൻറ ഒരു മൂലയിലുള്ള ഒളിമ്പിക് പാർക്കിലെ മെയിൻ പ്രസ് സെൻററിൽ നിന്നിറങ്ങി സംഘാടകരൊരുക്കിയ ബസിൽ കയറിയിരുന്നു.
വീതിയേറിയ പാതയിലൂടെ ബസ് കുതിച്ചു. ലാറ്റിനമേരിക്കയിലെ ആദ്യ സന്ദർശനത്തിലെ കൗതുക കാഴ്ചകൾക്കായി കണ്ണു തുറന്നുപിടിച്ചു. അരമണിക്കൂർ പിന്നിട്ടതോടെ ബസ് വീതി കുറഞ്ഞ പാതയിലേക്കിറങ്ങി. മരങ്ങൾ അതിരിട്ട നടപ്പാതയിലൂടെ ജനം കൂട്ടം കൂട്ടമായി പാട്ടും പാടി ഒഴുകുകയാണ്. ബസിെൻറ വേഗം കുറഞ്ഞു.
കേരളത്തിലെ ഏതൊരു ചെറുപട്ടണത്തിലെയും റോഡ് യാത്രപോലെതന്നെ. ഒരു പ്രധാന വ്യത്യാസം പാതയോരത്തെ കടകളിലെല്ലാം പ്രധാന കച്ചവടം ബിയർ ആണ്. പ്രായ ലിംഗഭേദമില്ലാതെ ബിയർ മോന്തിയാണ് ജനം നടന്നു നീങ്ങുന്നത്. സുരക്ഷാ പരിശോധനക്കായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ‘മാറക്കാന പ്രവേശനം’.
* * * * * *
സ്റ്റേഡിയത്തിലിരുന്ന ഓരോ നിമിഷവും മനസ്സിലൂടെ വിസ്മയ ചരിത്രത്തിെൻറ ഘോഷയാത്രയായിരുന്നു. മാറക്കാന സ്റ്റേഡിയം കടന്നുവരാത്ത കാൽപന്ത് ചരിതമുണ്ടോ.
ഫുട്ബാൾ ചക്രവർത്തി പെലെയുടെ ആയിരാമത്തെ ഗോൾ പിറന്ന പുൽമൈതാനം ഇതായിരുന്നു. 1969ൽ സാേൻറാസിനുവേണ്ടി നേടിയ പെനാൽറ്റി ഗോൾ. അതിനും നാലു വർഷം മുമ്പായിരുന്നു ‘കറുത്ത മുത്തി’െൻറ വിഖ്യാതമായ ബൈസിക്കിൾ ഗോൾകിക്ക് മാറക്കാനയെ കോരിത്തരിപ്പിച്ചത്.
1950 ജൂലൈ 16ന് ഫിഫ ലോകകപ്പിലെ ഫൈനൽ റൗണ്ട് മത്സരത്തിൽ രണ്ടു ലക്ഷത്തോളം ബ്രസീലുകാർ തിങ്ങിനിറഞ്ഞ് സ്വന്തം ടീമിെൻറ ആദ്യ ലോകകപ്പ് നേട്ടത്തിനായി ആർപ്പുവിളിച്ചത് ഇൗ ഗാലറിപ്പടവിലായിരുന്നില്ലേ. അവസാനം ഉറുഗ്വായ്യോട് തോറ്റ് കണ്ണീരൊലിപ്പിച്ചു നിന്ന ഒരു ജനത തലതാഴ്ത്തി ഇരിപ്പിടം വിട്ടുപോയ ദുരന്തദിനം എങ്ങനെയായിരുന്നിരിക്കും...
ആദ്യമായി സ്വന്തം മണ്ണിൽ വിരുന്നെത്തിയ ലോകകപ്പിൽ ചാമ്പ്യൻമാരാകുമെന്ന് ഉറപ്പിച്ച്, അതു കേമമായി ആഘോഷിക്കാൻ വേണ്ടിത്തന്നെയാണ് ബ്രസീൽ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയം റിയോ ഡി ജനീറോ നഗരത്തിെൻറ പ്രാന്തത്തിൽ കെട്ടിപ്പൊക്കിയത്. അതാണ് ആ നാട്ടുകാരുടെ നെഞ്ചിൽ ഇന്നും നീറ്റലുണ്ടാക്കുന്ന കണ്ണീരോർമയായി അന്ന് അവസാനിച്ചത്. പിന്നീടൊരു ലോകകപ്പ് ഫൈനൽ മാറക്കാനയിൽ നടന്നത് 64 വർഷങ്ങൾക്കു ശേഷം. പക്ഷേ, സ്വന്തം ടീം സെമിയിൽതന്നെ തോറ്റു മടങ്ങിയിരുന്നു. ജർമനി-അർജൻറീന ഫൈനൽ കാണാനെത്തിയത് 74,738 പേർ. ആളു കുറയാൻ കാരണം ബ്രസീൽ നേരത്തേ പുറത്തായത് മാത്രമായിരുന്നില്ല. 2010ൽ സ്റ്റേഡിയം നവീകരിച്ച് മനോഹരമാക്കിയപ്പോൾ ഇരിപ്പിട സൗകര്യം 78,838 പേർക്കായി കുറച്ചിരുന്നു.
* * * * * *
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരിക്കൽ കൂടി മാറക്കാനയിലെത്താൻ നിയോഗം. ആദ്യത്തേത് വർണം പെയ്തിറങ്ങിയ ഉദ്ഘാടന കലാവിരുന്നു കാണാനായിരുന്നെങ്കിൽ കാൽപന്തുകളിയെ മനസ്സിലേറ്റുന്ന ഏതൊരാളുടെയും ഉള്ളിലെ അണയാത്ത അഭിലാഷം സഫലമാക്കാനുള്ള അവസരമായിരുന്നു ഇത്തവണ. മാറക്കാനയുടെ പടവിലിരുന്നു ഒരു കളിയെങ്കിലും കാണാൻ ഏതു കായികപ്രേമിയാണ് മോഹിക്കാതിരിക്കുക. അതും ബ്രസീൽ-ജർമനി ഫൈനൽ.
അഞ്ചു തവണ ലോകകപ്പ് നേടിയിട്ടും ഇതുവരെ കൈയിലൊതുക്കാനാവാത്ത ഒളിമ്പിക് കിരീടം സ്വന്തമാക്കാൻ പറ്റിയ അവസരം ഇതുതന്നെയെന്ന് ബ്രസീൽ നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു ആ മത്സരം.
പക്ഷേ, മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടതോടെ പിരിമുറുക്കമായി. കാരണം ഇത് മാറക്കാനയാണ്. 50ലെ ക്രൂരത കാലം ആവർത്തിക്കുമോ. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ഓരോ മനുഷ്യെൻറയും വേവലാതി ശ്ശ്ശ്... എന്ന ശബ്ദമായി അലയൊലിയുണ്ടാക്കി. രണ്ടു വർഷം മുമ്പ് സ്വന്തം മണ്ണിൽ 7-1ന് നാണം കെടുത്തിയ ജർമനിയോട് ബ്രസീലിന് പകരം വീട്ടേണ്ട അവസരമാണ്. ഇതും കൈവിട്ടാൽ മാറക്കാനക്കും ബ്രസീലിനും ഇനിയും കരയാനാവില്ല.
പക്ഷേ, ആ രാത്രി മഞ്ഞപ്പടയുടേത് തന്നെയായി. ഷൂട്ടൗട്ടിലെ അവസാനകിക്ക് നെയ്മർ വലയിലേക്ക് അടിച്ചുകയറ്റിയപ്പോൾ സ്റ്റേഡിയം ഇരമ്പിയാർത്തത് ഭൂകമ്പമായാണ് അനുഭവപ്പെട്ടത്. പ്രസ് ബോക്സിലെ ബ്രസീൽ മാധ്യമപ്രവർത്തകർ എല്ലാം മറന്ന് തുള്ളിച്ചാടി.
ആ ഇരമ്പം പിന്നെയും എത്രയോ കഴിഞ്ഞാണ് അടങ്ങിയത്. മത്സരശേഷം മാറക്കാനക്ക് ചുറ്റുമുള്ള പാതകളിലെ നിയോൺ വെളിച്ചത്തിൽ ബിയറും ബ്രസീലുകാരും ഒഴുകിപ്പരന്ന് വലിയ ചിരിയായി. ആ ചിരിയിലലിഞ്ഞ് ഞങ്ങൾ, മാധ്യമപ്രവർത്തകരും നടന്നു.
* * * * *
ആഗസ്റ്റ് 20ലെ ആ രാത്രി സാക്ഷാൽ നെയ്മർ പന്തുമായി ആടിത്തിമിർക്കുന്നത്, സഹകളിക്കാർക്കൊപ്പം മൈതാനത്ത് ആഹ്ലാദനൃത്തം ചവിട്ടുന്നത്, ബ്രസീൽ ആദ്യമായി ഒളിമ്പിക് വിജയപീഠം കയറുന്നത്, മഞ്ഞയണിഞ്ഞ മാറക്കാന തിരമാലയായി ത്രസിക്കുന്നത്, കളി കഴിഞ്ഞിറങ്ങിയ ആബാലവൃദ്ധം തെരുവിൽ ആടിയും പാടിയും ദേശീയപതാക വീശിയും മതിമറക്കുന്നത്... എല്ലാം എല്ലാം എല്ലാം നേരിൽ കണ്ടതിെൻറ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.