ഫെഡറർ നിങ്ങളും മഹാനാണ്
text_fieldsഇടിക്കൂട്ടിലെ സിഹം മുഹമ്മദ് അലി, ട്രാക്കിലെ വേഗരാജൻ ഉസൈൻ ബോൾട്ട്, ഫുട്ബാളിലെ ഇതിഹാസങ്ങളായ ഡീഗോ മറഡോണയും പെലെയും... ഞങ്ങൾ മഹാന്മാരാണെന്ന് സ്വയം പ്രഖ്യാപിച്ചവരാണ് ഇൗ ഇതിഹാസങ്ങളൊക്കെ. അർഹതപ്പെട്ട അവകാശവാദം അവർക്കു സമ്മാനിക്കാൻ കായിക ലോകം മടിച്ചില്ല. എന്നാൽ, അവർക്കൊപ്പം നിൽക്കാൻ അർഹനായ ഒരാളാണ് റോജർ ഫെഡറർ എന്ന ടെന്നിസ് ഇതിഹാസം. 20ാം ഗ്രാൻഡ്സ്ലാമുമായി നേട്ടങ്ങളുടെ കൊടുമുടിയേറുേമ്പാഴും വിനയത്തോടെ ഫെഡറർ അവകാശവാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറും.
പക്ഷേ, ഇന്ന് ആരാധക ലോകം ഫെഡററെയും മഹാരഥന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ്. ‘ഗ്രേറ്റസ്റ്റ് ഒാഫ് ഒാൾ ടൈം’ (GOAT) എന്ന ഹാഷ്ടാഗിൽ സാമൂഹിക മാധ്യമങ്ങളിൽ സ്വിസ് എക്സ്പ്രസിനെ കായിക ലോകത്തെ ഇതിഹാസങ്ങളുെട പട്ടികയിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ആസ്ട്രേലിയൻ ഒാപൺ ഫൈനലിൽ മരിൻ സിലിചിനെ തോൽപിച്ച് കിരീടമണിഞ്ഞ റോജർ ഫെഡറർ ടെന്നിസ് ആസ്ട്രേലിയക്കു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നു.
അവസാന സെറ്റ് മത്സരത്തിനിറങ്ങുേമ്പാൾ എന്തായിരുന്നു മനസ്സിൽ.
•ജയിക്കാനായി ഒന്നുകൂടി ശ്രമിക്കാമെന്ന് മാത്രമാണ് കരുതിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന് നാല് പോയൻറ് നേടിയ എതിരാളി കരുത്തനാണെന്ന് അറിയാം. അദ്ദേഹത്തിെൻറ താളം മുറിക്കുകയായിരുന്നു ലക്ഷ്യം. നന്നായി സർവ് ചെയ്യാൻ ശ്രമിച്ചു. പരിചയസമ്പത്ത് തുണയായി, ഒപ്പം ഭാഗ്യവും. കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
20 എന്ന നമ്പറിലെ വിശേഷം
•20ൽ വല്ല പ്രത്യേകതയുമുണ്ടോ എന്നറിയില്ല. മത്സരത്തിനിറങ്ങും വരെ അതിനെ കുറിച്ച് ചിന്തിച്ചിട്ടുമില്ല. കളി ജയിച്ചാൽ ആ ദിവസം എങ്ങനെ, തോറ്റാൽ എങ്ങനെ എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. അതിനപ്പുറമൊന്നും ഇന്നലെയും ആേലാചിച്ചിട്ടില്ല. പക്ഷേ, 20 ഗ്രാൻഡ്സ്ലാം എന്നത് ഏറെ വിശേഷപ്പെട്ടതു തന്നെ.
ആറാം ആസ്ട്രേലിയൻ ഒാപണുമായി ദ്യോകോവിചിനും എമേഴ്സനുമൊപ്പം. എന്തുപറയുന്നു?
•ഏറെ വിശേഷപ്പെട്ട നേട്ടമാണിത്. കഴിഞ്ഞ വർഷം നേടിയ കിരീടം നിലനിർത്താനായി. കെട്ടുകഥപോലെ അവിശ്വസനീയമായ യാത്ര തുടർന്നുകൊണ്ടേയിരിക്കും. എമേഴ്സനും നൊവാകും അവരുടേതായ ഉജ്ജ്വല കരിയറിനുടമകളാണ്. അവരുടെ നേട്ടങ്ങളെ ഞാൻ ആരാധിക്കുന്നു. തീർച്ചയായും ജീവിതത്തിലെ അതിവിശിഷ്ട നിമിഷമാണിത്.
36 വയസ്സ്, 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. ഇൗ അഭിനിവേശം എങ്ങനെ നിലനിർത്തുന്നു
•എല്ലാ ടൂർണമെൻറുകളിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. പരിശീലനവും ഞാൻ ആസ്വദിക്കുന്നു. എനിക്ക് ചുറ്റിലും നല്ലൊരു ടീമുണ്ട്. ആഗ്രഹങ്ങൾ സാധ്യമാക്കാൻ അവരും പരിശ്രമിക്കുന്നു. മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരും കൂടെയുണ്ട്. ഭാര്യ മിർകയുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഇൗ ദൈർഘ്യമേറിയ കരിയർ അസാധ്യമായിരുന്നു. പരിശീലനത്തിലും മത്സരങ്ങളിലും അവരുടെ സാന്നിധ്യം ഉൗർജമാണ്. രണ്ടാഴ്ചയിൽ കൂടുതൽ കുട്ടികളെ മാറിയിരിക്കാൻ എനിക്കാവില്ല. കുട്ടികൾക്കും എനിക്കുമിടയിൽ മിർക ഏറെ സഹനമുള്ള വീട്ടമ്മയാവുന്നു.
കളി കഴിഞ്ഞപ്പോൾ എന്തുകൊണ്ടാണ് വല്ലാതെ വികാരാധീനനായത്? ആർപ്പുവിളിച്ച ആൾക്കൂട്ടത്തിെൻറ പ്രതികരണത്തെ കുറിച്ച്? സാക്ഷാൽ റോഡ് ലേവർ പോലും പതറിപ്പോയിരുന്നു.
•നിറഞ്ഞ കണ്ണുകൾക്കിടയിൽ ഞാൻ കരയുന്നതിെൻറ ചിത്രം േറാഡ് ലേവർ പകർത്തുന്നത് കണ്ടില്ല. എന്തുപറയണമെന്ന് ഇനിയും എനിക്കറിയില്ല. വളരെ അനായാസമായാണ് ഫൈനൽ വരെയെത്തിയത്. സെമി പോരാട്ടം പാതിയേ ഉണ്ടായിരുന്നുള്ളൂ. വലിയ പ്രകടനങ്ങളൊന്നും നേരത്തെ കഴിയാത്തതിനാൽ പുറത്തുകാണിക്കാൻ ആവേശം മനസ്സുനിറയെ കിടപ്പുണ്ടായിരുന്നു. അവസാനം വൻ ആരാധക വൃന്ദത്തിനു മുന്നിൽ ട്രോഫി ഏറ്റുവാങ്ങുേമ്പാൾ അങ്ങനെയൊക്കെ സംഭവിച്ചു. പിന്നീട് സംസാരിക്കുേമ്പാഴെങ്കിലും എല്ലാം തണുക്കുമെന്ന് കരുതിയെങ്കിലും അപ്പോഴും നിയന്ത്രിക്കാനായില്ല. ഇത്രയും സംഭവിക്കരുതെന്ന് ചിലപ്പോഴെങ്കിലും ഞാൻ ആഗ്രഹിച്ചുപോയിട്ടുണ്ട്. പക്ഷേ, ജനങ്ങളോട് എെൻറ വികാരം പങ്കുവെക്കാനായതിൽ സന്തോഷവുമുണ്ട്. ഞാൻ വികാരാധീനനായിട്ടുണ്ടെങ്കിൽ അത് അവർക്കു വേണ്ടിയാണ്.
കലാശപ്പോര് എന്തുകൊണ്ടാകും ഇത്തവണ താങ്കളെ കൂടുതൽ ആകുലപ്പെടുത്തിയത്?
•വിശദീകരണത്തിനതീതമാകും ചിലപ്പോൾ കാര്യങ്ങൾ. അതൊരു വികാരമാണ്. ഇത്തവണ തോൽക്കുമെന്ന് എന്തോ എനിക്ക് തോന്നി. മനസ്സ് നിഷേധാത്മകമായതു കൊണ്ടൊന്നുമല്ല അത്. ചുങ്ങുമായി സെമിക്കു ശേഷം എനിക്ക് ഉറക്ക് പോലും ശരിക്ക് വന്നില്ല. സാധാരണ സെമി പോരാട്ടം വാക്കോവറാകില്ല. പുലർച്ചെ മൂന്നു മണിയായിക്കാണും മയങ്ങിയപ്പോൾ. 36 മണിക്കൂറാണ് പിന്നെയും കാത്തിരിപ്പ്. കാത്തിരിപ്പിന് അത് വല്ലാതെ കൂടുതലായിരുന്നു.
പ്രായം 36 ആയി. എതിരാളികൾ പ്രായം കുറവുള്ള കരുത്ത് കൂടിയവർ. ഇനിയും ഇങ്ങനെ തുടരാനാകുമോ?
•സത്യം പറഞ്ഞാൽ അറിയില്ല. ഒരു ധാരണയുമില്ല.12 മാസങ്ങൾക്കിടെ മൂന്ന് ഗ്രാൻഡ് സ്ലാമുകൾ നേടിയിട്ടുണ്ട്. അതുതന്നെ അവിശ്വസനീയം. പ്രായം ഒരു വിഷയമാണെന്ന് തോന്നുന്നില്ല. അത് അക്കങ്ങൾ മാത്രമല്ലേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.